ശശികുമാർ കുന്നന്താനം
പലതരം കൊട്ടകൾ
കേരളീയ പാരമ്പര്യകാർഷികമേഖലയിൽ വ്യാപകമായി ഉപയോഗിച്ചുവരുന്ന വളരെ ഭംഗിയുളളതും സൗകര്യപ്രദവുമായ ഒരുതരം നീണ്ട വലിയ കൊട്ടയാണ് കോരുകൊട്ട. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ നെല്ല് അളക്കുന്നതിനും പത്തായത്തിൽ നിറയ്ക്കുന്നതിനും കോരുന്നതിനും ഈ കൊട്ട ഉപയോഗിക്കുന്നു. അതിനാലാണ് കോരുകൊട്ട എന്ന പേരിൽ പരക്കെ അറിയപ്പെടുന്നത്. കീഴാള സാംസ്കാരികധാരയും ഗോത്രസ്വഭാവവും സമന്വയിക്കുന്ന നാടൻ കൈവേലകളുടെ ശക്തമായ തിരിച്ചറിവാണ് കേരളത്തിലെ നെയ്ത്തു കെട്ടിനെക്കുറിച്ചുളള അന്വേഷണം. പുഞ്ചയിറമ്പിലും പുഴയുടെ തീരങ്ങളിലും സാധാരണയാ...