റീനി മമ്പലം
ശിശിരം
പെട്ടിയിൽ നിന്ന് അപ്പന്റെ വസ്‌ത്രങ്ങൾ വെളിയിലെടുക്കുമ്പോൾ ഉറഞ്ഞുകൂടിയ ദുഃഖം തൊണ്ടയിൽ കുടുങ്ങിനിന്നു. വേദപുസ്‌തകവും കൊന്തയും കട്ടിലിനരികിലുള്ള ചെറിയ മേശപ്പുറത്തുവച്ചു. പരിചയമുള്ള വസ്‌തുക്കൾ അടുത്തുതന്നെയിരിക്കട്ടെ. ശിശിരകാലം സുഖമുള്ള തണുപ്പുമായി എത്തിയിരുന്നു. പച്ചപ്പ് നഷ്‌ടപ്പെട്ട് വിടപറയുന്നയിലകൾക്ക് ചുവപ്പും മഞ്ഞയും ഓറഞ്ചും നിറങ്ങൾ. കൊഴിഞ്ഞു വീഴുന്ന ഇലകൾ നേഴ്‌സിങ്ങ്‌ഹോമിലെ വൃദ്ധസമൂഹത്തെ ഓർമ്മിപ്പിച്ചു. ഊന്നുവടികളുമായി, വോക്കറുകൾ ഉന്തി, ജീവിതം മുന്നോട്ടിഴച്ചുകൊണ്ടുപോകുന്ന വാർദ്ധക്യക...