രാജേഷ്. ആർ. വർമ്മ
ഞാവൽപ്പഴങ്ങൾ
വെയിലിനുതാഴെ ചുട്ടുപഴുത്തുകിടന്ന നഗരം ഉത്സവത്തിന്റെയും വ്യവസായമേളയുടെയും തിരക്കിലായിരുന്നു. ഗൗതമൻ പത്രമാഫീസിന്റെ ഗെയ്‌റ്റ് കടന്ന് ടാറുരുകിയ റോഡിലൂടെ നടന്നു. മൈതാനത്തിൽ ആൾക്കൂട്ടം ആകർഷണങ്ങൾക്കു ചുറ്റും ചിതറിനിന്നു. മൈതാനം മുറിച്ച് കടക്കുന്ന ഗൗതമൻ കടന്നുപോയ ചെറിയ ഒരാൾക്കൂട്ടം തീറ്റയുടെ തിരക്കിലായിരുന്നു. ചെറിയ കറുത്ത പഴങ്ങൾ വിൽക്കുന്ന ഒരു കച്ചവടക്കാരനു ചുറ്റും ചിലർ കൂടി നിന്നു. വിശക്കുന്നവർ, വിലപേശുന്നവർ. ചെറിയ കടലാസുപൊതികളിൽ നിന്ന് പഴങ്ങൾ തിന്നുന്നവർ അവിടെത്തന്നെ തങ്ങിനിന്നു. കച്ചവടക്കാരൻ പ...