രാജൻ ആന്റണി
ഒരു പുളിമരത്തിന്റെ കഥ
പുളിമരത്തിന്റെ തണലിലും തണുപ്പിലും കുന്തിച്ചിരുന്ന്, അല്ലേശു വല്യപ്പൻ ബീഡി വലിച്ചു. വിയർപ്പിൽ കുതിർന്നുപോയ തെറുപ്പു ബീഡി കത്തിച്ചെടുക്കാൻ ഒരുപാടു ബുദ്ധിമുട്ടി. രണ്ടു കവിൾ പുക നെഞ്ചിലേക്ക് വലിച്ചു കയറ്റാൻ അതിലേറെ ബുദ്ധിമുട്ടി. എന്നിരുന്നാലും ബീഡി വലിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഉന്മേഷം തോന്നി. പുളിമരത്തോടു ചേർത്ത് വച്ചിരുന്ന തുണിസഞ്ചിയിലേക്കു നോക്കിയപ്പോൾ, വല്ലാത്തൊരു സംതൃപ്തിയും സന്തോഷവും ഉണ്ടായി.
രാവിലെ പള്ളിയിൽ കുർബാന കഴിഞ്ഞപ്പോൾ തുടങ്ങിയ അദ്ധ്വാനമാണ്. പുളിമരത്തിനു ചുവട്ടിൽ ചിതറി ...