പ്രൊഫ.ചെറുകുന്നം പുരുഷോത്തമൻ
യുവത്വവും സാമൂഹ്യപുരോഗതിയും
യുവത്വം മനസ്സിന്റെ ഗുണമാണ്, ശരീരത്തിന്റേതല്ല എന്ന് പ്രൊഫ.ജി.വെങ്കിട്ടരാമൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. യൗവനം പ്രായത്തിന്റെ പരിധിയിലൊതുങ്ങുന്നില്ല. ഏതു പ്രായത്തിലും, കാലത്തിലൂടെ ശരീരം എത്ര മുമ്പോട്ടുപോയാലും യൗവനം നിലനിർത്താൻ കഴിയും. ചെറുപ്പക്കാരിൽ പലരും യൗവനത്തിന്റെ ചൈതന്യം നിലനിർത്തുന്നില്ല. അറുപതുകഴിഞ്ഞ ചിലരെങ്കിലും യൗവന സഹജമായ ഗുണങ്ങൾ വിദ്യോതിപ്പിക്കുന്നതായും കാണാം. 79-ാമത്തെ വയസ്സിൽ വധിക്കപ്പെട്ട മഹാത്മാഗാന്ധി ജീവിതാന്ത്യംവരെ യൗവനത്തിന്റെ പ്രസരിപ്പ് പ്രകടിപ്പിച്ചുപോന്നു. തന്നെ മുട്ടിക്കടന്...