നിർമ്മല എ.പിളള
വയൽപ്പച്ച മറക്കുന്ന മലയാളികൾ
ഞാൻ ജനിച്ചതും വളർന്നതും കൊല്ലം ജില്ലയിലെ പ്രകൃതി മനോഹരമായ ഒരു കൊച്ചുഗ്രാമത്തിലാണ്. ചെറുപ്പകാലത്ത് ഞാനും എന്റെ കൂട്ടുകാരും കർഷകതൊഴിലാളികൾക്കൊപ്പം വയലുകളിൽ കൃഷിപ്പണികളിൽ ഏർപ്പെടുമായിരുന്നു. വിത്തുവിതയ്‌ക്കാനും ഞാറു നടാനും കളപറിക്കാനും വിളഞ്ഞ നെൽച്ചെടികൾ അരിവാളാൽ കൊയ്‌ത് കറ്റകളാക്കുവാനും പിന്നെയത് മെതിക്കുവാനും വൈക്കോൽ ഉണക്കുവാനും ഉണങ്ങിയ വൈക്കോൽ അടുക്കി കൂന ഉണ്ടാക്കുവാനും എല്ലാം ഞങ്ങൾക്കറിയാമായിരുന്നു. എങ്കിലും വയലിലെ കഠിനജോലികൾ ഞങ്ങൾക്ക് ഏറെ താത്‌പര്യമില്ലായിരുന്നു, എന്നാൽ ഞണ്ടുകളുടേയും മ...