എം. പി അബ്ദുസ്സമദ് സമദാനി
ആത്മാവിന്റെ സല്ലാപങ്ങള്‍
സാമൂഹികമായ ഉല്‍ക്കര്‍ഷത്തില്‍ സാഹിത്യത്തിനും അതിന്റെ മുഖ്യരൂപമായ കവിതക്കും സുപ്രധാനമായ പങ്കാണ് വഹിക്കാനുള്ളത്. മാനവചരിത്രത്തിന്റെ വിവിധഘട്ടങ്ങളില്‍ സംജാതമായ പ്രബുദ്ധതയുടേയും നവോത്ഥാനത്തിന്റേയും പ്രക്രിയകള്‍ക്ക് പിറകില്‍ ഈ പങ്ക് പ്രകടമായി കാണാന്‍ കഴിയും. സമൂഹമനസ്സിനെ സംസ്ക്കരിക്കാനും സമുദ്ധരിക്കാനും സാധിക്കുമ്പോഴാണ് സാഹിത്യത്തിന്റെ പരമമായ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നത്. കലയും സാഹിത്യവും ജീവിതത്തോട് അഭേദമാം വിധം ബന്ധപ്പെട്ടിരിക്കുന്നു. നിലവിലുള്ള ജീവിതത്തെ ആവിഷ്ക്കരിക്കുന്നതോടൊപ്പം ആര...