മീര ആലപ്പാട്ട്
ഇൻക്വിലാബ്
നക്ഷത്രങ്ങളെ നോക്കിനിൽക്കാൻ എനിക്കിഷ്‌ടമായിരുന്നു. ദൂരേ വിഹായസ്സിൽ ആത്മാക്കളുടെ പുഞ്ചിരിപോലെ മിഴിചിമ്മുന്ന താരകങ്ങളെ കാണുമ്പോൾ മനസ്സിൽ അച്‌ഛന്റെ മുഖമായിരുന്നു. കാലപരിണാമത്തിൽപെടാതെ എല്ലായുഗങ്ങളിലും മരണം വരിച്ചവരുടെ ഓർമ്മയായി നക്ഷത്രങ്ങൾ പൂത്തുനിൽക്കുന്നതിനെക്കുറിച്ച് വെറുതെയെങ്കിലും ചിന്തിച്ചുപോയി. കുറെ വർഷങ്ങൾക്കുശേഷം, നാളെ രാത്രിയിൽ നക്ഷത്രങ്ങളെ കാണാൻ കഴിയുമെന്നൊരു പ്രതീക്ഷയുണ്ടെനിക്ക്. ഇരുട്ടും നിശ്ശബ്‌ദതയും നിറഞ്ഞ ഇവിടുത്തെ രാത്രികൾ. സിമന്റ് കിടക്കയുടെ പരുപരുത്ത പ്രതലം സൂചിമുനയുടെ സ്...