മാനസി ദേവി
തിര്യക്കുകൾ
എന്തോ ശബ്‌ദം കേട്ടാണ് ഞാൻ ജനൽ തുറന്നത്. അടുത്ത വീട്ടിലെ വല്യപ്പന്റെ ഇടറിയ ശബ്‌ദത്തിലുളള അലർച്ചയും മുക്കലും. കമ്പിയോ തടിയോ കൊണ്ട് തറയിൽ അടിക്കുന്ന ശബ്‌ദം. തല്ലുകൊണ്ട പൂച്ചയുടേതുപോലെ ദയനീയമായ കരച്ചിൽ. ‘എന്താദ്’, ‘ഒന്നു പിടിക്കെടീ’, ‘വല്യണ്ണനേ വിളി’, ‘എന്റമ്മാമ്മേ’ എന്നൊക്കെ ഒരു കൂട്ട ബഹളം. പൊന്നപ്പൻ ചെട്ടിയാരെന്ന വല്യപ്പന്റെ മൂത്തമരുമകൾ ദമയന്തി ബ്ലൗസിനുമീതെ ഒരു തോർത്തുപോലും എടുത്തിടാതെ നിന്നവേഷത്തിൽ ഇറങ്ങിയോടുന്നതുകണ്ടു. വഴക്കു വല്ലതുമാണോ, അതോ? ഇത് നഗരമാണ്. അയൽപക്കത്തെ രഹസ്യങ്ങളറിയാൻ ഉത്...