എൽ. തോമസ്‌കുട്ടി
കാക്കാരിശ്ശിനാടകംഃ കളിത്തട്ടും ആട്ടച്ചിട്ടയും
‘കൊയ്‌ത്തുകഴിഞ്ഞ പാടങ്ങളിലായിരുന്നു കാക്കാരിശ്ശിയുടെ അരങ്ങേറ്റം’ കേരളത്തിന്റെ തനതു രംഗകലകളിൽ ഒന്നാണ് കാക്കാരിശ്ശിനാടകം. തെക്കൻകേരളത്തിലാണ് ഈ കലയ്‌ക്ക് കൂടുതൽ പ്രചാരം ലഭിച്ചിട്ടുളളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇപ്പോഴും ഈ നാടകം അവതരിപ്പിച്ചുവരുന്നു. കാക്കാലനാടകം, കാക്കാലച്ചിനാടകം, കാക്കാർശ്ശിനാടകം, കാക്കാരുകളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. കാക്കാലസമുദായക്കാർ അവതരിപ്പിച്ചിരുന്ന നാടകമായതിനാലാണ് ഈ പേരു വന്നതെന്ന് സ്‌ഥിരീകരിക്കപ്പെടാത്ത ഒര...