കെ.എസ്.കെ.തളിക്കുളം
കവിയോട്
ഇവനു പാടുവാൻ രചിക്കുമോ കവേ, ഭവാനൊരു നവമനോഹരഗീതം? പഴിക്കയല്ല ഞാൻ - പലപ്പൊഴും മുമ്പു പലരും പാടിയ പഴയ പാട്ടുകൾ; ലളിതകോമളപദാവലികളി- ലൊളിച്ചുവച്ചെന്നെച്ചതിക്കാൻ നോക്കണ്ട. മുറയ്‌ക്കലങ്കാരം നിറച്ചാലായതിൽ ഭ്രമിക്കും ഞാനെന്നു നിനയ്‌ക്കയും വേണ്ട. മതിമുഖിയുടെ മൃദുലഹാസത്തിൽ പൊതിഞ്ഞതിന്നൊരു പുതുമ ചേർക്കേണ്ട. ഇവനു പാടുവാൻ രചിക്കുമോ കവേ, ഭവാൻ സ്വതന്ത്രനായൊരു നവഗീതം? അതു കേട്ടാലെന്റെ സിരകളിൽക്കൂടി- യതിവേഗം രക്തം തിളച്ചു പായണം; ഉടനിവൻ ധീരഹൃദയാവേശത്താ- ലടിമച്ചങ്ങല മുറിച്ചെറിയണം. ...