കെ.എസ്. അജയകുമാർ
ചെറുകഥഃ കഥയും കാര്യവും
ഒരു പുതുരാഷ്ട്രത്തിന്റെ സൃഷ്ടിക്രിയക്കിടക്ക്, തിരക്കുപിടിച്ച ജീവിത നിർമ്മിതിയിൽ, സൗന്ദര്യാസ്വാദനത്തിന്റെ ചെറിയ കാലങ്ങൾക്ക് തൃപ്തി പകരാൻ സാഹിത്യരംഗത്ത് ഉണ്ടായ പുതിയ പ്രവണതയാണ് ചെറുകഥ. കഥ പണ്ടേ ഉണ്ട്; ചെറുകഥയും. ഒരാൾ മറ്റൊരാളോട് വിവരണം നടത്തുവാൻ തുടങ്ങിയതുമുതൽ കഥകളും ചെറുകഥകളും ഉപകഥകളും ഉണ്ടായി. എന്നിരുന്നാലും സാഹിത്യ പ്രസ്ഥാനങ്ങളുടെ തറവാട്ടിൽ പിറന്നുവീണ ചെറുകഥയ്ക്ക് ഈറ്റില്ലമായത് അമേരിക്കയാണ്. അമേരിക്ക എന്ന നവലോകം രൂപകല്പന ചെയ്യുമ്പോൾ ത്വരിതപ്പെടുന്ന പ്രവൃത്തി മണ്ഡലങ്ങളിൽ കിട്ടുന്ന...