കെ.കെ.കൊച്ച്
ചിതയിലുയർന്ന വെളിച്ചം
മുപ്പത് വർഷങ്ങൾക്ക് മുമ്പൊരു മഴക്കാലം തൊഴിലും വരുമാനവുമില്ലാതെ എറണാകുളത്ത് ഞാൻ, ചില സുഹൃത്തുക്കളുടെ ആശ്രിതനായി കഴിയുകയായിരുന്നു. ഒരു ദിവസം പോസ്‌റ്റ് മെട്രിക് ഹോസ്‌റ്റലിൽവച്ച് ഉറക്കമുണർന്നതു മുതൽ അകാരണമായ ഭീതിയും അസ്വാസ്ഥ്യവും എന്നെ ബാധിച്ചു. കടുത്ത ദുരന്തത്തിലകപ്പെട്ട അനുഭവം. ഉച്ചവരെയും നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞു നടന്നു. നിമിഷംതോറും പെരുകിപ്പെരുകിവരുന്ന മനഃക്ലേശത്തിന് കീഴ്‌പ്പെട്ടതോടെ തലയോലപ്പറമ്പിൽ, അമ്മാവന്റെ വീട്ടിലേക്ക് പോകാനുറച്ചു. കയ്യിൽ വണ്ടിക്കൂലി കഴിച്ചാൽ കുറച്ചു പൈസയേ ബാക്കിയു...