കെ.ഷെരീഫ്
മഴവെയിലിനൊപ്പം കേളുവേട്ടൻ മണികിലുക്കിയെത്തുമ്പോൾ
തലച്ചിറപ്പറമ്പത്ത് കേളുപ്പണിക്കർ എന്ന ‘പെരുമലയൻ’ കേളുവേട്ടൻ ഞങ്ങളുടെ നാടിന്റെ ഓർമകളുടെയും ഋതുക്കളുടെയും ഒരു അടയാള മരമാണ്. മഴയുടെ ഉളളിൽ നിന്ന് ഓരോരോ കാലത്ത് മുരിക്ക് പൂക്കുംപോലെ ചോപ്പു കെട്ടി കേളുവേട്ടൻ പുറത്തിറങ്ങിവരും. ചെമ്പകമരങ്ങൾ പൂത്തു കൊഴിയുന്ന മകരമാസത്തിന്റെ പാതിരാവുകളിൽ ഗുളികനായും കരിങ്കുട്ടിച്ചാത്തനായും ഉറഞ്ഞാടി നാടിളക്കുമ്പോഴും, കർക്കടകത്തിന്റെ ദുരിതങ്ങളെ പാടിയാട്ടാനായി ‘ഉടുക്കുമുട്ടി’ ചെത്തുമ്പോഴും, പൂവിന്റെ കിരീടം വെച്ച് ചോന്ന മുണ്ടുടുത്ത്, കുരുത്തോലയിൽ ചെമ്പരത്തിപ്പൂക്കൾ കെട്...