കെ. രാജശ്രീ
പൊനവൈദ്യം
കാവേരി നദിക്കിപ്പുറം മാത്രമേ പൊനംകൃഷി പാടുളളൂവെന്നാണ് കാസർഗോഡുജില്ലയുടെ കിഴക്കൻ മേഖലയിലെ വിശ്വാസം. ‘കാവേരിയമ്മയുടെ മണ്ണിൽ കരിച്ചു വാളിക്കൂട, കലക്കി വെതച്ചൂട’ എന്നാണ് നാട്ടുമൊഴി. തലക്കാവേരിയിലും ഭാഗമണ്ഡലത്തും പിടിക്കാനെത്തും മടിക്കേരിയിലും പൊനംകൃഷിയില്ലത്രേ. മകരം പത്തിനാണ് പൊനംപണിയുടെ ആരംഭം. വെട്ടിക്കൂട്ടിയ കാടിന് തീയിട്ട് കിളച്ചു വൃത്തിയാക്കി കുംഭമാസത്തോടെ നിലമൊരുക്കുന്നു. പൊനമണ്ണ് നിരപ്പാക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്നത് ‘പരുവ’യെന്ന പണിയായുധമാണ്. ചിലപ്പോൾ കാളയെ പൂട്ടും. എങ...