ജോസ് പാഴൂക്കാരൻ
വഴിക്കണ്ണ്
ഇരുട്ട് ഒരലർച്ചയോടെ അന്ധകാരത്തിന്റെ ഏതോ ഗർത്തത്തിലേക്ക് കാറടക്കം പതിച്ചു. മദപ്പാടിന്റെ ഏതോ നിമിഷത്തിൽ റോഡിനു നടുവിലെ ടിവൈഡറിൽത്തട്ടിത്തകർന്ന കാർ ഒരു പമ്പരംപോലെ തിരിഞ്ഞും മറിഞ്ഞും വയൽ നടുവിലെ കലുങ്കിനടിയിലേക്ക് കൂപ്പുകുത്തി. ഉഷ്‌ണം കൊളുത്തിയ പകലിനെ തണുപ്പിക്കാൻ മഞ്ഞിന്റെ നേർത്ത പുകമറ ഇരുളിനെ പുതപ്പിച്ചിട്ടുണ്ട്. മദ്യത്തിന്റെ കെട്ടൊഴിഞ്ഞ് അബോധത്തിന്റെ കരംതട്ടി മാറ്റി ഇരുന്നമർന്ന സീറ്റുബെൽറ്റിൽ സ്വന്തം ശരീരത്തെ കുടഞ്ഞുണർത്തി. എന്താണ് സംഭവിച്ചത്? നാളെ രാവിലെ പത്തുമണിക്ക് ബാംഗ്ലൂരെത്തണമെങ...