ജോബിച്ചൻ
പളനിച്ചാമിയുടെ ജീവചരിത്രത്തിൽ നിന്ന്….
കണ്ണടയ്‌ക്കുമ്പോൾ എന്റെ മുന്നിലൂടെ പളനിച്ചാമി ആടിയാടി നടക്കുകയാണ്. ഉറക്കം വരാതെ ഞാൻ കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് പല കോണുകളിലൂടെയും പളനിച്ചാമിയുടെ നടത്തവും വശങ്ങളിലേക്കുളള ചെരിയലും ശ്രദ്ധിച്ചു. പളനിച്ചാമിയെക്കുറിച്ച് വ്യാകുലപ്പെടേണ്ട യാതൊരു കാര്യവും എനിക്കില്ല. എന്നിട്ടും... പളനിച്ചാമിയെ ആദ്യമായിട്ട് കാണുന്നതുപോലും ഇന്നലെയായിരുന്നു. നഗരത്തിലെ പ്രശസ്തമായ വർക്കീസ് സൂപ്പർ മാർക്കറ്റിന്റെ നീണ്ട വരാന്ത. കട തുറന്നിട്ടില്ലായിരുന്നു. തങ്ങളെ പണിക്കു വിളിക്കുന്നതും കാത്ത് കുറെ മനുഷ്യർ...