ടോം കുര്യൻ
ഡിമോയിനിലെ മഴയില്‍ കുറച്ചു ദൂരം
ജോലി ചെയ്യുന്ന വെൽസ് ഫാർഗോ ബാങ്കിന്റെ പാര്‍ക്കിങ് കുറച്ച് അകലെയാണ്. ഏതാണ്ട് പത്തു മിനിട്ട് നടക്കണം ഓഫീസ് കെട്ടിടത്തിലേക്ക്. മഴക്കോട്ടെടുത്തപ്പോള്‍ തൊപ്പി മനപ്പൂര്‍വ്വം എടുത്തില്ല. റോഡു നിറച്ച് വണ്ടികളാണ്. മൂന്നു നിരകളിലായി. കനത്ത മഴയായതിനാല്‍ പതുക്കെയാണു പോകുന്നത്. മറുവശത്ത് എതിരെ പൊകുന്ന വണ്ടികളില്‍ വൈപ്പര്‍ ഉണ്ടാക്കുന്ന ഓളങ്ങൾ കാണാം. മുന്നിലെ കണ്ണാടിയിലെ വെള്ളപ്പൊക്കം കാണാന്‍ വൈപ്പർ മന്ദഗതിയിൽ ആക്കി. പുറത്തേക്കു കാണാൻ പ്രയാസമായപ്പോൾ വേഗത കുറഞ്ഞ നിരയിലേക്ക് മാറി.
ഫ്ള...