ഹരിനാരായണൻ മുല്ലമംഗലം
നാട്ടുമാവുകൾ
കണ്ണിമാങ്ങ മുതൽ പഴുത്തമാങ്ങവരെയുളള ഓരോ ഘട്ടത്തിലും മാങ്ങയെ നമ്മൾ ഉപയോഗപ്പെടുത്തുന്നു. പാൽപ്പല്ലുപോലും വരാത്ത കുട്ടികൾക്കുകൂടി മാങ്ങാച്ചാറ് കൊടുക്കാമെന്നുളളപ്പോൾ, പല്ലുകൊഴിഞ്ഞ് ഇഹലോകവാസമവസാനിപ്പിക്കുന്നവർ മാവിൻ വിറകെരിഞ്ഞതിന്റെ ജ്വാലയിലും പുകയിലും ചൂടിലുമലിഞ്ഞാണ് പരലോകത്തേയ്‌ക്കുയരുന്നത്. ‘അണ്ട്യോളമെത്ത്യാലേ മാങ്ങേടെ പുളിയറിയൂ’, ‘മക്കളെക്കണ്ടും മാമ്പൂവു കണ്ടും കൊതിക്കരുത് ’ തുടങ്ങിയ പഴഞ്ചൊല്ലുകളിലെ സത്യസ്‌പർശമേറ്റ തനിമ അവയെ ജീവിതഗന്ധികളാക്കുന്നു. മാമരവും മാന്തളിരും മാന്തണലും തേൻമാവും അതുക...