ജി സോമനാഥന്‍
പഴഞ്ചൊല്ലില്‍ പതിരില്ല
പഴഞ്ചൊല്ലില്‍ പതിരില്ല എന്ന് അറിവുള്ളവര്‍ പറയുന്നതു കേള്‍ക്കാറില്ലേ? അതുകൊണ്ട് അവര്‍ ഉദ്ദേശിക്കുന്നതെന്താണ്? പഴഞ്ചൊല്ലുകളില്‍ പറയുന്ന കാര്യങ്ങള്‍ പുരാതനങ്ങളെങ്കിലും അവ അര്‍ത്ഥവത്തും ആധുനിക ജീവിതത്തില്‍ പോലും സത്യവത്തുമാണെന്നത്രെ. ജീവിത വിജ്ഞാനം ചെപ്പിലടച്ചു സൂക്ഷിക്കുന്നവയാണു പഴഞ്ചൊല്ലുകളില്‍ ഒട്ടുമിക്കതും. കാലമെത്ര ചെന്നാലും തിളക്കം കുറയാതെ നില്‍ക്കുന്ന ഈ ചൊല്ലുകളില്‍ പലതിന്റെ പുറകിലും രസകരവും പഠനാര്‍ഹങ്ങളുമായ കഥകള്‍ കെട്ടുപിണഞ്ഞു കിടക്കുന്നുണ്ട്. ഫലിതവും പരിഹാസവും സത്യവും സന്മാര്‍ഗ്ഗവും ലക്ഷ്...