ഇ.പി. രാജഗോപാലൻ
ആദ്യവായന
ഭാഗ്യം കുറഞ്ഞ വാക്കാണ് ‘സ്വസ്ഥം’ എന്നത്. അതിന്റെ എതിർവാക്കിനാണ് കൂടുതലുപയോഗം. സ്വയം വേണ്ടത്ര തെളിഞ്ഞുകിട്ടാത്ത ജീവിതപ്രയാസങ്ങളുണ്ടാക്കുന്ന മാനസികവും ശാരീരികവുമായ നിലകളെക്കുറിച്ച് പറയാൻ മലയാളികളായ നാം എളുപ്പത്തിലുപയോഗിക്കുന്ന വാക്കാണത്. ‘അസ്വസ്ഥം’ എന്ന വാക്കുപയോഗിക്കാത്ത മലയാളികൾ ഇന്ന് ഇല്ല-അത്രമേൽ പരിക്ഷീണമായിരിക്കുന്നു നില. ഒരു ദേശീയപദമായി അത് സ്ഥിരപ്പെട്ടിരിക്കുന്നു. വ്യക്തിപരമായ ഒന്നായി ‘അസ്വസ്ഥം’ എന്നു പറയുന്നവർ ഉണ്ട്. അവരാണ് എണ്ണത്തിൽ കൂടുതൽ. എന്നാൽ കവിതയ്‌ക്ക് വ്യക്തിപരമായ എഴുത്...