ഡോ. എം.എൻ. രാജൻ
അയ്യപ്പപ്പണിക്കർ ജീവിതരേഖ
മലയാളത്തിന്റെ ഭാരതീയകവിയും ഭാരതത്തിന്റെ ലോകകവിയുമാണ് അയ്യപ്പപ്പണിക്കർ. അനുക്രമമായ ഈ വളർച്ചയുടെയും പരിണാമത്തിന്റെയും പിന്നിൽ അരനൂറ്റാണ്ടിലേറെ നീണ്ട കാവ്യരചനയുടെ നീറുന്ന നക്ഷത്രവീര്യമുണ്ട്. മലയാളകവിതയുടെ ചരിത്രവുമായി ബന്ധിപ്പിച്ച് അയ്യപ്പപ്പണിക്കരുടെ കവിതയെ പരിശോധിക്കുവാൻ തെളിഞ്ഞുവരുന്ന വസ്‌തുത ഇരുപതാംശതകത്തിന്റെ ഉത്തരാർദ്ധത്തിൽ മലയാളകവിത സഞ്ചരിച്ചതും അനുഭവിച്ചതുമായ വൈവിധ്യപൂർണ്ണമായ എല്ലാ അവസ്ഥകളുടെയും പ്രതിനിധാനങ്ങൾ അവയിലുണ്ടെന്നതാണ്. അതിനർത്ഥം പണിക്കരുടെ കവിത ഏകമുഖമായി സഞ്ചരിച്ച കാവ്യാശ്വമ...