ഡോ. എം. ഷാജഹാൻ
നിറക്കൂട്ടുകളിലെ മരണം
വല്ലാത്ത ഉഷ്‌ണം. അയാൾ ജനൽ തുറന്നിട്ടു. വരണ്ടതെങ്കിലും ഒരു ചെറിയ കാറ്റ് ഉളളിലേക്കു കയറി. മരത്തണലിൽ ആ താടിക്കാരൊക്കെ അവിടെത്തന്നെയുണ്ട്. പുകയൂതി വിട്ടും, ചാരിനിന്നും ഇരുന്നുംകൊണ്ട് അവർ ആകാംക്ഷയോടെയും അക്ഷമയോടെയും സമയം തളളിനീക്കുകയാണ്. അയാളും. പുകയൊന്നും ഊതിവിടുന്നില്ലെങ്കിലും അയാളുടെ ഉളളവും അസ്വസ്ഥതകളാൽ പുകയുകയായിരുന്നു. ഉലഹന്നാനും വർമ്മസാറും എപ്പോഴാണോ വരിക? അവർ വരാതെ തനിക്കെന്തു ചെയ്യാൻ കഴിയും? സന്ധ്യയ്‌ക്കാണ് പരിപാടി. ഹാളിൽ സ്‌റ്റേജിന്റെ അവസാനമിനുക്കുപണികൾ നടക്കുന്നേയുളളൂ. ധാരാള...