ബിന്ദു ടിജി
നീയും ഞാനും
എന്നിൽ ഉമിക്കനലായി എരിയുന്ന നീ
ശാശ്വതദീപ്തിയാണെന്നറിയവേ
അത് ഞാൻ ഊതി പെരുപ്പിക്കയാണ്.
എന്തിനിങ്ങനെ
ഒരാളോട് മാത്രം ഇത്രമേൽ കൂറ്
ഒച്ചയനക്കങ്ങൾ ഇല്ലാതെ
ഒളിച്ചും പാത്തും
എത്തുമെന്നോർക്കുവതെന്തിന്.
നിൻ മുഖാരവിന്ദ ദർശനം
മോഹിച്ചെത്രയോ ചിത്രങ്ങൾ
കോറി വരച്ചു ഞാൻ
ഒരു തൂവെള്ള തൂവാല കരുതി
കാത്തു കാത്തങ്ങനെ ..
വരകളിലും വാക്കുകളിലും
ഒന്നും പിടി തരാതെ
എവിടെയോ മറയുകയാണ് നീ
പിന്നെ ഈ ഞാനും.