ബിജു. കെ, സി.എസ് സുമേഷ്
ഉദിനൂർ എന്ന പെരുന്തട്ടകം
എത്രമേൽ ശ്രമിച്ചാലും വാക്കുകൾക്കൊണ്ട് സാക്ഷ്യപ്പെടുത്തുക സാധ്യമല്ല, അവരുടെ ആത്മാർത്ഥതയെ. നിരന്തരമായ ആത്മസംസ്‌കരണത്തിനുള്ള ഒരു ഉപാധിയായി നാടകത്തെ ജീവശ്വാസത്തിനൊപ്പം കാത്തുസൂക്ഷിക്കുന്ന ആൾക്കൂട്ടത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുക? ആലങ്കാരിക പ്രയോഗങ്ങളുടെ അർത്ഥശൂന്യതയായി നിങ്ങളോരോരുത്തരും തെറ്റിദ്ധരിച്ചേക്കും, പക്ഷേ നേരനുഭവത്തിന്റെ ഏറ്റുവാങ്ങലിലൂടെ മാത്രമേ ഈ നാടിനെ നിങ്ങൾക്ക് പൂർണ്ണമായും മനസിലാക്കുവാൻ കഴിയൂ. കാസർകോട് ജില്ലയിലെ ഉദിനൂർ എന്ന ഗ്രാമമാണ് അമേച്വർ നാടകവേദിയിലെ ജീവസുറ്റ ശ്രമങ്ങളിലൂടെ ക...