അൻവർ അബ്‌ദുളള
അലിഗഡിൽ ഒരു പശു
അലിഗഡിൽ ഒരു പശു എന്ന ഈ കഥ ഒരു ചരിത്ര സംഭവമാണ്. ഒരുപക്ഷേ, ഇതിൽ അർധസത്യമേ ഉണ്ടായിരിക്കൂ. അങ്ങനെയെങ്കിൽ ഇത് പാതി ചരിത്രവും പാതി കഥയുമായിരിക്കും. അല്ലെങ്കിൽ ഇതിൽപ്പറയുന്ന കാര്യങ്ങൾ പൂർണ്ണമായും അസത്യവും ഒരാളുടെ തികഞ്ഞ സങ്കല്പനവും മാത്രമാകാം. അങ്ങിനെയെങ്കിൽ ഇത് എവിടെയും ഒരു കടുകുമണി വ്യത്യാസം പോലുമില്ലാതെ ഒരു കഥ മാത്രമായി നിലകൊളളും. ഇനി മൂന്നാമതൊരു സാധ്യത കൂടിയുണ്ട്. ഇത് അക്ഷരംപ്രതി സത്യവും അണുവിട മാറ്റമില്ലാതെ സംഭവിച്ചതുമായിരിക്കാം. അപ്പോൾ ഇതിനെ ആദ്യം വിശേഷിപ്പിച്ചതുപോലെ, അല്ലെങ്കിൽ അതിനേക്ക...