ആര്‍സി പോള്‍
വിശപ്പ്
സ്വർഗ്ഗത്തിലിരിക്കുന്ന ദൈവത്തിന് അന്ന് വിശന്നു. (അന്ന് ഹർത്താലോ പണിമുടക്കോ ആയിരിക്കണം.) ദൈവത്തിന്റെ വിശപ്പ് താഴെ ഭൂമിയിലേക്കിറങ്ങി. ആശുപത്രിവരാന്തയിൽ കിടന്നിരുന്ന ഒരുമ്മയുടെയും അഞ്ച് മക്കളുടെയും ആമാശയത്തിൽ കടന്ന് ബഹളംകൂട്ടാൻ തുടങ്ങി. മക്കൾ ആശുപത്രിയിൽ നിന്നു കിട്ടുന്ന ബ്രഡ്‌ഡിനും ബിസ്‌ക്കറ്റിനും വേണ്ടി തല്ല് കൂടി. കിട്ടിയതെല്ലാം കൂടി വാരി വിഴുങ്ങി ബഹളം അടിച്ചമർത്തി. ഉമ്മ മൂത്രമൊഴിക്കാൻ പോയപ്പോൾ ബാത്‌റൂമിലെ ലോഹപൈപ്പിൽ നിന്നും ചുണ്ടുചേർത്തുവച്ച് കുറെവെളളവും വലിച്ചുകുടിച്ചു. ക്ലാവ് പിടിച്...