എഴുത്തിൽ വാക്കിനെ സൂക്ഷ്മതയോടെ ഉപയോഗിച്ച കവിയാണ് ആറ്റൂർ രവിവർമയെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. സമസ്ത കേരള സാഹിത്യ പരിഷത്ത്, അയനം സാംസ്കാരിക വേദിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ആറ്റൂർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറിയ പ്രസ്താവങ്ങൾ കൊണ്ട് വലിയ ലോക സത്യങ്ങൾ പറഞ്ഞിരുന്ന കവിയായിരുന്നു ആറ്റൂർ രവിവർമ്മയെന്നും സമൂഹത്തിലെ ദുർവാസനകളെ വിഷം കൊടുത്തു കൊല്ലാനുള്ള ഉത്തരവാദിത്തം എഴുത്തുകാർക്കുണ്ടെന്നും ആറ്റൂർ ഓർമ്മപ്പെടുത്തിയെന്ന് സി.രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ആധുനീകനായിരിക്കുമ്പോഴും ആറ്റൂരിന്റെ കവിതകൾ നമ്മുടെ പാരമ്പര്യവുമായി സംവദിച്ചിരുന്നുവെന്ന് അധ്യക്ഷത വഹിച്ച ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. കാളിദാസൻ മുതൽ ആശാൻ വരെയുള്ള കവികൾ ഉന്നയിച്ച തത്വകാൽപ്പനികതയുടെ തുടർച്ചയാണ് ആറ്റൂർ കവിതയെന്നും വടക്കേടത്ത് പറഞ്ഞു. പി.പി.രാമചന്ദ്രൻ, ഡോ. പി.വി. കൃഷ്ണൻ നായർ, അൻവർ അലി, കെ.ആർ.ടോണി, ഡോ.ടി.എൻ. വിശ്വംഭരൻ, വിജേഷ് എടക്കുന്നി എന്നിവർ പ്രസംഗിച്ചു.
Click this button or press Ctrl+G to toggle between Malayalam and English