“അത്യന്താധുനികം”

രണ്ടു സെറ്റ് അച്ഛനമ്മമാര്‍ പ്രൊഫസര്‍ ‍വിവേകിന്‍റെ വീട്ടില്‍ ഓടിക്കൂടി. അവരുടെ സൗന്ദര്യപിണക്കം ഒന്ന് ‍ഒതുക്കി തീര്‍ക്കാന്‍. അച്ഛന്മാരും അമ്മമാരും ഒരേ സ്വരത്തില്‍ ചോദിച്ചു.

“എന്താ…എന്താ നിങ്ങളുടെ ഇടയിലെ പ്രശ്നം…..?”ഡോക്ടര്‍ സൗമ്യ ഒട്ടും സൗമ്യമല്ലാത്ത സ്വരത്തില്‍ പറഞ്ഞു.

“പ്രശ്നം ഈഗോ….ഈഗോയാ..”

“അതെന്തു പ്രശ്നം? ”

അവള്‍ പറഞ്ഞു “ഞാനോ….വലുത്, നീയോ വലുത് എന്ന പ്രശ്നം “

”ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ എന്തു വലിപ്പ ചെറുപ്പം ഞാന്‍ പത്മനാഭന്‍ ‍തമ്പിയുടെ ഭാര്യ….ഇവര്‍ ‍ഗോപാലകൃഷണന്‍നായരുടെ ഭാര്യ”

ഡോക്ടര്‍ സൗമ്യ പറഞ്ഞു.

“അത് അങ്ങു പണ്ട് …ഇപ്പോള്‍ ഞാന്‍ ഡോക്ടര്‍ സൗമ്യ”

വിവേക്‌ ഇടയ്ക്കു കയറി പറഞ്ഞു.

“ഞാന്‍ പ്രോഫെസര്‍ വിവേക്‌. ഇവളുടെ വിചാരം പ്രോഫസര്‍ എന്തോ ഡോക്ടറെക്കാളും കുറഞ്ഞവനാണെന്നാ.. ഇവിടുത്തെ ജോലിക്കാരിക്കും അങ്ങിനെ തന്നെയാ വിചാരം. എനിക്ക് പത്തുമണിക്ക് കോളേജില്‍ ‍എത്തിയാല്‍ മതിയല്ലോ ഒരു ഒന്‍പതുമണിക്ക് ഞാന്‍ കാപ്പികുടിക്കാന്‍ വന്നാല്‍ രാവിലേ സൗമ്യ പോകുന്നതിനു മുന്‍പേ ഏഴരക്കു മേശപുറത്തു എടുത്തുവച്ച തണുത്ത ചായയും പലഹാരങ്ങളുമാണ്ടാവുക . ഇവിടുത്തെ ഐശ്വര്യം ഒന്നുതിരിഞ്ഞു നോക്കില്ല…..എന്‍റെ
പാന്‍റ്..ഷര്‍ട്ട്.ഒന്നും അവള്‍ തേച്ചു തരില്ല .”

ഐശ്വര്യ പറഞ്ഞു.

“എന്‍റെ കാര്യങ്ങളെല്ലാം നോക്കുന്നതും എന്നെ പുറത്തും മാളിലും ഒക്കെ ഒന്നു ചുറ്റാന്‍ കൊണ്ടുപോകുന്നതും ഏതു കാര്യത്തിനും ഒരു കമ്പനി തരുന്നതും മാഡമാ…എനിക്ക് മാഡത്തിനേ കഴിഞ്ഞേയുള്ളൂ സാര്‍…”

“ഞാനിവിടെ ആരുമല്ലേ..?എനിക്കിവിടെ ഒരു സ്ഥാനവുമില്ലേ? ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ നിന്‍റെ ജോലിക്കാരി “

അയാള്‍ ഐശ്വര്യയോടായി പറഞ്ഞു.

“നീ പോ അടുക്കളയിലേക്ക് ഞങ്ങള്‍ക്കിവിടെ പലതും സംസാരിക്കാനുണ്ട് ”

“ഇതാ കുഴപ്പം ഈ ആട്ടും തുപ്പും ഒന്നും കേട്ടോണ്ട് ഞാനിവിടെ നിക്കത്തില്ല മാഡം. മാഡം പറ ഞാനെന്തുവേണം ?”

“നിന്‍റെ അഹങ്കാരോം ധിക്കരോം ഞാന്‍ സഹിക്കുന്നു. ഇനി ഇവളുടെതും കൂടി എന്നെക്കൊണ്ടുപറ്റില്ല”

“ഇപ്പോള്‍ ഇങ്ങനെ ആത്മാര്‍ത്ഥതയോടെ വീട്ടിലെ കാര്യങ്ങള്‍ നോക്കി നടത്താനും കുട്ടിയേ നോക്കാനുമൊന്നും ആരേം കിട്ടില്ലാ. സഹിച്ചേ പറ്റു. എനിക്ക് അവളേ കൂടാതെ പറ്റില്ല”

“അതിനെന്നെ കിട്ടില്ലാ. നീ തന്നെയങ്ങു സഹിച്ചോ ഞാനെന്‍റെ വഴി നോക്കിക്കൊള്ളാം ”

”ആയിക്കോ അതാ നല്ലത്”

വിവേക്‌ വിവേകിന്‍റെ പാന്‍റ്, ഷര്‍ട്ട്, ലൊട്ടുലൊടുക്ക് എല്ലാം വാരിവലിച്ച് ബാഗില് ‍കയറ്റുമ്പോള്‍ അമ്മമാര്‍ രണ്ടുപേരും കൂടോടി ചെന്നു.

”ക്ഷമിക്കു മോനേ…ക്ഷമിക്ക്…”

അയാള്‍ കാറോടിച്ചുപോയി. സൗമ്യയുടെ അമ്മ നെഞ്ചത്തു കൈ വച്ചു കരഞ്ഞു.

അവള്‍ ചോദിച്ചു.

”എന്തിനാ ഇങ്ങനെ അലമുറയിടുന്നെ? അതിനും മാത്രം ഇവിടെ എന്തു സംഭവിച്ചു ….ഇവിടെ ഞാനും മോളും ഐശ്വര്യയും മാത്രം മതി. അമ്മ വാ, വന്നു കാറില്‍ കയറു. അച്ഛാ നമുക്കു പോകാം”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here