ആത്മവിശ്വാസം

കുനിഞ്ഞ തലയോടും വിളറിയ മുഖത്തോടും കടന്നു വന്ന ഭര്‍ത്താവിനെ കണ്ടതും ലൈസാമ്മയുടെ മനസില്‍ ഭയം ഉരുണ്ടു കൂടി.

”’എന്താ എന്തു പറ്റി?”

”ഇനി പറ്റാനൊന്നുമില്ല എല്ലാം തുലഞ്ഞു” പറഞ്ഞ ശേഷം ജെയ്സണ്‍ തളര്‍ച്ചയോടെ സോഫയില്‍ വീണു. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവര്‍ സമീപത്തു വച്ചു.

”എന്തുണ്ടായി എന്നു പറ”

”പറയാം നാട്ടുകാരെല്ലാം ഒരുമിച്ചു കൂടി ഒരു തീരുമാനമെടുത്തു കടം തലക്കു മുകളില്‍ നില്‍ക്കുന്ന സ്ഥിതിക്കും കടം തന്നവന് അത് തിരികെ കിട്ടുമെന്ന വിശ്വാസം ഇല്ലാത്തതിനാലും നമ്മുടെ ഷോപ്പ് അവന്റെ പേര്‍ക്ക് എഴുതിക്കൊടുക്കാന്‍ തീരുമാനമായി .ചത്ത മനുഷ്യനേപ്പോലെയാണു വന്നിരിക്കണേ. ഭക്ഷണത്തിനു പോലും നിവര്‍ത്തിയില്ലാത്ത നിലയിലായി. രണ്ടു പെണ്മക്കളുമായി ഇനി നമ്മള്‍ എങ്ങിനെ ജീവിക്കുമെന്നോര്‍ക്കുമ്പോഴാ…..”

ലൈസാമ്മ മിണ്ടിയില്ല. ഭര്‍ത്താവിനെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ അവള്‍ ശിലയായി നിന്നു.

”ഞാനൊരു വഴി കണ്ടെത്തിയിട്ടുണ്ട്. അതു പോലെ ചെയ്താ എല്ലാവര്‍ക്കും സമാധാനോം എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരോം ആകും”

കണ്ണൂകളില്‍ ചെറിയൊരു സംശയഭാവവുമായി ലൈസമ്മ ഭര്‍ത്താവിനെ വീക്ഷിച്ചു.

”ഇതാ ഈ പ്ലാസ്റ്റിക് കവറില്‍ കീടനാശിനീം കോളടിന്നും ഉണ്ട്. എടുത്ത് വച്ചോളൂ രാത്രി കോളയില്‍ കീടനാശിനി കലര്‍ത്തി കുട്ടികള്‍ക്ക് കൊടുത്തിട്ട് നമുക്കും കഴിക്കാം. ഇതേയുള്ളു ഒരു മാര്‍ഗം. മാനം നശിച്ചിട്ട് ജീവിക്കാന്‍ കഴിയില്ല”

കടത്തിന്റെ പേരില്‍ തന്റെ ഇലട്രിക് ഷോപ്പ് കൈമാറ്റം ചെയ്യപ്പെടുന്ന ദു:ഖത്തില്‍ ഭര്‍ത്താവെടുത്തിരിക്കുന്ന തീരുമാനത്തില്‍ ലൈസമ്മയുടെ ഉള്ള് ഉലഞ്ഞു പോയി.

അരമണിക്കൂറിനു ശേഷം.

”ചേച്ചീ ഇങ്ങോട്ടു നോക്യേ ഈ ചിത്രം നന്നായിട്ടുണ്ടോ?”

സാന്ദ്ര സഹോദരി അല്‍നയോടു തിരക്കി.

ചിത്രം വാങ്ങി ശ്രദ്ധിച്ച് ശേഷം അല്‍ന മൊഴിഞ്ഞു.

” ഭംഗിയായിട്ടു വരച്ചിട്ടുണ്ടല്ലോ. ജീവനോടെ സിംഹം മുന്നില്‍ നില്‍ക്കുന്ന പോലുണ്ട്”

”എന്റെ ടീച്ചറും ഇതു തന്നാ പറഞ്ഞേ. ഡാഡിയോട് പറഞ്ഞ് ഡ്രോയിം‍ഗ് ക്ലാസില്‍ ചേരാന്‍ പോവുകാ” സാന്ദ്ര ഉത്സാഹവതിയായി.

”അപ്പോ ഞാനോ സ്കൂള്‍ വാര്‍ഷികത്തിനു നന്നായി ഡാന്‍സ് ചെയ്തതല്ലേ എന്റെ മിസ് എന്നോട് ഡാന്‍സ് ക്ലാസില്‍ ചേര്‍ന്ന് ഭരതനാട്യം പഠിക്കാ പറഞ്ഞിരിക്കാ”

” ഹായ് അപ്പോ നമ്മള്‍ വളരുമ്പോ നീ വലിയ ഡാന്‍സറും ഞാന്‍ ആര്‍ട്ടിസ്റ്റുമായി തീരും അല്ലേ?” പറഞ്ഞ ശേഷം ഇരുവരും ചിരിച്ചു.

അല്പ്പം മാറി ഇതു ശ്രദ്ധിച്ചു കൊണ്ട് ലൈസമ്മ മൗനം പൂണ്ടിരുന്നു.

രാത്രി എട്ടുമണി കഴിഞ്ഞപ്പോള്‍ ജെയ്സണ്‍ ഭാര്യക്കു നേരെ മുഖം തിരിച്ചു.

” കുട്ടികള്‍ ഊണൂ കഴിച്ചോ”

”ഉം ഊണൂ കഴിച്ചിട്ട് ടി വി കണ്ടു കൊണ്ടിരിക്കാ നിങ്ങള്‍ കഴിക്കുന്നില്ലേ?”

”കഴിക്കാം അത് അവ‍സാനത്തേതല്ലേ? തൃപതിയോടെ വയറു നിറയെ കഴിക്കാം. പോയി എടുത്ത് വയ്ക്ക്”

ദു:ഖഭാരം‍ തിങ്ങി നിറഞ്ഞ മനസോടെ ലൈസമ്മ എഴുന്നേറ്റു.

”പിന്നെ ആ കീടനാശിനിയും കോളയും കൂടീ കൊണ്ടു പോര്”

ജെയ്സണ്‍ പറഞ്ഞതെല്ലാം കൊണ്ടു വന്ന് ലൈസമ്മ മുന്‍പില്‍ വച്ചു.

”വാതില്‍ ലോക്ക് ചെയ്യണ്ട. വെറുതെ ചാരിയാല്‍ മതി. ങാ… ലൈസമ്മേ ‍ നിന്റെ അടുത്ത് എത്ര പവന്‍ ആഭരണമുണ്ട്?”

”കുട്ടികളുടെ അഞ്ചു പവനോടു കൂടി എന്റേതും ചേര്‍ത്ത ഇരുപത് പവന്‍ ഉണ്ടാകും”

”ശരി അത് എന്റെ സഹോദരിക്ക് എഴുതി വയ്ക്കാം. സംസ്ക്കാര ചടങ്ങുകള്‍ അവള്‍ ചെയ്യട്ടെ. പേപ്പറും പേനയും എടുക്ക്”

ലൈസമ്മ പാവയേപ്പോലെ അനുസരിച്ചു.

തങ്ങളുടെ ആത്മഹത്യക്കു ആരും കാരണക്കാരല്ല എന്ന് എഴുതിയതി ശേഷം ജെയ്സണ്‍ ആ കത്ത് മേശപ്പുറത്ത് വച്ചു. മീതെ പേപ്പര്‍ വെയിറ്റ് എടുത്തു വച്ചു.

”നന്നായിട്ട് ആലോചിച്ചതിനു ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയത്. നിനക്ക് വിഷമമില്ലാല്ലോ നമ്മുടെ കഷ്ടപ്പാടെല്ലാം ഇതോടെ തീരും.‍ ഇതല്ലാതെ ഒരു വഴീം‍ ഞാന്‍ കാണുന്നില്ല.”

നാലു ഗ്ലാസുകളിലും കോള പകര്‍ന്ന് അതില്‍ കീടനാശിനിയും കലര്‍ത്തിയ ശേഷം അയാള്‍ ഭാര്യയെ നോക്കി.

” പോയി സാന്ദ്രയേയും അല്‍നയേയും വിളിച്ചുകൊണ്ടു വാ”

”വിളിക്കാം അതിനു മുമ്പ് നിങ്ങളോടല്പ്പം സംസാരിക്കണം” ലൈസമ്മ പെട്ടന്നു ശബ്ദിച്ചു.

ജെയ്സന്റെ വദനത്തില്‍ എന്താണെന്ന ഭാവം വിടര്‍ന്നു.

”എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിവിധി മരണമാണെന്നു തീരുമാനിച്ചാ ഈ ലോകത്തില്‍ മനുഷ്യനായി പിറന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ? ബിസിനസ്സില്‍ നഷ്ടമുണ്ടായാല്‍ അതിന്റെ പേരില്‍ ജീവിതം വഴിമുട്ടുമോ? അഭിമാനമെന്നത് നമ്മുടെ പ്രവര്‍ത്തിയിലാണ് എന്നു തെളിയിക്കേണ്ടേ? മോഷ്ടിക്കാതെ കളവ് പറയാതെ സത്യസന്ധമായി ജീവിക്കുന്നതാ അഭിമാനം. ബിസിനസില്‍ കടം വാങ്ങുന്നതും നഷ്ടപ്പെടുന്നതും സാധാരണയഅ ഇതില്‍ മാനം നഷ്ടപ്പെടാന്‍ എന്താ ഉള്ളേ?”

”നിങ്ങളെ കൊണ്ട് പ്രശ്നം പരിഹരിച്ച് ജീവിക്കാന്‍ കഴിയാത്തതിനു നമ്മുടെ കുട്ടികളുടെ ജീവന്‍ കൂടി അപഹരിക്കാന്‍ ശ്രമിക്കുന്നത് ഏതു വിധത്തില്‍ ന്യായമാകും? സ്വന്തം ഇഷ്ടത്തിനല്ലാതെ ഈ ഭൂമിയില്‍ വന്ന ജീവനുകളെ നമ്മള്‍ക്കു വളര്‍ത്താമെന്നാലല്ലാതെ നശിപ്പിക്കാന്‍ അവകാശമില്ല അവരുടെ ഉള്ളീല്‍ ഉള്ള ആയിരം സ്വപ്നങ്ങളെ കുഴിച്ചു മൂടിക്കളയാന്‍ നമുക്ക് ഒരധികാരോമില്ല. ദൈവം തന്ന ജീവന്‍ നശിപ്പിക്കാന്‍ നമുക്കു തന്നെ അവകാശം ഇല്ലാത്തപ്പോ നിങ്ങളെക്കൊണ്ട് വളര്‍ത്തി വലുതാക്കാന്‍ കഴിയാത്ത കാരണത്താല്‍ ആ പിഞ്ചു പ്രാണനുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് മഹാപാപം തന്നെയല്ലേ?

ഒരു അപ്പന്റെ സ്ഥാനത്തു നിന്ന് ഇപ്പോ നിങ്ങളെ കൊണ്ട് പ്രശ്നങ്ങള്‍ പരിഹരിച്ച് കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ കഴിയില്ലായിരിക്കും. എന്നാല്‍ പ്രസവിച്ച അമ്മയായ എന്നെക്കൊണ്ട് എന്റെ മക്കള്‍ക്ക് ഒരു നല്ല ഭാവി കൊടുക്കാന്‍ കഴിയുമെന്ന വിശ്വാസമുണ്ട്. താഴെ വീഴുന്നത് തെറ്റല്ല എന്നാല്‍ വീണിടത്ത് നിന്നും എഴുന്നേല്‍ക്കാനാവില്ലെന്നു വിചാരിക്കുന്നതാ തെറ്റ്”

പറഞ്ഞ ശേഷം ലൈസാമ്മ വിഷം കലര്‍ത്തിയ ഗ്ലാസുകളില്‍ മൂന്നെണ്ണം മാത്രം എടുത്തു കൊണ്ടു പോയി വാഷ് ബേസണീല്‍ ഒഴിച്ചു.

”ദാ നിങ്ങളുടെ മുമ്പിലിരിക്കുന്ന വിഷം കുടിക്കണോ കളയണോ എന്നു സ്വയം തീരുമാനിക്കാം. എന്നാല്‍ എന്നെക്കൊണ്ട് ഈ ലോകത്തില്‍ പ്രശ്നങ്ങളെ അഭിമുഖീകരിച്ച് ജീവിച്ച് കാണീച്ച് എന്റെ പെണ്‍കുട്ടികളെ ഒരു കരക്കെത്തിക്കാന്‍ കഴിയുമെന്ന് ഉറച്ച ആത്മവിശ്വാസമുണ്ട്. അതുകൊണ്ട് ചാകാന്‍ തീരെ മനസില്ല. പോയിക്കിടന്ന് ഉറങ്ങാനാ എന്റെ ഇപ്പോഴത്തെ തീരുമാനം”

പറഞ്ഞ ശേഷം ലൈസമ്മ പെട്ടന്ന് കിടപ്പുമുറിക്കു നേരെ നടന്നു പോയി.

അടുത്ത ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വാഷ് ബേസനില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ടു. തുടര്‍ന്ന് തന്റെയരുകില്‍ വന്നു കിടന്ന ഭര്‍ത്താവിന്റെ നെഞ്ചിലേക്ക് ലൈസമ്മ സ്നേഹപൂര്‍വം മുഖം പൂഴ്ത്തി !
—————————————————————————————-

എം വി ബാബു
കടപ്പാട് – സായാഹ്ന കൈരളി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English