അർഥങ്ങൾ തേടിയുള്ള യാത്രകൾ എന്നും മനുഷ്യന് പ്രിയപ്പെട്ടതായിരുന്നു പുറത്തോട്ട് നടത്തിയ യാത്രകൾ പോലെ തന്നെ പ്രധാനപ്പെട്ടതായിരുന്നു അവൻ അകത്തേക്ക് നടത്തിയവയും. അവനവനെ പ്രതിയുള്ള അന്വേഷണങ്ങൾ ,ആകുലതകൾ ,ആത്മീയമായ ഉണർവുകൾ എന്നിവയുടെ ഊർജം പകരുന്ന കൃതി.കച്ചവട പൊള്ളത്തരങ്ങൾക്കപ്പുറം അന്വേഷണങ്ങളുടെ ആത്മാർത്ഥത കൊണ്ട് ശ്രദ്ധേയമാകുന്ന രചന.
“ആത്മാവിനെ തേടിയുള്ള യാത്രയിൽ ജീവിതത്തെ അവഗണിക്കുന്ന ആത്മീയതയെ തൊട്ടു കാണിക്കാനും ആ നിർജ്ജീവതയിൽ നിന്നും ഉണർത്തിക്കൊണ്ടുവരാൻ വഴിതെളിച്ച ജ്ഞാനികളുടെ ദർശനങ്ങളെ ലളിതമായി അവതരിപ്പിക്കാനും ഉള്ള ഒരു ശ്രമമായിരുന്നു ഈ പുസ്തകം.
പ്രതീക്ഷിച്ചതിനേക്കാൾ ഹൃദ്യമായ പ്രതികരണമാണ് പുസ്തകത്തിനു ലഭിച്ചത്. പിറവി മാസികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞു.
കച്ചവടത്തിൽ നിന്നും കച്ചവടത്തിലേക്ക് വളർന്നുകൊണ്ടിരിക്കുന്ന ആത്മീയതയെ അതിന്റെ തനിമയിലേക്ക് ഒഴുക്കിക്കൊണ്ടുവരാൻ എന്തു ചെയ്യാൻ കഴിയും എന്ന ചോദ്യത്തിലേക്ക് ചില ചെറിയ വീചികളാണ് ഈ പുസ്തകം. ദീർഘമായി എഴുതാൻ ഇരിക്കുകയും ചെറുതായി എഴുതിത്തീർക്കുകയും ചെയ്ത പുസ്തകം.”
ഷൗക്കത്ത്