ആത്മനൊമ്പരം

 

വറ്റിവരണ്ടുണങ്ങിക്കിടന്നുഴലുമീ
ഊഷര ഭൂമിതൻ ആത്മാവ് കേഴുന്നു
തരിക എനിക്കൊരു തുള്ളിനീർ
ചെളിയാകിലും അതെനിക്കു ഗംഗാമൃതം

കണ്ണടയ്ക്കട്ടെ ഞാനിനി
കണ്ടു കൊതിതീരാത്തൊരെൻ്റെ മക്കളേ
കണ്ണടയ്ക്കട്ടെ ഞാനിനി
കണ്ടു കൊതിതീരാത്തൊരെൻ്റെ മക്കളേ

തായതൻ കായമത് ജീർണമായി
ഭൂമിയമ്മതൻ പ്രാണനത് പോകയായി
പാപികൾ മാനവ സൂനുമാരായിരം
ആഞ്ഞാഞ്ഞ തിരുമാറിൽ കുത്തുകയായി

അമ്മതൻ നെഞ്ചിലല്ലയോ നീ
രമ്യഹർമ്യം പണിഞ്ഞത്
വെള്ളം തുളുമ്പിനിന്ന നെൽവയലല്ലയോ
നികത്തി നീ കെട്ടിടം വെച്ചത്
കുന്നായ കുന്നെല്ലാം ഇടിച്ചു നിരപ്പാക്കി
ഘോരമാം വനത്തെ മുടിച്ചില്ലാതെയാക്കി
സ്വാർത്ഥമാം മാനവഹൃത്തടം തീർത്തതോ
ധരിത്രി തൻ തകർച്ചയും ആസന്നമരണവും

ജീവജലധാരയിൽ മാലിന്യമായ്
നൽ പ്രാണവായുവത് പാഷാണമായ്
സൃഷ്ടിപ്പ് കർമത്തിൻ സാമഗ്രിയാം
മണ്ണട്ടിതൻ ശുദ്ധിയും കെട്ടുപോയി
സൽബുദ്ധി കെട്ടൊരു പൊട്ടനാം
നീയിന്നതൂഹിക്കുമോ മൽമനോഹരാ

അർക്ക ദേവൻ്റെ നഗ്നമാം
നേത്രാഗ്നിതൻചിതയിൽ
നീ വെന്തുരുകുന്നുവോ
തലയൊന്നു ചായ്ക്കുവാനൊരിറ്റു തണൽ പോലും
കണികാണുവാനില്ലെന്നാകിലോ
ഓർത്തീടുക നീ മാനവകുമാരാ
ഭൂമിയമ്മതൻ ചുടുകണ്ണീർ ഒരു
തീഗോളമായിതാ നിൻ്റെ ശിരസ്സതിൽ
ധരണി തൻ ചരമഗീതം കുറിച്ച ആ
മഹാച്ചരിതൻ്റെ വാക്കിതാ സത്യമായി

കണ്ണടയ്ക്കട്ടെ ഞാനിനി
കണ്ടു കൊതിതീരാത്തൊരെൻ്റെ മക്കളേ
കണ്ണടയ്ക്കട്ടെ ഞാനിനി
കണ്ടു കൊതിതീരാത്തൊരെൻ്റെ മക്കളേ

 

 

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English