അന്നും , പതിവുപോലെ , തീവണ്ടിപ്പാളത്തിനരികെയുള്ള കുറ്റിക്കാട്ടില്‍ തൂറിയിട്ടു വരും വഴി , റേഷന്‍ കടയ്ക്കടുത്തായി , അന്നത്തേയ്ക്കായി പണിതുയര്‍ത്തിയ പീഠത്തില്‍ സ്ഥാപിച്ച പൊതു ടി വി യിലൂടെ , രാജ്യത്തിന്റെ ഏഴുപത്തി ഒന്നാമതു സ്വാതന്ത്ര്യദിനാഘോഷത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ടു , തൊട്ടുതലേന്നു രാഷ്ട്രത്തിനു വേണ്ടി താന്‍ വാങ്ങിയ തൊണ്ണൂറ്റിയൊന്‍പതിനായിരം ലക്ഷം കോടിരൂപയുടെ ആയുധ ഇടപാടിനെക്കുറിച്ചു , ‘ രാജ്യസുരക്ഷ , രാജ്യത്തിന്റെ അഖണ്ഡത , ഛിദ്രശക്തികള്‍ , വര്‍ധിച്ചു വരുന്ന വിദേശാക്രമണ ഭീഷണി , നുഴഞ്ഞു കയറ്റം ,ജനങ്ങളുടെ ജീവനും സ്വത്തും ..’ എന്നിങ്ങനെ വാക്കുകളില്‍ ,വര്‍ധിച്ച ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ രാജപ്രമുഖന്‍ വാചാലനാകെ , തനിക്കു നാലോ അഞ്ചോ വയസ്സുള്ളപ്പോള്‍ , ഇതുപോലൊരു പൊതുസ്ഥലത്തു ഉയര്‍ത്തിവച്ച റേഡിയോയിലൂടെ , മൗണ്ട് ബാറ്റണ്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുന്നതു കാതു കൂര്‍പ്പിച്ചു കേട്ടു നിന്ന അച്ഛനോടു , എന്താണ് സ്വാതന്ത്ര്യമെന്നും എന്തിനാണു ചുറ്റും ആളുകള്‍ പടക്കം പൊട്ടിച്ചും ബഹളം വച്ചുമൊക്കെ അതു ആഘോഷിക്കുന്നത് എന്നും ചോദിച്ചതിനു വരാന്‍ പോകുന്ന രാജ്യത്തെക്കുറിച്ചുള്ള വര്‍ണ്ണക്കാഴ്ചകളും സങ്കല്പങ്ങളും കൊണ്ടൊരു കൊട്ടാരം തന്നെ അദ്ദേഹം തന്റെ മനസ്സില്‍ പണികഴിപ്പിച്ചതും അത്രയും ആയുധങ്ങള്‍ ആക്രിയാകുമ്പോള്‍ അതുകൊണ്ടു അടുത്തുള്ള തട്ടുകടയില്‍ നിന്നും എത്ര ദിവസത്തെക്കു കഴിക്കാനുണ്ടാകുമെന്നും രാജപ്രമുഖര്‍ പറഞ്ഞ വിദേശാക്രമണവും ,നുഴഞ്ഞുകയറ്റവും ,ഒരു പക്ഷെ , അവിടെ പട്ടിണിയായതു കൊണ്ടു കള്ളവണ്ടി കേറിവന്നു , താന്‍ ആക്രിപെറുക്കാന്‍ പോകുന്നയിടങ്ങളിലൊക്കെ വന്നു തന്റെ നിത്യജീവിതമാര്‍ഗത്തിനും പതിവായി തൂറാനിരിക്കുന്നയിടത്തു വന്നിരുന്നു തന്റെ സ്വാതന്ത്ര്യത്തിനും തടസ്സമുണ്ടാക്കുന്ന ..അയല്‍രാജ്യക്കാരെ ഉദ്ദേശിച്ചായിരിക്കും എന്നും , മേലില്‍ അവരുടെ ശല്യമില്ലാതെ സ്വാതന്ത്ര്യത്തോടെ തനിക്കു തൂറാന്‍ സൗകര്യമൊരുക്കുന്ന , തന്റെ ക്ഷേമത്തിലും സന്തോഷത്തിലും അത്രമാത്രം ശ്രദ്ധ കാണിക്കുന്ന ഒരു രാജ്യത്തില്‍ ജീവിക്കാന്‍ കഴിഞ്ഞതില്‍ കൃതജ്ഞനും ദേശാഭിമാന വിജൃംഭിതനായും മുഴുമിപ്പിക്കാനാകാതെ പോയ തന്റെ തൂറല്‍ പൂര്‍ത്തിയാക്കാന്‍ കുറ്റിക്കാട് ലക്ഷ്യമാക്കി വേച്ചുവേച്ചു തിരികെ നടന്നയാള്‍..