അസ്ഥിരത

 

surreal_love_by_bodius-d348uhr

അത്താഴ വിരുന്നിനു തയാറായി മോഹനോടൊപ്പം കാറിൽ കയറുമ്പോൾ സ്വപ്ന മൊബൈലിൽ സമയം നോക്കി. ഏഴേമുക്കാൽ. സ്വപ്നയുടെ കമ്പനി പ്രസിഡന്റ് ഹോസ്റ്റ് ചെയ്യുന്ന അത്താഴ വിരുന്നാണ്. വർഷത്തിൽ ഒരു തവണ ഉള്ള പതിവ്. മൂല്യവത്തായ ജീവനക്കാരുടെ കുടംബാംഗങ്ങളോട് കമ്പനി നന്ദി പ്രകടിപ്പിക്കുന്ന ഒരു അവസരം. വീട്ടിൽ നിന്നും പത്തു മിനിട്ടു സമയം മതി ഹോട്ടലിലേക്ക്. ഏതു പരിപാടി ആണെങ്കിലും വൈകി ചെല്ലുന്നതു സ്വപ്നക്കു ഇഷ്ടമുള്ള പരിപാടി അല്ല. കാറ് പാർക്ക് ചെയ്തു ബോൾ റൂമിൽ എത്താൻ അഞ്ചു മിനിറ്റു മതി. സ്വപ്ന മനസ്സിൽ കണക്കു കൂട്ടി. കാറിൽ നിന്നും ഇറങ്ങിയതും മോഹന്റെ ഫോൺ അടിച്ചു… ഇതു പതിവുള്ള എട്ടു മണി കാൾ. സ്വപ്നക്കു ഈർഷ്യ തോന്നി. ഈ പെണ്ണ് മോഹനെ വിടാതെ പിടികൂടിയിരിക്കുക ആണല്ലോ! ഏതോ കാൾ സെന്ററിൽ ജോലി ചെയ്യുന്ന പെൺകുട്ടി ആണ്. മോഹന്റെ കൂടെ ആകസ്മികമായി സൗഹൃദത്തിലായതാണ്.

മോഹൻ പണ്ടേ ഒരു പഞ്ചാര ടൈപ്പ് ആണ് . സ്വപ്നയും മോഹനും സഹപാഠികളായിരുന്നു. കോളേജിൽ ഒരു ചെറിയ റോമിയോ പരിവേഷം മോഹന് ഉണ്ടായിരുന്നു. “ഡാർലിംഗ് മോഹൻ” എന്നായിരുന്നു മോഹന്റെ കോളേജ് വിളിപ്പേര്. മോഹന്റെ കൂടെ കോളേജിൽ വെച്ച് കറങ്ങാത്ത അപൂർവം പെൺകുട്ടികളിൽ ഒരാളായിരുന്നു സ്വപ്ന. വർഷങ്ങൾക്ക്  ശേഷം അവരുടെ വഴികൾ ഒന്നായി. മോഹന് സ്വപ്നയെ കിട്ടാൻ വളരെ കഠിനമായി പ്രയത്നിക്കേണ്ടി വന്നു എന്ന് മോഹൻ ഇടയ്ക്കു ഇടയ്ക്കു ഓർമിക്കാറുണ്ട്.

ഇപ്പോൾ അമ്പതാം വയസ്സിലും മോഹന്റെ സ്വഭാവത്തിന് വലിയ മാറ്റമൊന്നുമില്ല. ആൺ പെൺ വ്യത്യാസമില്ലാതെ വലിയ ഒരു സൗഹൃദ വലയത്തിന്റെ ഉടമ. ആർക്കും എന്ത് സഹായവും എപ്പോൾ വേണെങ്കെങ്കിലും ചെയ്‌തു കൊടുക്കാനുള്ള മനസ്ഥിതി മോഹനെ എല്ലാവർക്കും പ്രിയങ്കരനാക്കി. പ്രായം മോഹന്റെ മൂല്യത്തിന് ഒട്ടും ഇടിവ് വരുത്തിയിട്ടില്ല. ഒപ്പം ബിസിനസ് നേട്ടങ്ങളുടെ ശക്തിയും. ഒരു മിനിറ്റ് സംസാരത്തിലൂടെ ആരെയും വലയത്തിലാക്കാവുന്ന അപാര കഴിവ്. കാണാൻ പണ്ടേ സുമുഖൻ!

മധ്യവയസു കൊടുത്ത വെള്ളനരകൾ മോഹന്റെ സെക്സ് അപ്പീൽ കൂടിയിരിക്കുന്നു. ഏതു  പാർട്ടിക്ക് പോയാലും മോഹനെ ഒരു പറ്റം പെണ്ണുങ്ങളുടെ നടുവിൽ കാണാം. അന്നു രാത്രി തീർച്ചയായും നാലഞ്ച് പെണ്ണുങ്ങളുടെ പൈങ്കിളി മെസ്സേജുകളും വരും. മോഹൻ അത് സ്വപ്നയുമായി പങ്കിടുകയും ചെയ്യും. സാധരണ മോഹന്റെ ഈ സൗഹൃദങ്ങൾ സ്വപ്നയെ വലയ്ക്കാറില്ല. ചിലതു കണ്ടില്ല കേട്ടില്ല എന്ന് നടിക്കും. കുറച്ചു അതിർത്തി വിടുന്നു എന്ന് തോന്നുമ്പോൾ മോഹനെ ഒന്ന് വിരട്ടും. മിക്കവാറും ഈ വക സൗഹൃദങ്ങൾ ചില മാസങ്ങൾക്കകം മങ്ങും. അത്ര തന്നെ. മോഹൻ സ്വപ്നയിൽ നിന്നും ഒന്നും ഒളിക്കാത്തനിനാൽ സ്വപ്നക്കു കാര്യങ്ങളുടെ സ്ഥിതി നന്നായി അറിയാമായിരുന്നു.

എന്നാൽ ഈ സൗഹൃദം സ്വപ്നയെ വലയ്ക്കാൻ തുടങ്ങിയിരിക്കുന്നു. കാരണങ്ങൾ പലതാണ്. ഈ സൗഹൃദം ഒരു വർഷത്തിൽ അധികമായി തുടരുന്നു. സാധരണ ആറു മാസത്തിൽ കൂടുതൽ മോഹന്റെ താല്പര്യം നിൽക്കാറില്ല. അപ്പോഴേക്കും മറ്റേ ഭാഗത്തു നിന്നും പ്രണയ അഭ്യർത്ഥന വരുകയും മോഹൻ പേടിച്ചു സൗഹൃദത്തിൽ നിന്നും പിൻവാങ്ങുകയും ചെയ്യും. അല്ലെകിൽ മറു ഭാഗത്തെ ജീവിത പങ്കാളിയുടെ അസ്വസ്ഥത സൗഹൃദത്തിന് വിരാമമിടും. സ്വപ്ന കണ്ടിട്ടുള്ള പാറ്റേൺ ഒന്നും ഈ സൗഹൃദത്തിൽ കാണാൻ പറ്റിയിട്ടില്ല. പത്തിരുപതു വയസുള്ള പെൺകുട്ടി, അവിവാഹിത. ഇതും മോഹന്റെ ഭാഗത്തുനിന്നും സാധാരണയല്ല. അവരുടെ മകളുടെ പ്രായമുള്ള കുട്ടി. അവരുടെ സംസാരങ്ങളും സ്വപ്ന ശ്രദ്ധിക്കാൻ തുടങ്ങി. ആ കുട്ടിയുടെ ദൈന്യദിന ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളാണ് സംസാരം. സാമ്പത്തിക സ്ഥിതി അത്ര മെച്ചമുള്ള വീട്ടിൽ നിന്നും അല്ല എന്നും തോന്നി. ബസിലെ യാത്ര ദുരിതങ്ങൾ ഒരു ദിവസം പങ്കു വെയ്ക്കുന്നത് കേട്ടു. ഒരു സ്കൂട്ടി വാങ്ങാനുള്ള നിർദേശം മോഹൻ കൊടുക്കുന്നതും കേട്ടു. എല്ലാ ദിവസവും ഈ സംസാരം ഉണ്ട്. കൃത്യ സമയത്ത്‌! ഫോൺ വിളികൾ സ്വപ്നയിൽ നിന്നും മറയ്ക്കാൻ മോഹൻ ശ്രമിക്കാറില്ല. മോഹന്റെ യാത്ര വിവരങ്ങൾ ആ പെൺകുട്ടിയെ അറിയിക്കുന്നു എന്നും സ്വപ്നയ്ക്കു മനസിലായി. ആ മാസത്തെ മോഹന്റെ ക്രെഡിറ്റ് കാർഡ് സ്റ്റെമെന്റിൽ ഹോണ്ട ഷോർറോമിന്റെ പേരിൽ അറുപതിനായിരം രൂപയുടെ ചാർജ്! സ്വപ്നയുടെ മനസ്സിൽ സംശയത്തിന്റെ നിഴലുകൾ വീഴാൻ തുടങ്ങി. മോഹന്റെ അടുത്തു നേരിട്ട് ചോദിയ്ക്കാൻ സ്വപ്നയുടെ ആത്മാഭിമാനം സമ്മതിച്ചില്ല. മോഹൻ സാധരണ സെൽ ഫോൺ ലോക്ക് ചെയ്യാറില്ല. മോഹന്റെ ഫോൺ ഒന്ന് പരിശോധിച്ചാലോ എന്ന് സ്വപ്നക്കു തോന്നി. ഇതു വരെ ചെയ്യാത്തതാണ്. അന്നു രാത്രി മോഹൻ ഉറങ്ങി കഴിഞ്ഞപ്പോൾ മോഹന്റെ ഫോൺ എടുത്തു സ്വപ്ന ബാത്‌റൂമിൽ കയറി. ഫോൺ മുഴുവനും അരിച്ചു പെറുക്കിയിട്ടും ഒന്നും സംശയാസ്പദമായി കണ്ടില്ല. സാധരണ ഉള്ള മെസ്സേജുകൾ. ചില പെണ്ണുങ്ങൾക്ക് ചെറിയ പഞ്ചാര മെസ്സേജുകളും. എല്ലാം സ്വപ്നക്കറിയാവുന്നവ. സ്വേതയിൽ നിന്നും ഒരു മെസ്സേജും ഇല്ല! എന്നാൽ എല്ലാ ദിവസവും രാത്രി എട്ടു മണിക്ക് സ്വേതയുടെ ഫോണിൽ ഇന്നും ഇൻകമിങ് കാൾ. മോഹന്റെ വശത്തു നിന്നും ഒരു കാൾ കൂടി ഇല്ല! സ്വപ്ന ആകെ ആശയക്കുഴപ്പത്തിൽ ആയി! ഇനി മെസ്സേജുകളെല്ലാം ഇല്ലാതാക്കിയതാണോ? ഇതുവരെ മോഹൻ അങ്ങനെ ചെയ്തതായി ഓർമയില്ല. പലപ്പോഴും ഇതിനെ പറ്റി ചർച്ച ചെയ്തിട്ടും ഉണ്ട്. സ്വപ്നയുടെ സമാധാനം നശിക്കാൻ തുടങ്ങി . സ്വേതയെ ഒന്ന് കണ്ടാലോ? സ്വേതയുടെ ഫോൺ നമ്പർ കുറിച്ച് വെച്ചു.

മോഹൻ വിദേശ യാത്രയിൽ ആയിരുന്ന ഒരു വെള്ളിയാഴ്ച വൈകുന്നേരം സ്വപ്ന സ്വേതക്കു ഫോൺ ചെയ്തു. സ്വയം പരിചയ പെടുത്തി. സ്വേതയുടെ ശബ്ദത്തിൽ സന്തോഷം കലർന്ന ആശ്ചര്യം! ഒരു കാപ്പി കുടിക്കാൻ ക്ഷണിച്ചു. വളരെ സന്തോഷത്തോടെ സ്വേത ആ ക്ഷണം സ്വീകരിച്ചു! അവളുടെ ഓഫീസിനടുത്തുള്ള ഒരു കോഫി ഷോപ്പ് ആ കൂടിക്കാഴ്ചക്കു തിരഞ്ഞെടുത്തു. പിറ്റേന്ന് പറഞ്ഞുറപ്പിച്ച സമയത്തിലും മുൻപേ സ്വപ്ന എത്തിച്ചേർന്നു. അകത്തേക്ക് വരുന്നവരെ കാണാൻ പറ്റുന്ന തരത്തിൽ ഉള്ള ഇടതു സ്ഥലം പിടിച്ചു. കൃത്യ സമയത്തു തന്നെ സ്വേത വന്നു. അവളെ കണ്ടു പിടിക്കാൻ ഒരു വിഷമവും ഉണ്ടായില്ല. ഒരു നീല ഹോണ്ട ഇരു ചക്ര വണ്ടിയിൽ. വെയിലിൽ നിന്നും രക്ഷപെടാൻ മുഖവും, കൈയും എല്ലാം മറച്ചു ദുപ്പട്ട ചുറ്റിയിരിക്കുന്നു. ഹെൽമെറ്റും, കൂളിംഗ് ഗ്ലാസും. കറുപ്പാണെങ്കിലും കാണാൻ ചന്തം ഉള്ള കുട്ടി. ഇരുപത്തിഅഞ്ചു വയസ്സുണ്ടാകും. കോട്ടൺ സൽവാർ. കഴുത്തിൽ നേർത്ത ഒരു മാല. കാതിൽ പൂമൊട്ട് പോലുള്ള ഒരു ചെറിയ കമ്മൽ. മുടി പിന്നിയിട്ടിയിരിക്കുന്നു. അവൾക്കും സ്വപ്നയെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടുണ്ടായില്ല. നേരെ വന്നു അപരിചിതയെന്നു കൂടി നോക്കാതെ “അണ്ണി” എന്ന് പറഞ്ഞു സ്വപ്നയുടെ കൈ രണ്ടും ചേർത്ത് പിടിച്ചു. സ്വേത നിർത്താതെ സംസാരിച്ചു കൊണ്ടിരുന്നു. എന്റെ ഓഫീസിൽ കാര്യങ്ങളും എന്റെ മകളുടെ പഠന വിഷയങ്ങളും അവൾ അനേഷിച്ചു. സ്വപ്ന സംസാരിക്കാൻ വന്ന വിഷയം തുടങ്ങാനാകാതെ കുഴങ്ങി. വീട്ടിൽ വിളിച്ചു സംസാരിച്ചാലോ? സ്വപ്ന സ്വേതയെ വീട്ടിലേക്കു ക്ഷണിച്ചു. സ്വേതയുടെ കണ്ണുകൾ നിറഞ്ഞു ” വേണ്ട അണ്ണി, എനിക്ക് മോഹൻ അണ്ണനെ കാണേണ്ട. എൻെറ മരിച്ചു പോയ അണ്ണൻറ്റെ അതെ ശബ്‌ദ മാണ് മോഹൻ അണ്ണനും. മോഹൻ അണ്ണന്റെ കൂടെ സംസാരിക്കുമ്പോൾ എൻെറ അണ്ണന്റെ മുഖമാണ് എൻെറ മനസ്സിൽ. അത് എനിക്ക് മാറ്റണ്ട…”

സ്വേത അവളോട് യാത്ര പറഞ്ഞു ഇറങ്ങിയതും, മോഹന്റെ ഒരു മെസ്സേജ്. “one white woman is hitting on me , what shall i do ? മോഹൻ മാറില്ല എന്ന് മനസ്സിൽ വിചാരിച്ചു സ്വപ്ന മറുപടി അയച്ചു “run !”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English