കഴിഞ്ഞ വർഷം മാർച്ച് ഒടുവിൽ അപ്രതീക്ഷിതമായി നമുക്കു മേൽ നിപതിച്ച ലോക്ക്ഡൗൺ നമ്മെ പഠിപ്പിച്ച ഒരുപാട് പാഠങ്ങളുണ്ട്. അതെ അതിനും മുമ്പ് വന്ന സുനാമിയിലും പ്രളയത്തിലും നമ്മൾ പഠിക്കാൻ തയ്യാറാകാതിരുന്ന ചില പാഠങ്ങൾ. മനുഷ്യന് സമ്പത്തും ആൾബലവും കൊണ്ടൊന്നും യാതൊരു കാര്യവുമില്ല എന്ന് നമ്മൾ മനസ്സിലാക്കിയ ദിനങ്ങൾ..
പുറത്തിറങ്ങാൻ, ശുദ്ധവായു ശ്വസിക്കാൻ അനുമതി നിഷേധിക്കപ്പെട്ട കാലം., ജോലിക്ക് പോകാൻ വിലക്കു വന്ന കാലം,ചീറിപ്പഞ്ഞിരുന്ന വാഹനങ്ങളുടെ ശബ്ദം നിലച്ച നാളുകൾ..വിദ്യാലയങ്ങളും ആരാധനാലയങ്ങളും അടഞ്ഞു കിടന്ന കാലം..അതെ,അത് ഒരു കാലമായിരുന്നു…
കല്യാണച്ചടങ്ങുകൾക്കുണ്ടായ രൂപപരിണാമങ്ങളായിരുന്നു ഏറ്റവും ശ്രദ്ധേയം.ഇങ്ങനെ ആരെയും വിളിക്കാതെയും കല്യാണങ്ങൾ നടത്താം എന്നു നമുക്ക് മനസ്സിലാക്കിത്തന്നു കോവിഡ്. അതിനു മുമ്പ് എന്തൊരു ബഹളമായിരുന്നു, മഞ്ഞക്കല്യാണം,മൈലാഞ്ചിക്കല്യാണം..അങ്ങനെ ആവശ്യത്തിനും അനാവശ്യത്തിനും ആളെക്കൂട്ടി ആർഭാടം കാണീക്കുമ്പോൾ അടുത്ത വീട്ടിൽ മക്കളെ നിക്കാഹ് കഴിച്ചു കൊടുക്കാൻ കഴിവില്ലാതെ, ഉടുതുണിക്ക് മറുതുണിയില്ലാതെ, വേദന ഉള്ളിലൊതുക്കിയ പാവങ്ങളുടെ കണ്ണീരിന്റെ ഫലം കൂടി ആകണം അവിചാരിചിതമായി വന്നു ചേർന്ന ഈ നിയന്ത്രണങ്ങൾ..
‘’കല്യാണമാണ്,പ്രാർത്ഥനയുണ്ടാകണം..’’ എന്ന് മക്കളുടെ കല്യാണം ഒതുക്കി വിളിക്കാൻ മലയാളി പഠിച്ച കാലം..നിയന്ത്രണങ്ങൾക്ക് ഇളവു വന്നെങ്കിലും രണ്ടും മൂന്നും ദിവസമായി ആളെ ചുരുക്കി നടത്താനേ ആളുകൾ ഇപ്പോഴും തയ്യാറാകുന്നുള്ളൂ.
ഇങ്ങോട്ട് കാര്യമായി എല്ലാ ദിവസവും വരാൻ വിളിച്ചാലും അങ്ങൊട്ട് ഒരു ദിവസം തന്നെ പോകാൻ ആളുകൾ മടിക്കുന്നു. അതെ,അതല്ലേ മാറ്റം, ഒരു പ്രസംഗത്തിനും ലേഖനത്തിനും ഉപദേശത്തിനും സാധിക്കാത്ത കാര്യമാണ് അദൃശ്യനായ ഒരു വൈറസിന്റെ ഇടപെടൽ കൊണ്ട് സാധിച്ചത്.
പ്രസംഗവും സിനിമയും കലാപരിപാടിയുമൊന്നും ഇല്ലെങ്കിലും ജീവിക്കാൻ കഴിയുമെന്ന് മനുഷ്യർക്ക് മനസ്സിലായ കാലം കൂടിയായിരുന്നു ഇത്. അടുത്ത അഞ്ചാറു വർഷത്തേക്ക് എനിക്കു ഡേറ്റില്ല എന്ന് പ്രഖ്യാപിച്ചിരുന്ന പല മഹാരഥൻമാരും എത്ര കുറഞ്ഞ റേറ്റിനും എപ്പോൾ വേണമെങ്കിലും ഡേറ്റുകൾ കൊടുക്കാൻ തയ്യാറായി വീട്ടിലിരുന്ന കാലം. പക്ഷേ അപ്പോഴേക്കും ആർക്കും അതൊന്നും വേണ്ടാതായെന്നു മാത്രം. ആരാധനാലയങ്ങൾ അടഞ്ഞു കിടന്നത് വിശ്വാസികൾക്ക് വെദനയുണ്ടാക്കിയെങ്കിലും വീടുകളുടെ പരിമിതികൾക്കിടയിൽ എങ്ങനെ ദൈവവുമായി സംവദിക്കാം എന്ന് നമ്മൾ മനസ്സിലാക്കി.കുടുംബപരമായ പ്രാർത്ഥനകൾ വർദ്ധിച്ചു എന്നത് എടുത്തു പറയണം.
അതേപോലെ വലിയപെരുന്നാളും വെള്ളിയാഴ്ച്ചയും ഒന്നിച്ചു വന്നാലും പള്ളിയിൽ പോകില്ല എന്ന് നമ്മൾ കളിയാക്കുന്ന ഗണത്തിൽ വരുന്ന പലരും ഭക്തിയുടെ മാർഗ്ഗം തേടി. ആദ്യകുർബ്ബാനയ്ക്ക് മാത്രം പള്ളിയിൽ പോയവരും വീടിനകത്ത് പ്രാർത്ഥന നടത്താൻ സമയം കണ്ടെത്തി.
പുറത്തേക്കിറങ്ങാൻ ഇളവു വന്നപ്പോഴും കൈകഴുകാനും കൈ അണുമുക്തമാക്കാനും മുഖം മറച്ചുനടക്കാനും നമ്മൾ ശീലിച്ചു. ഇത് കൊറോണയിൽ നിന്നു മാത്രമല്ല നമുക്ക് സംരക്ഷണം നൽകിയത്, പുകമലിനീകരണങ്ങളും ശ്വാസകോശ രോഗങ്ങളുമൊക്കെ ഗണ്യമായി കുറഞ്ഞു. ജനങ്ങൾ ആശുപത്രികളിൽ ചെല്ലാതായതോടെ അനാവശ്യമായ സ്കാനിംഗുകളും ഓപ്പറേഷനുകളും അപ്രത്യക്ഷമായി. അതൊന്നും ഇല്ലെങ്കിലും ജീവിച്ചുപോകാമെന്ന് ആളുകൾക്ക് മനസ്സിലായി.
എന്നാൽ എല്ലാം പറയണമല്ലോ, പലരംഗത്തും ദോഷകരമായി ബാഡിച്ച കോവിഡ് ഏറ്റവും സഹായകരമായത് എഴുത്തുകാർക്കാണ്. ഇതുവരെ മുടങ്ങിക്കിടന്ന പല സൃഷ്ടികളും പൂർത്തിയാക്കാൻ അവർക്ക് സമയം കിട്ടി. പല പുതിയ സൃഷ്ടികളും ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പിറവി കൊണ്ടു. ഇതു വരെ ഒരു വരിപോലും എഴുതാത്തവരും എഴുത്തുകാരാണെന്ന് തിരിച്ചറിഞ്ഞു.
ഇങ്ങനെ ഗുണദോഷ സമ്മിശ്രമായ കാലമായിരുന്നു കഴിഞ്ഞ വർഷം. അതിതീവ്ര കോവിഡ് ഇവിടെ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു, ജാഗ്രത തുടരണം എന്നർത്ഥം.. അതേ പോലെ ആർഭാടങ്ങൾക്കും അഹങ്കാരങ്ങൾക്കുമപ്പുറം മനുഷ്യന്റെ നിസ്സാരത നമ്മെ ബോദ്ധ്യപ്പെടുത്തിയ ഈ കാലമുണ്ടല്ലോ,അതൊരിക്കലും നമ്മുടെ മനസ്സിൽ നിന്നും മാഞ്ഞു പോകുകയും ചെയ്യരുത്..
Click this button or press Ctrl+G to toggle between Malayalam and English