ആസിഫാ ബാനോയ്ക്… കണ്ണുനീരോടെ

 

 

 

 

 

 

വിടരാൻ കൊതിച്ചൊരു പൂമൊട്ടു നിന്നെ
ഞെട്ടറ്ററുത്തിട്ടു ഈ കപടലോകം
പൂമണം തൂകേണ്ട നിൻ നൈർമല്യ ബാല്യം
പിച്ചി എറിഞ്ഞവർ കശ്മലന്മാർ
നിന്നിളം മേനിയിൽ കാമ വെറി പൂണ്ട്
മൃഗതൃഷ്ണയാടിയവർ കാപാലികർ

പകൽ വെളിച്ചത്തിൽ വെളുക്കെ ചിരിച്ചവർ
കുറുക്കന്റെ കണ്ണാൽ ഉഴിഞ്ഞു നോക്കും
ഇരുട്ടിന്റെ മറവിലോ പച്ച മാംസത്തിൻ
രുചിതേടും നരഭോജികൾ, കാമ പേപ്പട്ടികൾ

വേദനകളെപ്പോഴും വേദനിക്കും മനസ്സിന്നു
മറ്റുള്ളവർക്കതു കേവലം നെടുവീർപ്പുകൾ
വിടരാൻ കൊതിച്ചൊരു പൂമൊട്ടു നിന്നെ
ഞെട്ടറ്ററുത്തിട്ടു ഈ കപടലോകം
പൂമണം തൂകേണ്ട നിൻ നൈർമല്യ ബാല്യം
പിച്ചി എറിഞ്ഞവർ കശ്മലന്മാർ

വേദനകൊണ്ടു പുളയുമ്പോഴൊക്കെയും
നീ വിളിച്ചില്ലേ നിൻ ദൈവങ്ങളെ…
മുപ്പത്തി മുക്കോടി ദൈവങ്ങളിലൊന്ന് പോൽ
കേട്ടില്ല നിന്റെ ആ ആർത്തനാദം
കേട്ടില്ല നിന്റെ ആ ദീന രോദം…
നിന്റെ ദൈവത്തെ വിളിച്ചല്ലയോ നീ
പൊട്ടിക്കരഞ്ഞതെൻ പ്രിയ തോഴി
എന്റെ ദൈവങ്ങൾക്കതു കേട്ടുകൂടാ……
എന്റെ ദൈവങ്ങളതു കേൾക്കുകില്ല
എന്റെ ദേവാലയത്തിന്നകത്തേക്കു
നിന്റെ ദൈവങ്ങൾക്ക് വന്നുകൂടാ…

ഗീതയും ഖുറാനും ബൈബിളും തുറന്നു
പെണ്ണുടലുകൾ തിരയുന്നവർ ചുറ്റിലും
കപട വേദാന്ത വാതികളവരിന്നു
ദൈവങ്ങളെ തന്നെ തടവിലാക്കി

അകത്തെ മാലിന്യം പുണ്യാഹം തളിച്ച്
അക മനമതു നീ ശുദ്ധമാക്കൂ…
അക മനമതു ശുദ്ധമല്ലാത്തവൻ
ബിംബം കുളിപ്പിക്കട്ടെന്തു കാര്യം
ശുദ്ധമായ്, പ്രഫുലമായ് മനമല്ലേ തീരേണ്ടു
വേദങ്ങൾ ചൊല്ലിയതും അത് തന്നെയല്ലയോ…

വിടരാൻ കൊതിച്ചൊരു പൂമൊട്ടു നിന്നെ
ഞെട്ടറ്ററുത്തിട്ടു ഈ കപടലോകം
പൂമണം തൂകേണ്ട നിൻ നൈർമല്യ ബാല്യം
പിച്ചി എറിഞ്ഞവർ കശ്മലന്മാർ

ഈ ശ്മശാന മൂകതയിൽ നിന്ന്
വെറുതെ ആശിച്ചു പോകുന്നു ഞാൻ
വീണ്ടും ഒരുനാൾ വരും, വീണ്ടും ഒരുനാൾ വരും,
പൊന്നിൻ വെളിച്ചം പരത്തി ഒരു നറു പകൽ
കിഴക്കിന്റെ ദിക്കിൽ ഉയർന്നു പൊങ്ങും
ഈ ശാപ ഭൂമിയെ ശുദ്ധികലശം ചെയ്തു
പുണ്യ ഭൂമിയായ് തീരുന്ന നാൾ വരും
അമ്മയും പെങ്ങളും പൂജ്യരാണെന്നുള്ള
ഭാരത ദർശനം അത് സത്യമാവും

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

1 COMMENT

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English