അകാലത്തിൽ ലോകത്തോട് വിടപറഞ്ഞ അഷറഫ് അടൂറിനെ സുഹൃത്തും കഥാകാരനുമായ വിനു എബ്രഹാം സ്മരിക്കുന്നു. തന്റെ ഫേസ്ബുക് വാളിലാണ് വിനു ഈ കുറിപ്പ് പങ്കുവെച്ചത്:
ഏകദേശം 15 വർഷങ്ങൾക്കപ്പുറം ഞാൻ ദി വീക്ക് വാരികയുടെ കേരള ലേഖകൻ ആയി ജോലി ചെയ്യുമ്പോഴാണ് അഷ്‌റഫ് ആഡൂർ എന്ന കഥാകൃത്തിനെ പരിചയപ്പെടുന്നത്.വാരികയിൽ മലയാള സാഹിത്യത്തിൽ ശ്രദ്ധേയരായ അടിസ്ഥാന വർഗ തൊഴിലാളികൾ ആയ എഴുത്തുകാരെ അവതരിപ്പിക്കുന്ന ഒരു ഫീച്ചർ തയ്യാറാക്കുന്നതിന്റെ ഭാഗമായിരുന്നു ആ പരിചയപ്പെടൽ.സി.അഷ്റഫ്, പി.എൻ.കിഷോർകുമാർ, പവിത്രൻ തീക്കുനി, അഷ്റഫ് ബത്തേരി തുടങ്ങിയവർ ആയിരുന്നു മറ്റുള്ളവർ.ചെറിയ കഥകൾ എഴുതി ശ്രദ്ധ നേടി തുടങ്ങിയിരുന്ന അഷ്റഫ് ആഡൂരിനെ ദേശീയ തലത്തിൽ തന്നെ ആ ഫീച്ചറിലൂടെ അവതരിപ്പിക്കാനായി. കെട്ടിടം വാർക്ക പണി തൊഴിലാളി ആയിരുന്ന അഷ്‌റഫിന്റെ ജീവിത ദുരിതങ്ങൾക്കിടയിൽ അത്രയെങ്കിലും എനിക്കു ചെയ്യാൻ കഴിഞ്ഞല്ലോ എന്നൊരു സന്തോഷം ഉണ്ടായി.
എന്നാൽ വിധി കഠിന രോഗത്തിന്റെ രൂപത്തിൽ മാരക പീഡനങ്ങൾ ആ ജീവിതത്തിൽ സമ്മാനിക്കാനിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു എന്നു അന്ന് അറിഞ്ഞില്ല.ഇപ്പോഴിതാ കുറേ നല്ല കഥകളും ഏതാനും പുസ്തകങ്ങളും ബാക്കി വച്ചു അഷ്റഫ് നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു.
പ്രിയ അഷ്റഫ് ആഡൂരിനു ആദരാഞ്ജലികൾ..