അശാന്തന് വിട

artist_ashanthan_passes
ലോകത്തിന്റെ മുഴുവൻ അസ്വസ്ഥതയും ഒരു പേരിൽ പേറി ജീവിച്ച ചിത്രകാരൻ വി.കെ. മഹേഷ് (50) വിട പറഞ്ഞു. ചങ്ങമ്പുഴയുടെ രമണൻ ക്യാൻവാസിലേക്ക് പകർത്തുകയായിരുന്നു അശാന്തൻ. കേരളത്തിന്റെ ചിത്രകലാ ചരിത്രത്തിൽ തന്റേതായ ഇടമുള്ള മൗലിക കലാകാരനായിരുന്നു അശാന്തൻ. അശാന്തമായിരുന്ന ഒരു കാലത്ത് ജീവിച്ചിരുന്നപ്പോളും ആവുന്നത്ര ശാന്തതയോടെ സഹജീവികളോട് ഇടപെടാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. രമണൻ ചിത്രങ്ങളുടെ പരമ്പര തയ്യാറാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി മരണം തേടിയെത്തിയത്. ജീവിതത്തിലും ചിത്രങ്ങളിലും നാടൻ ലാളിത്യം കാത്തു സൂക്ഷിച്ച അപൂർവം വ്യക്തികളിൽ ഒരാളായിരുന്നു മഹേഷ് എന്നാണ് ഒപ്പമുണ്ടയിരുന്നവരുടെ ഓർമ.

പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തൻ (വി.കെ. മഹേഷ്-50) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് ഇടപ്പള്ളിയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. എറണാകുളം ദർബാർഹാൾ ആർട്ട്ഗാലറിയിൽ മൃതദേഹം പൊതുദർശനത്തിനു വച്ചശേഷം ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിച്ചു. പോണേക്കര പീലിയാട് തന്പിൽ പരേതരായ കുട്ടപ്പന്‍റെയും കുറുന്പയുടെയും മകനാണ്. ഭാര്യ: മോളി. 1998, 99, 2007 വർഷങ്ങളിലെ കേരള ലളിതകലാ അക്കാദമി അവാർഡും സി.എൻ. കരുണാകരൻ സ്മാരക അവാർഡും അശാന്തനു ലഭിച്ചിട്ടുണ്ട്. ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങന്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകല-വാസ്തുകലാ അധ്യാപകനായിരുന്നു. ചിത്രകലയിലും ശില്പകലയിലും ഡിപ്ലോമ നേടിയ അശാന്തൻ അമേച്വർ നാടക സംവിധായകനും അഭിനേതാവും ആയിരുന്നു. ഏറെക്കാലം വേദപഠനം നടത്തിയിരുന്നു. വിദേശങ്ങളിൽ ഉൾപ്പെടെ 200 ഓളം സ്ഥലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തി. 90 ലേറെ കലാക്യാന്പുകളിലും പങ്കെടുത്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English