അശാന്തമായ ഇടങ്ങൾ

27459697_10155297693981238_2968659977979292279_n

 

ക്ഷേത്രം അശുദ്ധിയാവുമെന്ന് ആരോപിച്ച് പ്രശസ്ത ചിത്രകാരന്‍ അശാന്തന്‍ മഹേഷിന്റെ മൃതദേഹം എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് ഗ്യാലറിയുടെ മുന്നില്‍ പൊതുദര്‍ശനത്തിന് വെക്കുന്നത് അമ്പലകമ്മറ്റിക്കാര്‍ തടഞ്ഞിരുന്നു. പ്രതിഷേധത്തിനിടയില്‍ മുന്‍വശം തൂക്കിയിരുന്ന അശാന്തന്‍ മാസ്റ്ററുടെ ചിത്രത്തിന്റെ ഫ്‌ളക്സും ഇവര്‍ വലിച്ചുകീറുകയുണ്ടായി. ദളിതനായ ഇദ്ദേഹത്തിന്റെ മൃതദേഹം സമീപത്തുകൂടെ കടന്നുപോയാല്‍ ക്ഷേത്രം അശുദ്ധിയാകുമെന്നായിരുന്നു ഇവരുടെ ആരോപണം. തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ അക്കാദമിയുടെ സാധാരണയായി തുറക്കാറില്ലാത്ത മറ്റൊരു ഗെയ്റ്റിലൂടെ മൃതദേഹം കയറ്റാമെന്നും കിഴക്ക് വശത്തുള്ള ചെറിയ വരാന്തയില്‍ മൃതദേഹം വെക്കാന്‍ അനുവദിക്കാമെന്നും ക്ഷേത്രം ഭാരവാഹികള്‍ സമ്മതിച്ചു. വന്‍ പോലീസ് സന്നാഹം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. കേരള ലളിതകലാ അക്കാദമി അവാര്‍ഡുകള്‍, സി.എന്‍.കരുണാകരന്‍ മെമ്മോറിയല്‍ അവാര്‍ഡ്, കൊല്ലം സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ അവാര്‍ഡ് തുടങ്ങിയവ നേടിയ കേരളത്തിന്റെ അഭിമാനമായ ചിത്രകാരന് നേരിട്ട അവഗണനയിൽ വൻ പ്രതിഷേധമാണ് സാംസ്കാരിക കേരളം രേഖപ്പെടുത്തുന്നത്.

ഈ വിഷയത്തെപ്പറ്റി കവിയും,നോവലിസ്റ്റുമായ മനോജ് കുറൂർ എഴുതിയ കുറിപ്പാണ് ചുവടെ:

‘ചിത്രകാരൻ അശാന്തന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്നതു ക്ഷേത്രവുമായി ബന്ധപ്പെട്ടവരോ അങ്ങനെ ഭാവിക്കുന്നവരോ തടഞ്ഞത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തീർച്ചയായും പരസ്പരം ബന്ധപ്പെട്ട രണ്ടു പ്രശ്നങ്ങൾ ഇതിലുണ്ട്.

ഒന്നാമത്തേത് ആരാധനാലയത്തിനു പുറത്തുള്ള ഇടങ്ങൾ സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവകാശം. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ ഒരു ചിത്രകാരന്റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുക എന്ന പ്രസക്തവും ന്യായവും അനിവാര്യവുമായ കാര്യമാണ് ഇതിൽ ലംഘിക്കപ്പെട്ടത്. എതിർത്തവർ നടത്തിയ അക്രമപ്രവർത്തനം ആദരവിനു പകരം അനാദരിക്കൽകൂടിയായി.

രണ്ടാമത്തേത് വേണമെങ്കിൽ മാത്രം പരിഗണിക്കാവുന്ന കീഴ്‌വഴക്കങ്ങളുടേതാണ്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കാര്യമാണെങ്കിൽപ്പോലും വിശ്വാസികളുടെ വികാരവും സൗകര്യം മാനിച്ച് ചില ഒത്തുതീർപ്പുകൾ പൊതുസമൂഹവും സർക്കാരും ചിലപ്പോൾ ചെയ്യാറുണ്ട്. ഇക്കാര്യത്തിൽ അതും പ്രസക്തമല്ല. കാരണം ഇതിനു മുമ്പും പലരുടെയും മൃതദേഹം എറണാകുളം ദർബാർ ഹാളിൽ പൊതുദർശനത്തിനു വച്ചിട്ടുണ്ട്. ഇങ്ങനെ നോക്കുമ്പോൾ ഇതിലെ അയിത്തപ്രശ്നവും കാണാതിരിക്കാനാവില്ല. ഇതു ദലിത് വിവേചനമല്ലാതെ മറ്റൊന്നുമല്ല.

വിശ്വാസത്തിന്റെ പേരിലുള്ള സംഘടിതമായ ഉന്മാദത്തോടു യുക്തിയുടെ ഭാഷ സംസാരിക്കാനാവില്ല എന്നതാണ് ഇന്നിന്റെ ഏറ്റവും വലിയ ദുരന്തം എന്നുകൂടി ചേർക്കുന്നു.’

(എറണാകുളം ദർബാർ ഹാളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ച രണ്ടു ചിത്രങ്ങൾ ഒപ്പം ചേർക്കുന്നു. ഒന്ന് ചിത്രകാരൻ അശാന്തന്റേത്. മറ്റൊന്ന് ചലച്ചിത്ര സംവിധായകൻ ശശികുമാറിന്റേത്.)

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English