കവിതയുടെ ആശാന്റെ ‘ചിന്താവിഷ്ടയായ സീത’ നൂറിന്റെ നിറവിൽ എത്തിയ സാഹചര്യത്തിൽ തോന്നയ്ക്കൽ ആശാൻ സ്മാരകം മൂന്നുദിവസം നീളുന്ന ദേശീയ സാംസ്കാരികോൽസവത്തിനു വേദിയാകുന്നു. 29നു കുമാരനാശാന്റെ എഴുത്തുപുരയിൽ രാവിലെ 10നു പുഷ്പാർച്ചനയോടെ ആഘോഷങ്ങൾക്കു തിരിതെളിയും.ആഘോഷങ്ങളോടനുബന്ധിച്ച് നിരവധി കല സാംസ്കാരിക പരിപാടികളാണ് അരങ്ങേറുന്നത്.
സംസ്ഥാന സാംസ്കാരിക–വിനോദ സഞ്ചാര, പബ്ലിക് റിലേഷൻസ് വകുപ്പുകളുടെയും കേരള സംഗീതനാടക അക്കാദമിയുടെയും സഹകരണത്തിലാണു പരിപാടികൾ സംഘടിപ്പിക്കുന്നത്. 10.30ന് ആശാൻ കാവ്യാലാപനം, 11.30നു ‘ചിന്താവിഷ്ടയായ സീത’ നൂറാം വാർഷികാചരണം കെ.ആർ.മീര ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 5.30നു സാംസ്കാരികോൽസവം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഡപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷനാകും.തുടർന്ന്, കുമാരനാശാന്റെ ‘കരുണ’ എന്ന കാവ്യത്തിനു കഥകളി ഭാഷ്യം നൽകി അവതരിപ്പിക്കും. നടൻ നെടുമുടിവേണു ഉദ്ഘാടനം ചെയ്യും.
30നു ദേശീയ കവിസമ്മേളനം മുൻ നാഷനൽ ബുക്ട്രസ്റ്റ് ചെയർമാൻ കന്നഡ കവി ഡോ. സുമതീന്ദ്ര നാഡിക് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30നു സാംസ്കാരിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പ്രഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള അധ്യക്ഷനാകും, രാത്രി ഏഴിനു നാടകം വാക്കുപൂക്കും കാലം. 31ന് ഉച്ചയ്ക്കു രണ്ടിനു കവിസമ്മേളനം ഒ.വി.ഉഷ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30നു സമാപന സമ്മേളനം മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. കുമാരനാശാന്റെ ജീവിതത്തെ ആസ്പദമാക്കി ഇൻസ്റ്റിറ്റ്യൂട്ട് നിർമിക്കുന്ന മാറ്റുവിൻ ചട്ടങ്ങളെ എന്ന നാടകത്തിന്റെ ഔപചാരിക പ്രഖ്യാപനം മുകേഷ് എംഎൽഎ നിർവഹിക്കും. ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയ പ്രഥമ കുമാരകവി പുരസ്കാരവും ചടങ്ങിൽ വിതരണം ചെയ്യും. 6.30നു വാസവദത്ത എന്ന നൃത്തശിൽപത്തോടെ ആഘോഷങ്ങൾക്കു സമാപനമാകും