ഒന്ന്
കണ്ണാടി
കുശുമ്പും പൊടിയും വക്രതയും വെടിഞ്ഞു
നന്നാവുകയാണെങ്കിൽ
എനിക്ക് പിന്നെ ഒരു ചങ്ങാതിയെന്തിന്
ഞാൻ കരയുമ്പോൾ എന്റെ ഉറ്റ തോഴനെപ്പോലെ
പൊട്ടിച്ചിരിക്കാൻ നോക്കില്ല ഈ കണ്ണാടി
ഞാൻ ചിരിക്കുമ്പോൾ എന്റെ ഉറ്റ തോഴനെപ്പോലെ
പൊട്ടിക്കരയാൻ തുനിയില്ല ഈ കണ്ണാടി
രണ്ട്
കണ്ണാടി കാണ്മോളവും
എന്റെ ഇടതുകാലിലെ മന്ത്
പ്രതിരൂപത്തിന്റെ വലതുകാലിലായിരിക്കും
എന്റെ അപൂർണ്ണതയെ പൂർണ്ണമാക്കാനുള്ള
കണ്ണാടിയുടെ ശ്രമം എത്ര ശ്‌ളാഘനീയമാണ്
മൂന്ന്
കണ്ണാടിയുടെ ചാർച്ചയിലുള്ള
ഒരു അപരനാണല്ലോ ഇയാൾ
മരണം എന്ന വികൃതിച്ചെക്കന്റെ
ഒറ്റ കല്ലേറിൽ
പൊട്ടിച്ചിതറും ഇയാളും
നൂറു ചില്ലുനുറുങ്ങുകളായി
നാല്
ജലാശയങ്ങൾ
ദേശാടനപ്പക്ഷികൾക്ക് മുഖം നോക്കാനുള്ള
ദർപ്പണങ്ങളാണോ
ഒരു വേള ആ കണ്ണാടികൾ
മുഖരഹിതനായ ദൈവം ഉപേക്ഷിച്ചതാകാം
അഞ്ച്
ആരുടെ മുഖം നോക്കാനായിരിക്കും
പച്ചക്കൊടുമുടിയിൽ
വെണ്മേഘം വന്ന് തങ്ങുന്നത്
മുഖരഹിതനായ ദൈവത്തിന്റെ
അസ്സൽമുഖത്തെയൊ.