ലക്ഷങ്ങള്‍ വിലമതിക്കുന്ന വെളള ആഡംബരക്കാര്‍ രണ്ടാള്‍പ്പൊക്കമുളള ഇരുമ്പ് ഗേറ്റിനു മുമ്പില്‍ എത്തിയതും സെക്യൂരിറ്റി ബഹുമാനത്തോടെ ഓടിയെത്തി ഗേറ്റു തുറന്നു. അവിടെനിന്നും തുടങ്ങുന്ന കോണ്‍ക്രീറ്റ് വഴിയിലൂടെ കാറ് ഒഴുകി നീങ്ങി. വഴിയ്ക്കിരുവശവും പലതരം വര്‍ണപുഷ്പങ്ങളും ആഢംബരച്ചെടികളും അടങ്ങിയ ഉദ്യാനം. ഉദ്യാനപാലകന്‍ താന്‍ ചെയ്തിരുന്ന ജോലി നിര്‍ത്തി കാറിലേക്ക് നോക്കി ബഹുമാനപുരസ്സരം നിശ്ചലം നില്‍പ്പുണ്ടായിരുന്നു. ആഢംബരകാര്‍ മനോഹരങ്ങളായ കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ബംഗ്ലാവിനുമുന്നില്‍ നിന്നു. ഡ്രൈവര്‍ തുറന്നുപിടിച്ച ഡോറിലൂടെ ബിസിനസ്സ് മാന്‍ ജയവര്‍ദ്ധന്‍ പുറത്തിറങ്ങി. ഗ്രാനൈറ്റുകള്‍ കൊണ്ടു ഭംഗിയാക്കിയ ആ ബംഗ്ലാവിലേക്ക് തലയുയര്‍ത്തിപ്പിടിച്ച് ഒരു ബിസിനസ്സ് കാരനു യോജിച്ച ഗൌരവ ഭാവത്തോടെ അയാള്‍ കയറിപ്പോയി. മധ്യവയസ്സിനോടടുത്തെങ്കിലും യുവത്വം വിട്ടുമാറാത്ത പ്രകൃതം. ഒററനോട്ടത്തില്‍ ആരും ഒന്നു ബഹുമാനിച്ചുപോകുന്ന രൂപം.
ജയവര്‍ദ്ധന്‍ കടന്നുചെല്ലുമ്പോള്‍ അരുന്ധതി കൈലേസില്‍ പൂക്കള്‍ തുന്നുന്ന തിരക്കിലായിരുന്നു. ഭര്‍ത്താവ് കടന്നുവന്നത് അവര്‍ അറിഞ്ഞില്ല എന്നുതോന്നി. പുരാതനമായ ഒരു നായര്‍ തറവാട്ടിലെ ഏക സന്തതിയാണ് അരുന്ധതി. പാതിയടഞ്ഞ നീണ്ടമിഴികള്‍ അവരുടെ മുഖത്തിന്‍റെ പ്രത്യേകതയായിരുന്നു. തറവാടിന്‍റെ എല്ലാ പ്രൌഢിയും, കുലീനത്വവും അവരുടെ വദനത്തില്‍ പ്രതിഫലിച്ചുകണ്ടു. ഇരുവശങ്ങളിലേക്കും വിടര്‍ത്തിയിട്ട നീണ്ട സില്‍ക്കുനാരുപോലുളള മുടിയിഴകള്‍ അവരുടെ വദനത്തിന്‍റെ കാന്തി പതിന്‍മടങ്ങു വര്‍ദ്ധിപ്പിക്കുന്നു. സീമന്തരേഖയില്‍ ഇളംചുവപ്പു സിന്ദൂരം മായാതെ എപ്പോഴും കാണും. ഇരുവശത്തും വീതിയേറിയ കോട്ടണ്‍ സാരിയിലും, നെറ്റിയില്‍ ചാര്‍ത്തുന്ന കളഭത്തിലും കഴിയും അവരുടെ ഒരുക്കം. സ്ഥായിയായ ഒരു ദുഖഭാവം അവരുടെ മിഴികളില്‍ നിഴലിച്ചിരുന്നു.
ഭര്‍ത്താവ് പോയിക്കഴിഞ്ഞാല്‍ പലതരം പൂക്കള്‍ ഉണ്ടാക്കി ബംഗ്ലാവിന്‍റെ ഓരോമുറിയും അലങ്കരിക്കുന്നതില്‍ വ്യാപൃതയാകും അരുന്ധതി. ബാക്കി സമയം വായനാമുറിയില്‍ കഴിച്ചുകൂട്ടും. കുഞ്ഞുന്നാളിലെ തുടങ്ങിയ വായനാശീലം ഇപ്പോള്‍ സമയം പോകാന്‍ ഏറെ സഹായമായി മാറി. ഒട്ടുമിക്ക എഴുത്തുകാരുടേയും പുസ്തകങ്ങള്‍ അടങ്ങിയ ഒരു വലിയശേഖരം തന്നെ അവരുടെ കൈയ്യില്‍ ഉണ്ട്.
“അരുന്ധതി, ഇതാ നീ ആവശ്യപ്പെട്ട പുസ്തകം നഷ്ടപ്പെട്ട നീലാംബരി.”
“ജയേട്ടനെപ്പഴാ വന്നത്? ഞാനറിഞ്ഞില്ല.”
“ഞാനെത്തിയതേയുളളൂ.”
“ചായയെടുക്കാന്‍ പറയാം”, ഭര്‍ത്താവ് കൊണ്ടു വന്ന പുസ്തകങ്ങള്‍ ഒന്നോടിച്ചുനോക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.
ജോലിക്കാരി കൊണ്ടു വച്ച ചായ ജഗ്ഗില്‍ നിന്നും കപ്പിലേക്ക് പകരുന്നതിനിടയില്‍ ഭര്‍ത്താവിനോടു പറയാനുളള കാര്യങ്ങള്‍ പലവട്ടം മനസ്സിലിട്ടു അടുക്കിപറക്കുകയായിരുന്നു അവര്‍. ഭര്‍ത്താവിനു ചായ നല്‍കികൊണ്ട് അവർ വിക്കി വിക്കി പറഞ്ഞുതുടങ്ങി.
“തറവാട്ടില്‍നിന്ന് അമ്മാവന്‍ വന്നിരുന്നു. അമ്മാവന്‍ പറയുന്നു മണ്ണാറശ്ശാലയില്‍ ഉരുളി കമഴ്ത്തിയാല്‍കുട്ടികള്‍ ഉണ്ടാകുമെന്ന് …”
“അരുന്ധതി.., നിനക്കറിയാവുന്നതാണ് എനിക്കിതിലൊന്നും ഒരു വിശ്വാസവും ഇല്ലെന്ന്. വീണ്ടും വീണ്ടും എന്തിനാണ് നീയിതു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നത?”
“ജയേട്ടാ…, കഴിഞ്ഞ പത്ത് കൊല്ലമായി രണ്ടാളും സ്ഥിരമായി മരുന്നുകഴിക്കുന്നു. ഇനിപോകാന്‍ ഒരു ഹോസ്പിറ്റലും, കാണാന്‍ ഒരു ഡോക്ടറും ബാക്കിയില്ല. ചികിത്സക്കായി നമ്മള്‍ ചിലവിട്ട തുകയ്ക്കും ഒരുകണക്കുമില്ല. ലക്ഷങ്ങള്‍ മുടക്കിയുളള ചികിത്സയും, സര്‍ജറിയും ഒക്കെ കഴിഞ്ഞില്ലെ ഡോക്ടര്‍മാരില്‍ എനിക്കുളള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. മനുഷ്യര്‍ക്ക് സാധിക്കാത്ത പലതും ദൈവങ്ങള്‍ക്ക് സാധിക്കും. ഒന്നു ശ്രമിച്ചുകൂടെ നമ്മള്‍ക്കും.”
“അരുന്ധതി.., ഇതൊഴിച്ച് എന്തുവേണമെങ്കിലും നിനക്കു പറയാം. പിന്നെ അടുത്ത ആഴ്ച ഒരു യാത്രയ്ക്ക് ഒരുങ്ങിക്കോളൂ. സിംഗപ്പൂരിലേക്ക് അവിടെ പ്രഗത്ഭനായ ഒരു ഡോക്ടര്‍ ഉണ്ട്. അദ്ദേഹത്തെ ഒന്നു കണ്ടുനോക്കാം.”
“ഉംംം.. ശരി പോകാം, പക്ഷെ.. ജയേട്ടന്‍എനിക്കൊരു വാക്കു തരണം. ഇനിയും ഒരു പ്രയോജനവും ഇല്ലെങ്കില്‍ , ജയേട്ടന്‍ ഒരു പുതിയ ജീവിതം തുടങ്ങണം.. എന്നെ ഉപേക്ഷിച്ച്. എന്തിനാ എനിക്കുവേണ്ടി ജയേട്ടന്‍റെ ജീവിതം കൂടി ഇങ്ങനെ ശൂന്യമാക്കി കളയുന്നത്. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ ജയേട്ടനു സമ്മതമല്ല. അപ്പോള്‍പിന്നെ ഇങ്ങനൊരു വഴി മാത്രമെ ഞാന്‍ കാണുന്നുളളൂ. എന്നെ ഉപേക്ഷിച്ചേക്കൂ.”
“എല്ലാം ഇതോടെ ശരിയാകും. ഇല്ലെങ്കില്‍ എനിക്കു നീയും, നിനക്കു ഞാനും മാത്രം മതി. പൂവും കായും ഇല്ലാത്ത മരങ്ങളില്ലെ ഈ ഭൂമിയില്‍. ഒരു പാഴ് വിത്തുപോലും മുളയ്ക്കാത്ത മരുഭൂമിയില്ലേ. ഇതെല്ലാം പ്രകൃതി നിയമങ്ങളാണ്. പിന്നെ നമ്മുക്കു ജീവിച്ചാലെന്താ.. മക്കളില്ലാതെ? ഭര്‍ത്താവിന്‍റെ നെഞ്ചിലേക്ക് മുഖമമര്‍ത്തുമ്പോള്‍ അവരുടെ മിഴികള്‍ നിറഞ്ഞൊഴുകുകയായിരുന്നു.
എന്നാല്‍ ആ സിംഗപ്പൂര്‍ യാത്ര അവരുടെ ജീവിതത്തിലേക്കും സന്തോഷങ്ങള്‍ കൊണ്ടു വന്നു. മാസങ്ങളോളം ആശുപത്രിവാസം, ഇഞ്ചക്ഷന്‍, മരുന്ന്, ട്രിപ്പ് ഒക്കെ ഒരു കുഞ്ഞിനു വേണ്ടി. ഇത്രയും കാലം മുഴുവനും ജയവര്‍ദ്ധനന്‍, അരുന്ധതിയ്ക്കൊപ്പം തന്നെയുണ്ടായിരുന്നു. ഒരു കുഞ്ഞിനേക്കാള്‍ വലുതല്ലല്ലൊ ഒരു ബിസിനസ്സും, അല്ലെങ്കില്‍തന്നെ ഒരു കുഞ്ഞില്ലെങ്കില്‍ ഇതിനൊക്കെ എന്തര്‍ഥം. അവസാനം അവര്‍ കാത്തുകാത്തിരുന്ന ആ സന്തോഷം, കാലം അവര്‍ക്കു മുന്നില്‍ കൊണ്ടു വന്നു. അരുന്ധതി ഒരാണ്‍കുഞ്ഞിനു ജന്മം നല്‍കി.
ഈ ലോകം മുഴുവന്‍ തന്റെ കൈപിടിയില്‍ ഒതുങ്ങിയാല്‍ എന്ന പോലെ ജയവര്‍ദ്ധന്‍ ആഹ്ലാദിച്ചു. മരുന്നുകളുടെ പുറത്തുണ്ടായ സന്തതി, അതിനാല്‍ തന്നെ പിന്നെയും ഏറെ നാള്‍ ആശുപത്രിയില്‍ കഴിയേണ്ടാതായി വന്നു ആ ദമ്പതികള്‍ക്ക്. ഏകദേശം രണ്ടു വര്‍ഷക്കാലം നാടും വീടും ഉപേക്ഷിച്ച്, ആശുപത്രിയിലെ ഒരു മുറിയില്‍ ജയിലില്‍ എന്നപോലെ കഴിയുമ്പോഴും അരുന്ധതിക്ക് മനസ്സില്‍ സന്തോഷം മാത്രമായിരുന്നു. ഈ കഷ്ടപ്പാടുകള്‍ ഒരു വലിയ സന്തോഷത്തിന്റെ മുന്നോടി ആണല്ലോ.
ആശുപത്രി വാസത്തിനൊടുവില്‍ തന്റെ കുഞ്ഞിനേയും കൊണ്ട് മടക്കയാത്ര. ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലായിരുന്ന അരുന്ധതിക്ക് ഇപ്പോള്‍ തിരക്കോടുതിരക്ക്. മകന്റെ ചുണ്ടില്‍ പാല്‍ പുഞ്ചിരി വിരിയുമ്പോള്‍ ‘ഒരു പൂമൊട്ട് വിടരുന്നത് പോലെ’. അവന്‍ ആദ്യമായി “അമ്മേ” എന്ന് വിളിച്ചപ്പോള്‍ ഈ ഭൂമിയലെ മുഴുവന്‍ സന്തോഷവും തന്നെ വന്നു മൂടുന്നതുപോലെ .
മകന്റെ ഓരോ വളര്‍ച്ചയിലും അവന്റെ കൂടെ ഒരു നിഴലായി അരുന്ധതി ഉണ്ടായിരുന്നു. അവന്റെ എല്ലാ ഇഷ്ടങ്ങളും സാധിച്ചുകൊടുക്കാന്‍ അവരിരുവരും മത്സരിച്ചു. പരിചയക്കാരോടും ബന്ധുക്കളോടും അവന്റെ വിശേഷം മാത്രം പറഞ്ഞുകൊണ്ടിരുന്നു.
കാലം കടന്നുപോയി. അരുന്ധതിയുടെ മകന്‍ ബാല്യം കഴിഞ്ഞ് യുവത്വത്തിലേക്ക് കടന്നു. എന്തിനും ഏതിനും അമ്മ തന്റെ കൂടെ നടക്കുന്നതില്‍ അവനു അലോസരം തോന്നിത്തുടങ്ങി.
“അമ്മേ ഞാനിപ്പോള്‍ കൊച്ചുകുഞ്ഞല്ല. അമ്മ ഇങ്ങനെ എന്റെ കൂടെ നടക്കണമെന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ എനിക്കറിയാം.”
മകന്റെ പരുഷമായ വാക്കുകള്‍ ആ അമ്മയെ വൃണപ്പെടുത്തി. പക്ഷെ അപ്പോഴും മകനില്‍ വന്ന മാറ്റങ്ങള്‍ ആ അമ്മ മനസിലാക്കിയതേ ഇല്ല. അവന്റെ മുഖത്തെ നിഷ്കളങ്കഭാവം മാറി അവിടെ സകലതിനോടുമുള്ള പുച്ഛം സ്ഥാനം പിടിച്ചത് ആ മാതാപിതാക്കള്‍ ശ്രദ്ധിച്ചില്ല. അവര്‍ അപ്പോഴും മകന്റെ ആഗ്രഹങ്ങള്‍ ഒരു തടസവുമില്ലാതെ നടത്തിക്കൊടുക്കാനുള്ള മത്സരത്തിലായിരുന്നു.
കോളിംഗ് ബെല്‍ ശബ്ദിക്കുന്നത് മുകളിലെ മുറിയിലിരുന്നു അരുന്ധതി കേള്‍ക്കുണ്ടായിരുന്നു. അവര്‍ പടവുകളിറങ്ങി വരുമ്പോഴേക്കും ജോലിക്കാരി കതകു തുറന്നു കഴിഞ്ഞിരുന്നു. അകത്തേക്ക് പ്രവേശിച്ചത് കുറച്ചു കാക്കിധാരികളായിരുന്നു
“ദീപക് ഇല്ലേ ഇവിടെ?”
“ഉണ്ട്, അവന്‍ റൂമില്‍ ഉണ്ട് .”
“റൂം എവിടെയാ ?”
“മുകളില്‍ മൂന്നാമത്തെ റൂം”
പോലീസ് പടികള്‍ കയറി മുകളിലേക്ക് പാഞ്ഞു.
“എന്താ സര്‍.” അരുന്ധതിയുടെ ശബ്ദം പരിഭ്രമിച്ചിരുന്നു.
“ഓ…, അപ്പോള്‍ നിങ്ങള്‍ ഒന്നും അറിഞ്ഞില്ലെ? ചോദിക്കുമ്പോള്‍ ചോദിക്കുമ്പോള്‍ പണവും, വേണ്ടതിലധികം സൌകര്യങ്ങളും നല്‍കി മകനെ ലാളിക്കുമ്പോള്‍ അവന്‍ പുറത്തിറങ്ങി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണന്നുകൂടി അന്വേഷിക്കണം. അല്ലെങ്കില്‍ ഇങ്ങനെ വരും. ഒരു പെണ്‍കുട്ടി തന്ന കംപ്ലൈന്റിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഈ അറസ്റ്റ്. റേപ് അറ്റംപ്ന്റ്റ ആണ്. ദീപകും കൂട്ടുകാരും ചേര്‍ന്ന്. ഇത് ആദ്യമായിട്ടൊന്നുമല്ല. മറ്റു പല പെണ്‍കുട്ടികളും നാണക്കേടും, ഭാവിയുമോര്‍ത്ത് പുറത്തുപറയാത്തതുകൊണ്ട് നിങ്ങളുടെ മകന്‍ ഇത്രയും നാള്‍ മാന്യനായി നടന്നു. മകനെ രക്ഷിക്കാന്‍ പണവും സ്വാധീനവുമുള്ള അച്ഛനു നിഷ് പ്രയാസം കഴിയുമെന്നറിയാം. പിന്നെ ഈ അറസ്റ്റ്, അത് പെറ്റീഷന്‍ തന്നവരെ ബോധ്യപെടുത്താന്‍ മാത്രം. അങ്ങനെ എങ്കിലും ആ പെണ്‍കുട്ടിക്ക് ഒരു മനസമാധാനം ലഭിക്കുമെങ്കില്‍ അത്രെയും ആയല്ലോ”
അരുന്ധതിക്ക് ഭൂമി കീഴ്മേല്‍ മറിയുന്നതായി തോന്നി. പ്രജ്ഞയറ്റ് നിലംപതിക്കുന്നതിനിടയില്‍ തന്റെ മകനെ കൈയ്യില്‍ വിലങ്ങിട്ട് കൊണ്ടുപോകുന്നത് ഒരു മൂടല്‍മഞ്ഞിലെന്നോണം അവ്യക്തമായി, കണ്ണീര്‍പാളികള്‍ക്കിടയിലൂടെ അവര്‍ കണ്ടിരുന്നു.
എസ്. ഐ പറഞ്ഞതുപോലെ പണവും സ്വാധീനവും ഉപയോഗിച്ച് തന്റെ മകനെ ജയവര്‍ദ്ധന്‍ നിഷ് പ്രയാസം ഇറക്കി കൊണ്ട് വന്നു. ആ സംഭവത്തിനുശേഷം മകനെ അടുത്തുകാണുമ്പോള്‍ അരുന്ധതിയെ വല്ലാത്തൊരു ഭയം ഗ്രസിച്ചു. എന്നിരിക്കിലും ഒന്നും സംഭവിക്കാത്തതുപോലെ തന്നെ അരുന്ധതി പെരുമാറി. മകന് ഭക്ഷണം വിളമ്പി, അവനോടു വിശേഷങ്ങള്‍ തിരക്കി.
“മോനെ ഒരിക്കല്‍ നീ തെറ്റ് ചെയ്തതാണ്. അത് സാരമില്ല. പക്ഷെ ഇനിയും നീ ആ തെറ്റ് ആവര്‍ത്തിക്കരുത്.”
“ഇല്ലമ്മേ.., ഇനിയില്ല.”
മകന്റെ വാക്കുകള്‍ അരുന്ധതിക്ക് എന്തെന്നില്ലാത്ത ആശ്വാസം നല്‍കി. പക്ഷെ ഏറെ നാള്‍ അത് നീണ്ടില്ല. നിര്‍ധനയായ ഒരമ്മയുടെ ഹൃദയം പിളര്‍ക്കുന്ന നിലവിളിയാണ് അന്ന് അരുന്ധതിയേയും ജയവര്‍ദ്ധനേയും ഉറക്കത്തില്‍നിന്നും ഉണര്‍ത്തിയത്. കൂടെ ഒരു യുവതിയും ഉണ്ടായിരുന്നു. തന്റെ മകന്റെയും കൂട്ടുകാരുടെയും ക്രൂരതയുടെ അടുത്ത ഇര. ജയവര്‍ദ്ധന്‍ അവരെ പറഞ്ഞ് സമാശ്വസിപ്പിച്ച് ഒരു കെട്ട് നോട്ടുകള്‍ കൊടുത്തു. നോട്ടുകെട്ടുകള്‍ കണ്ട ആ സ്ത്രീയുടെ മിഴികള്‍ വികസിച്ചു. വല്ലാത്തോരാര്‍ത്തിയോടെ അവര്‍ കാശു വാങ്ങി മകളെയും കൂട്ടി തിരികെ പോയി. കരഞ്ഞുതളര്‍ന്ന കണ്ണുകളുമായി അരുന്ധതി തിരിയുമ്പോള്‍ പടവിനു മുകളില്‍ എല്ലാം നോക്കികൊണ്ട് നില്‍ക്കുകയായിരുന്നു ദീപക്.
പിന്നെ ഈ തെറ്റ് പതിവായി. മകന്‍ തെറ്റുകള്‍ ചെയ്യുന്നു. പിതാവ് പണത്തിന്റെ മറവില്‍ അത് മൂടിവെക്കുന്നു.
“ജയേട്ടാ, അവന്‍ ചെയ്യുന്ന തെറ്റുകള്‍ക്ക് കൂട്ടുനില്‍ക്കരുത്. ഇത് അവനെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്.”
“പിന്നെ.. ഞാനെന്തു ചെയ്യണം, കാത്തുകാത്തിരുന്നുണ്ടായ മകനെ ജയിലിലേക്ക് അയക്കണമയിരുന്നൊ? അവനെ തിരുത്താന്‍ എനിക്ക് കഴിയുന്നില്ല. പക്ഷെ സമൂഹത്തിനുമുന്നില്‍ അവനെ ഒരു കുറ്റവാളിയായി കാണാനും എനിക്ക് സാധിക്കില്ല. എന്റെ കൈയ്യില്‍ പണവും, എന്റെ ശരീരത്തില്‍ ജീവനും ഉള്ള നിമിഷം വരെ ഞാന്‍ അവനെ സംരക്ഷിച്ചുകൊണ്ടിരിക്കും.”
ആ അച്ഛനേയും, മകനെയും തിരുത്താന്‍ തനിക്കു കഴിയില്ല എന്ന സത്യം അവര്‍ മനസിലാക്കുകയായിരുന്നു. പിന്നീടുള്ള അവരുടെ ജീവിതം ഒരു മരപ്പാവയ്ക്ക് തുല്യമായി.
“അരുന്ധതി അമ്മേ” അലരികരഞ്ഞുകൊണ്ട് അടുക്കളക്കാരി അമ്മിണി ഓടിയെത്തി
“എന്താ അമ്മിണി?”
“ഇതാ നോക്കൂ.. എന്റെ മകള്‍, എന്റെ കുഞ്ഞ്, അവളെയും അമ്മയുടെ മകന്‍…”
പതിനഞ്ച് വയസ്സ് പ്രായമായ ഒരു കുഞ്ഞ്. അവളെയും…
“അരുന്ധതി അമ്മ പറയൂ ഞാനിവളെ എന്തുചെയ്യണം? സര്‍ പണം കൊടുത്തു എല്ലാരേയും തിരികെ അയക്കുമെന്ന് എനിക്കറിയാം. എനിക്ക് പണം വേണ്ട. ഇവിടെ അടുക്കളപ്പണിഎടുക്കുന്നത് എന്റെ മകളെ അന്തസ്സായി വളര്‍ത്താനും അവളെ പഠിപ്പിക്കാനും ആയിരുന്നു. അയ്യോ.. ഞാനിനി എന്തുചെയ്യും ദൈവമേ..? അരുന്ധതി അമ്മേ.. ഇവളെ അങ്ങ് കൊന്നുതരാന്‍ മകനോട് പറയൂ. എന്നെയും കൊല്ലാന്‍ പറയ്… നശിച്ചുപോകും, നിങളുടെ മകന്‍ നശിച്ചുപോകും.”
അരുന്ധതി തന്റെ ഇരു കാതുകളും കൈകൊണ്ടു പൊത്തിപിടിച്ചുകൊണ്ട് തിരിഞ്ഞോടി.
പിറ്റേന്ന് അമ്മിണിയും മകളും വിഷംകുടിച്ച് ആത്മഹത്യ ചെയ്ത വിവരം ഡ്രൈവര്‍ പറഞ്ഞാണ് അവര്‍ അറിയുന്നത്. അന്ന് രാത്രി അവര്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. മിഴികള്‍ പൂട്ടുമ്പോള്‍ ചുറ്റിനും പെണ്‍കുട്ടികളുടെ ആര്‍ത്തവിലാപങ്ങള്‍. ഇരുളിന് രൂപം വച്ച്, അവ നിഴല്‍ രൂപങ്ങളായി തന്റെ ചുറ്റും നിരന്നു കോപത്തോടെ തന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്നു.
“പാപിയെ പേറിയ ഈ ഗര്‍ഭപാത്രം കളങ്കിതപെട്ടിരിക്കുന്നു. നീയും ഒരു പപിയായി മാറിയിരിക്കുന്നു. നീ പാപി, കൊടും പാപി.”
ആ രാത്രിമുഴുവന്‍ അവര്‍ ഉറങ്ങാതെ കഴിച്ചുകൂട്ടി. പിറ്റേ ദിവസം അവരുടെ മുഖം മുറുകി കാണപ്പെട്ടു. അന്ന് മകന്റെ ഇരുപത്തിയഞ്ചാം ജന്മദിനമായിരുന്നു. അവര്‍ സ്വന്തം കൈകൊണ്ടു സദ്യവട്ടങ്ങള്‍ ഒരുക്കി. ഉച്ചക്ക് അച്ഛനും മകനും സദ്യ വിളമ്പി. പാലടപ്രഥമന്‍, മകന്റെ ഇഷ്ടമധുരം, അച്ഛനും മകനും പായസം സ്നേഹത്തോടെ വിളമ്പി. അവര്‍ പായസം കഴിക്കുമ്പോള്‍ അരുന്ധതി കണ്ണുകള്‍ ഇറുകെ പൂട്ടി നിശ്ചലം നിന്നു.
ആ അച്ഛനും മകനും നിലത്ത്കിടന്നു പിടയുന്നത് അവര്‍ അകകണ്ണാല്‍ അറിയുന്നുണ്ടായിരുന്നു. ഹൃദയവേദന ഉരുകി, കണ്ണുനീര്‍ അവരുടെ അടഞ്ഞ കണ്‍പാളികള്‍ക്കിടയിലൂടെ ഒഴുകികൊണ്ടിരുന്നു. അല്‍പസമയത്തിനുള്ളില്‍ എല്ലാ ശബ്ദങ്ങളും നിലച്ചു. അരുന്ധതി പതിയെ മിഴികള്‍ തുറന്നു. ഭര്‍ത്താവും മകനും നിലത്ത് നിശ്ചലരായി കിടപ്പുണ്ട്. അവസാനമായി തന്റെ മകന്റെ ശിരസ്സ് കൈകളിലെടുത്ത് അവര്‍ അവന്റെ മുഖത്തേക്ക് നോക്കി. ആ നിമിഷം അവന്റെ മുഖത്ത് ഒരു കുഞ്ഞിന്റെ എന്നപോലെ നിഷ്കളങ്കത കളിയാടിയിരുന്നു. മരണം വീണ്ടും അവനെ ഒരു കുഞ്ഞിന്റെ നിര്‍മലതയിലേക്ക് തിരിച്ചുകൊണ്ടുപോയി. അവന്റെ മൂര്‍ദ്ധാവില്‍ ഒരു ചുംബനം നല്‍കി അവര്‍ ഭാര്‍ത്താവിനടുത്തേക്ക് നീങ്ങി. ഭര്‍ത്താവിന്റെ ശിരസ്സ് അവര്‍ മടിയില്‍ എടുത്തു വച്ചു.
“ജയേട്ടന്‍ എന്നോട് ക്ഷമിക്കണം. പായസത്തില്‍ ഞാന്‍ വിഷം ചേര്‍ത്തിരുന്നു. ഇരുപഞ്ച് വയസ്സിനിടക്ക് ഇവന്‍ എത്ര പെണ്‍കുട്ടികളുടെ ജീവിതം പിച്ചിച്ചീന്തി. ഇനി ഇവന്‍ എത്ര പെണ്‍കുട്ടികളെ പുഴുക്കള്‍ക്ക് തുല്യം ചവിട്ടിമെതിക്കുമെന്ന് നിശ്ചയവും ഇല്ല. ഇവന് ജീവിക്കാനുള്ള അര്‍ഹതയില്ല ജയേട്ടാ. ഈ രാക്ഷസന്‍ ജീവിക്കാന്‍ പാടില്ല. അതുകൊണ്ടാ ഞാന്‍… ജയേട്ടന്‍ എന്നോട് ക്ഷമിക്കണം. എനിക്കറിയാം എത്ര നാള്‍ ആശയോടെ, പ്രതീക്ഷയോടെ കാത്തിരുന്നു കിട്ടിയ സന്തതിയാണെന്നു. അതുകൊണ്ട് തന്നെ ഇവന്റെ ജീവനെടുക്കാന്‍ ഏറ്റവും അര്‍ഹത എനിക്ക് തന്നെയാണ്.”
“ഇവനു ജന്മം നല്‍കി, ഇവന്റെ എല്ലാ തെറ്റുകള്‍ക്കും കൂട്ടുനിന്നു. അതാണ് ജയേട്ടന്റെ കുറ്റം. ആ തെറ്റില്‍ ഞാനും പങ്കാളിയാണ്. ഇനി ശേഷിക്കുന്നത് എന്റെ ജീവന്‍. അതും ഞാന്‍ എടുക്കുന്നു. മനുഷ്യര്‍ എന്നും വിധിയുടെ ബലിമൃഗങ്ങള്‍ മാത്രമാണ് ജയേട്ടാ”
കൈയ്യിലിരുന്ന പായസക്കപ്പു ചുണ്ടോടു ചേര്‍ക്കുമ്പോള്‍ അരുന്ധതിക്ക് എന്തെന്നില്ലാത്ത ആശ്വാസം തോന്നി. പിന്നെ പതിയെ നിലത്തേക്ക് വീണു പിടഞ്ഞു ആ ശരീരവും നിശ്ചലമായി. അപ്പോള്‍ അവരുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി തങ്ങി നിന്നിരുന്നു. ഒരു സ്ത്രീസമൂഹത്തെ ഒരു രാക്ഷസന്റെ പിടിയില്‍നിന്നും രക്ഷിച്ചതിലുള്ള കൃതാര്‍ത്ഥതയായിരിക്കുമൊ?