അരുണ വിട പറഞ്ഞു
അരുണാ ഷാന്‍ബാഗ് പറന്നകന്നു
ഒരു ബലാത്കാരബലിയാട് കണ്ണടച്ചു
ചേതനയറ്റ ജഡസമജീവിതസ്പന്ദങ്ങളസ്തമിച്ചു
നീണ്ട നാല്‍പത്തിരണ്ടു വര്‍ഷം വൃഥാ
വേപഥുക്കൊണ്ട പ്രാണങ്ങള്‍ പോയെങ്ങാണ്ടൊളിച്ചു
മുംബൈയില്‍ കിംഗ് എഡ്വേര്‍ഡ് ആസ്പത്രിയില്‍,
ഒരു കട്ടിലില്‍, എന്‍റെ രാഷ്ട്രമനസ്സാക്ഷി കെട്ടടങ്ങി
കാലം നാല്‍പത്തിരണ്ടാണ്ടുകള്‍ നിര്‍ദ്ദയം
ഒരു സ്വപ്നകുമാരിയെ കട്ടിലിലിട്ടു പൊരിച്ചു
അവളറിയാതെ അറുപത്തിയെട്ടുകാരിയാം
കണ്ടാലറിയാത്ത ജരാനരവൈകൃതമാക്കിച്ചമച്ചു
ഒടുവില്‍ വേദനിക്കുമൊരോര്‍മ്മയായ് മാറ്റിച്ചിരിച്ചു
ഹൃദയമില്ലാത്ത നിയമം പഠിച്ചവര്‍
ഈ കാലഘട്ടത്തില്‍ കുറ്റകൃത്യത്തിന്‍
പ്രകൃതം തിരഞ്ഞു പുലമ്പി
സമൂഹം ദയാവധസാധുതയാരാഞ്ഞലഞ്ഞു
ആരൊക്കെയോ പറഞ്ഞറിഞ്ഞു
അരുണക്ക് ബോധമുണ്ടായിരുന്നെന്ന്
പക്ഷെ ചുറ്റുമിരമ്പുന്ന ലോകത്തെ
അവര്‍ക്കറിയുവാന്‍ കഴിവില്ലയെന്ന്
അറിവിന്‍റെ ബോധവിളക്ക് തെളിയാത്തൊ-
രസ്തിത്വമെന്തായിരിക്കാം?
എല്ലാം ഊഹങ്ങള്‍, വൃഥാവാദങ്ങള്‍,
ആര്‍ക്ക് സാധിക്കും മനസ്സിലാക്കീടുവാന്‍
ജഡികമാം ഇന്ദ്രിയക്കഴികളില്‍ തലതല്ലി
ചിറകിട്ടടിച്ചു തളര്‍ന്നു വീഴും
കൂട്ടിലകപ്പെട്ട കിളിയുടെ വിഫലമാം തേങ്ങല്‍?
ഞാനും അരുണയും ഒരു തെരുവിന്‍റെ
ഇരുവശം ജോലിചെയ്തിരുന്നവര്‍
മഹാനഗരത്തില്‍ രണ്ടപരിചിതര്‍
ഒരുപക്ഷെ ഖണ്ഡിച്ചിരിക്കാം പലപ്പൊഴും
ഞങ്ങളറിയാതെ ഞങ്ങടെ വഴികള്‍
അരുണമേല്‍ വിധി ക്രൂരമാരോപിച്ച
ദാരുണദുഃഖഖ്യാതിക്കുമുന്നേ
അക്ഷീണരാം സഹപ്രവര്‍ത്തകമാരുടെ
ശ്രദ്ധയെഴുന്ന ശുശ്രൂഷയില്‍
തട്ടവും നോക്കി നീ നാല്‍പത്തിരണ്ട്
വര്‍ഷം കിടന്നുപൊരിഞ്ഞപ്പോള്‍
ഈ മഹാരാജ്യത്തിലങ്ങോളമിങ്ങോളം
സ്ത്രീജനധ്വംസനവസ്ത്രാക്ഷേപം
ലക്ഷോപിലക്ഷമരങ്ങേറിയില്ലെ,
എത്രയിവിടെക്കരഞ്ഞു ഇന്ത്യക്കാരാം
അമ്മപെങ്ങമ്മാര്‍ നെഞ്ചകം പൊട്ടിത്തകര്‍ന്ന്,
ഇന്നും നിലക്കാതെ നീണ്ടുപോകുന്നൊരു
പൂരുഷക്കോമരക്കൂത്തില്‍?
എന്തുണ്ടൊരര്‍ത്ഥം നമ്മുടെ പൊള്ളയാം
ഭാരതസംസ്കൃതിവാദങ്ങള്‍ക്ക്?
നെഞ്ചിലടിച്ചു നാം ഉച്ചത്തില്‍ ഘോഷിക്കും
ലിംഗസമത്വാവകാശവാദത്തിന്?
പാഞ്ചാലിമാര്‍ക്കെവിടെ രക്ഷകന്‍ ഈ നാട്ടില്‍
പുല്ലാങ്കുഴലൂതും കണ്ണനിന്ന്?
നിന്‍റെ ശോകാന്തമാം ചരിതമെന്തേ
അരുണേ, പുരുഷനെയൊന്നും പഠിപ്പിച്ചില്ല?
സ്ത്രീയൊരു മാംസക്കഷണമല്ല
അവളൊരു മിത്രമാണെന്ന സത്യം
തുല്യയാം പങ്കാളിയെന്ന സത്യം
അവരെന്തെ ഇനിയുമുള്‍ക്കൊണ്ടതില്ല?
ജനനം മുതലുള്ള നാളുകളില്‍
ദിവസവും ഈ മഹാതത്വശാസ്ത്രം
ഇവിടത്തെ ഓരോരൊ ആണ്‍തരിക്കും
പകരുവാന്‍ നാമെന്തേ തോറ്റുപോയി?
ആ സത്യമുള്‍ക്കൊണ്ടവര്‍ വളര്‍ന്നീടുമ്പോള്‍
വഴിവരും അമ്മ സഹോദരി പുത്രിമാരെ
ആദരപൂര്‍വകമഭിവാദനം ചെയ്ത്
ലോകത്തിന്‍ മാതൃകയാകയില്ലെ?
കിംഗ് എഡ്വേര്‍ഡിലെ കരിങ്കല്‍ ചുവരുകള്‍
ഉഷ്ണിക്കും ഈര്‍പത്തിന്നശ്രുതൂകി
മെയ്മാസച്ചൂടിലുരുകി നില്‍പൂ
ഒരുപാടുകാലം അവര്‍ കാത്തുസൂക്ഷിച്ച
ഒരു കിളി വിരമിച്ചു പറന്നുപോയി
ചിറകടിച്ചെങ്ങാണ്ടകന്നുപോയി
ഇന്ത്യക്കാരേ! പൂരുഷപൗരന്മാരേ!
ഏന്തിയൊഴുകുന്ന കണ്ണിര്‍ക്കിണറുകളാക്കിയൊ
നിങ്ങടെ കണ്ണുകളെ
അരുണതന്‍ ശോകാന്തദുഃഖാത്മിക?
കീറിമുറിഞ്ഞു ഹൃദന്തമെങ്കില്‍
ഉടനെഴുന്നേല്‍ക്കൂ വിളിച്ചുണര്‍ത്തൂ
ചത്തുകിടക്കുമീ രാഷ്ട്രത്തിന്‍ ചിത്തത്തെ
അന്ധതാമിസ്രമാം സൂകരനിദ്രയില്‍
കൂര്‍ക്കം വലിക്കുന്ന ഭാരതത്തെ
അരുണേ, നീ അവിരാമം വിശ്രമിക്കൂ!
നിന്‍റെ ദാരുണകഥയുമുറങ്ങിടട്ടെ
താങ്ങുവാന്‍ കെല്‍പ്പില്ല ഭാരതഭൂമിക്ക്
ഇനിയുമതിന്‍റെയൊരാവര്‍ത്തനം
(അരുണ മുംബൈ കിംഗ് എഡ്വേര്‍ഡ് ആസ്പത്രിയില്‍ ഒരു ട്രെയിനി നര്‍സായിരുന്നു. 1973 മെയ് മാസത്തില്‍ അവര്‍ക്കുമേല്‍ ഒരു വാര്‍ഡ് ബോയ് ബലാല്‍ക്കാരശ്രമം നടത്തി. ചേതനയറ്റ ജീവച്ഛവമായി 42 വര്‍ഷം കിടന്ന് 2015 മെയ് മാസം 19 ന് അവര്‍ ഇഹലോകവാസം വെടിഞ്ഞു. 1973ല്‍ ഞാന്‍ കിംഗ് എഡ്വേര്‍ഡ് ആസ്പത്രിക്കെതിരെ ഹാഫ്കിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു ജോലിക്കാരനായിരുന്നു. ഇക്കഴിഞ്ഞ മെയ് 19 അരുണയുടെ രണ്ടാം ചരമവാര്‍ഷികമായിരുന്നു.)