ആരുമില്ലാത്തവരിലൊരുത്തനാണ് വാണാക്കന്‍
മരത്തിലെ മാംസമാണാഹാരം
ആരുമില്ലാത്തൊരുത്തന്‍ ബുദ്ധന്റെയരികില്‍ നില്‍ക്കുന്നു
ബുദ്ധനോ ചിരിക്കുന്നു.
സമയമില്ല സമയമായില്ലെന്നു പറഞ്ഞൊരുത്തന്‍ നടക്കുന്നു
സമയം നോക്കി കിടക്കുന്നു കൈകാല്‍ മുറിഞ്ഞ വേശ്യയും
ഭൂമിയെ പിളര്‍ത്താനൊരുത്തനൊരുമ്പെടുന്നു
കണ്ണേ മടങ്ങാനവനെന്നോടു പറയുന്നു
വീണപൂവിന്റെ ജാതി തിരക്കന്നൊരുത്തന്‍
വീണിടത്തുറങ്ങുന്നവന്റമ്മയും പെങ്ങളും
ആരുമില്ലാത്തീശ്വരന്‍ അവതരിച്ചു നില്‍ക്കുന്നു
ഇഹലോകവാസികള്‍ കുമ്പിട്ടു നില്‍ക്കുന്നു
ആരുമില്ലാത്തഞ്ചുപേര് ചേര്‍ന്നു നടക്കുന്നു
വെളുത്ത നായ പിന്നാലെ നടക്കുന്നു
ആരുമില്ലാത്തവരുടെ ഇരുണ്ടദൈവങ്ങള്‍
ഇരുട്ടിനെപ്പേടിച്ചു നില്‍ക്കുന്നു
ഉരുള്‍പൊട്ടലിനെ കാതോര്ത്തിരിക്കുന്നു
ആരുമില്ലാതെയായൊരുവള്‍
അകത്തും പുറത്തും ആളെത്തിക്കുന്നു
ആരുമില്ല, ആരുമില്ല എന്നു പറഞ്ഞു നീങ്ങുന്ന
മിത്രം ഇതുവരെ കരയാന്‍ പഠിച്ചവന്‍ അയിരുന്നില്ല
ആരുമില്ലാത്ത ഭ്രാന്തന്റെ വീട്ടില്‍
താക്കോല് തിരയുന്ന അമ്മ,
മകനെ പൂട്ടിയിട്ടിട്ടു വേണം വേലയ്ക്കു പോകുവാന്‍
ഇരുട്ടില്‍ നടക്കുന്നൊരുത്തി,
ആരെങ്കിലുമാകാന്‍ കഴിയാത്തവള്‍
ചുറ്റിനും നോക്കുന്നു, കുഞ്ഞിന്റെ വാപൊത്തി പിടിച്ചിട്ടുണ്ട്
അമ്മത്തൊട്ടില്‍ ദൂരത്തു കാണുന്നു
ആരുമില്ലാത്തവന്റെയും അവളുടെയും
ദേഹത്തിരമ്പുന്നു നീലപ്പുഴുക്കള്‍
കൈകാല്‍ മുറിച്ചിട്ടിരിക്കുന്നു ഇരുമ്പുപാളങ്ങള്‍
സൃഷ്ടി നടത്തിയ സ്രഷ്ടാവ് പറയുന്നു
ആരുമില്ലാത്തവനാണാത്മബന്ധു ഒടുവില്‍
എനിക്കാരുമില്ലെന്ന് ഞാനറിഞ്ഞീടുന്നു
എന്റെ ആള്‍ക്കാരെല്ലാം ഒളിഞ്ഞുനില്‍ക്കുന്നരികിലും അകലെയും
സമയമാകുമ്പോള്‍ മരണത്തിന്റെ വാതില്‍
തുറന്ന് ഒരു പുഞ്ചിരിയോടെ ഞാന്‍ പോകും
ആരുമില്ലാത്ത എന്റെ അവസാനവരിയാണിത്.
Click this button or press Ctrl+G to toggle between Malayalam and English