ആർട്ടിക്കിൾ 21 …

man-shadow-secret1

അർധരാത്രിയായി…

പന്ത്രണ്ടടിക്കുന്ന ജാരന്റെ ശബ്ദമാണെന്നെ ഉണർത്തിയത് ..
ചുമരിലുള്ള എന്റെ ഘടികാരം …
അവന്റെ ബലിഷ്ഠമായ കറുത്തകരങ്ങൾ ,ഇരുമ്പു ചുറ്റിക കൊണ്ടടിക്കുമ്പോഴാണ്
ഞാനുണരുന്നത് …
അതവിടുന്നു മാറ്റാൻ അദ്ദേഹം എന്നോട് ഒരുപാടു തവണ പറഞ്ഞിട്ടുണ്ട് .പലപ്പോഴും ഞെട്ടിയുണരുകയാണത്രെ …
ഞാനുണരുന്നതും ഈ ശബ്ദത്തോടൊപ്പമാണെന്ന് അദ്ദേഹത്തോട് പറയണമെന്ന് തോന്നി . അലങ്കാരധ്വനികൾ ശ്രവിക്കാനാവുന്ന കാതുകളല്ലാത്തതിനാൽ ആ സാഹസത്തിനു മുതിർന്നില്ല ….

ഇത്തവണ അദ്ദേഹം എഴുന്നേറ്റിട്ടില്ല.ഒരു മുരൾച്ചയോടെ തിരിഞ്ഞു കിടന്നു വീണ്ടും കൂർക്കം വലിക്കാൻ തുടങ്ങിയിരിക്കുന്നു …
ഒരുവ്യാഴവട്ടം തവണ തന്റെ അലർച്ച പൂർത്തീകരിച്ച ജാരൻ വിശ്രമത്തിലാണ് .
ഇപ്പോൾ മുറിയിൽ കൂർക്കം വലിയും ഇരുട്ടും മാത്രം .

ഇടയ്ക്കിടെ മിന്നി തെളിയുന്ന മിന്നൽ വെളിച്ചത്തിൽ ഞാനീ മുറിയിൽ എന്നെ ഒന്നുകൂടി പരതി നോക്കട്ടെ .കട്ടിലിനടിയിൽ തകരപ്പെട്ടിയിൽ ഉറങ്ങുന്ന ബാല്യ-കൗമാരങ്ങൾ .തട്ടവും പട്ടു പാവാടയും അണിഞ്ഞിരുന്ന , വെളുത്തു മെലിഞ്ഞ, അത്ര സുന്ദരിയല്ലാത്ത അവളുടെ പുസ്തകങ്ങളായിരുന്നു അവയിൽ നിറയെ .ഇനിയും എഴുതി നിറക്കാനാവാതെ പാതി വഴിയിൽ ഉപേക്ഷിച്ചുപോയ അവളുടെ സ്വപ്‌നങ്ങൾ കുത്തികുറിച്ചിരിക്കുന്ന പുസ്തകത്താളുകൾ .

മനുസ്മൃതികളുടെ ആദ്യപാഠങ്ങൾ നിറച്ചു വച്ച പിറന്ന വീടിന്റെ അകത്തളങ്ങൾ.മദ്രസയും തട്ടമിട്ട പെൺകുട്ടിയും ..ഇരുണ്ട ഇടനാഴികളും വെളിച്ചം കടക്കാത്ത കുടുസ്സുമുറികളും ,അകം ശാന്തമായിരുന്നു .തൊടികളിൽ പൂമ്പാറ്റകളോടൊത്തു ഓടിക്കളിച്ചിരുന്ന സമയത്തു പാവാടയിൽ എപ്പോഴാണ് ചുവപ്പു തുള്ളികൾ പടർന്നത് എന്നോർമ്മയില്ല .അതോടെ
ശാസനകളുടെയും കല്പനകളുടെയും പെരുമ്പറകൾ മുഴങ്ങുകയായി .
ഉമ്മയും അമ്മായിയും നൽകിയ പുതിയ നിയമാവലി പ്രകാരം
“അവൻ ” ശത്രുവായി ,തൊടികളും കളികളും വിലക്കപ്പെട്ട കനികളായി. ഇരിപ്പിലും നടത്തത്തിലും പുതിയ രീതികൾ …
ഞാനാകെ മാറുകയായിരുന്നു .. എവിടൊക്കെയോ ..
മരങ്ങളെയും കിളികളെയും നോക്കി നടന്നിരുന്ന സ്‌കൂൾ വഴികളിലൂടെ ചരല്‍മണ്ണിൽ മാത്രം നോട്ടമിട്ടു നടക്കാൻ ശീലിച്ചു .
പുസ്തകങ്ങൾ മാറു മറക്കാനുള്ള മൂന്നാം ഉപാധിയായതും ,പലരിൽ നിന്നും അകലാൻ ശ്രമിച്ചതും കിനാവുകളുടെ നിറം മാറാൻ തുടങ്ങിയതുമെല്ലാം… എന്റെ കട്ടിലിനടിയിൽ പുസ്തകക്കെട്ടുകളിൽ ഞാൻ സൂക്ഷിച്ചിട്ടുണ്ട് .എന്റെ ബാല്യ കൗമാരങ്ങൾ അക്ഷരങ്ങളായി ..

മഴ ശക്തിയാർജ്ജിക്കുന്നു ..
ജാലകത്തിനപ്പുറം വർഷം പെയ്തിറങ്ങുന്നത് ഓര്‍മകളിലേക്കാണ്
മഴനൂൽ നനവുള്ള നനുത്ത ബാല്യ കൗമാരങ്ങളിലേക്ക് …
ജാരനെ നോക്കി കണ്ണിറുക്കി , കൂർക്കംവലിക്കാരനെ ഉണർത്താതെ എഴുന്നേറ്റു ജാലകത്തിനരികിലെത്തി . എനിക്കായ് ശബ്ദമില്ലാതെ അവ മലർക്കെ തുറക്കപ്പെട്ടു .
ഗാഢമായി പുണർന്നുകൊണ്ടാണ് അവൻ എന്നെ വരവേറ്റത് .
ആസക്തി പൂണ്ട അവൻ എന്നെ ചുംബനങ്ങൾ കൊണ്ട് മൂടി..
അനങ്ങാനാവാതെ ഞാൻ നിന്നു.. എന്നെ പൂർണമായും വിട്ടുകൊടുത്തുകൊണ്ട് … അവന്റെ ഭോഗം മണിക്കൂറുകൾ നീണ്ടുനിൽക്കുമായിരുന്നു പണ്ട് .പട്ടുപാവാടയിട്ട കൗമാരക്കാരിയെ മണിക്കൂറുകളോളം അവൻ ഭോഗിക്കുമായിരുന്നു .അവൾ വരാതിരിക്കുമ്പോഴെല്ലാം അവളുടെ ജാലകങ്ങളിൽ തലതല്ലി അവൻ കരയുമായിരുന്നു .
പക്ഷെ ഇന്നവൻ മിനിറ്റുകൾക്കുള്ളിൽ വിടവാങ്ങുകയാണെന്നു തോന്നുന്നു .സംതൃപ്തമല്ലാത്ത ഭോഗത്തിന്റെ നിരാശയിൽ അവനോടു ചേർന്നുനിന്നെങ്കിലും അവൻ വിടവാങ്ങി..

നൂല് പൊട്ടിയ പട്ടം പോലെയായിരുന്നു എന്റെ ആത്മാവ് …
മേഘങ്ങൾക്കിടയിലൂടെ പറക്കാൻ കൊതിച്ച ഞാൻ ഞെട്ടറ്റു മണ്ണിലേക്ക് പതിക്കുന്ന തളിരിലയാകാൻ നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ ..
സ്‌കൂൾ വിട്ടു വന്ന എന്നെ സാകൂതം വീക്ഷിക്കുന്ന കുറെ സ്ത്രീകളും മുറ്റത്തു വാഹനങ്ങളും .മുടി ചീകി പൗഡറിട്ട് അവരുടെ മുന്നിൽ എന്നെ നിർത്തുമ്പോൾ ഉമ്മ എന്റെ കയ്യിൽ നിന്നും പിടിച്ചു വാങ്ങിയ ബാഗിൽ എന്റെ പഠനവും സ്വപ്നങ്ങളുമായിരുന്നു.കയ്യിലെ മിട്ടായി കവർ നോക്കി ഞാൻ ഉമ്മറപ്പടിമേൽ ഇരുന്നു
മുകളിലേക്ക് നോക്കുമ്പോൾ മേഘങ്ങൾ എന്നെക്കൂടാതെ യാത്ര ചെയ്യുന്നു .അകലങ്ങളിലേക്ക് ….
ആത്മാവിനൊരു ചിറകുണ്ടായിരുന്നെങ്കിൽ ..
ആ ദേശാടനക്കിളികൾക്കൊപ്പം എനിക്കും പറക്കാമായിരുന്നു..

എവിടെ മുതലാണ് എന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടാൻ തുടങ്ങിയത് ..?
ഒരുപക്ഷെ പ്രസവമുറിയിൽ നിന്നും കൈക്കുഞ്ഞുമായി വന്ന നഴ്‌സിന്റെ ആദ്യ വാക്കുകൾക്ക് കാതോർത്തിരുന്നവരിൽ നിന്നും പിന്നീടുയർന്നത് നിരാശയുടെ മൂളലുകളും കനത്ത നിശബ്ദദയും ആയിരിക്കണം ..മൂന്നാമതും പെൺബീജം മേൽക്കോയ്മ കൈവരിച്ച ഉമ്മയുടെ ഗർഭപാത്രം പോലും വിമര്ശനവിധേയമായിരിക്കണം ആ സമയങ്ങളിൽ ..

ഈ മുറിക്കുള്ളിൽ ഇപ്പോഴും നിശബ്ദദയാണ് .മണിക്കൂറുകൾ നീളുന്ന നിശബ്ദത താങ്ങാനാവാതെയാണ് ഞാനീ ജാരനെ കൊണ്ടുവന്നത് .ആഞ്ഞടിക്കുന്ന ചുറ്റിക നാലുചുവരുകളിൽ തട്ടി എന്നെ പ്രകമ്പനം കൊള്ളിക്കുന്നു .വല്ലപ്പോഴും പുറത്തിറങ്ങാൻ അവസരം കിട്ടുമ്പോൾ പുതക്കാനുള്ള കറുത്ത വസ്ത്രം അയയിൽ വിശ്രമിക്കുന്നു .അർദ്ധരാത്രികളിലാണ് എന്റെ മുറി ശബ്ദായമാനമാകുന്നത് .എന്റെ ബാല്യം കട്ടിലിനു ചുറ്റിലെ ട്രങ്ക് പെട്ടി തുറന്ന് എന്റെ എഴുത്തുകൾ ഉറക്കെ വായിക്കുന്നു .മുറിയിലെ അരണ്ടവെളിച്ചത്തിൽ ഹോക്കി കളിക്കുന്ന എന്റെ കൗമാരം ഗ്യാലറികളിൽ ആർപ്പുവിളികൾ ഏറ്റുവാങ്ങിക്കൊണ്ട് മുന്നോട്ടു കുതിക്കുമ്പോൾ ചിലങ്കയണിഞ്ഞ യൗവനം നൃത്തം ചെയ്യുകയാണ് .ഇന്നിന്റെ ഞാനാകട്ടെ എന്റെ ഏറ്റവും ഇഷ്ടമുള്ള വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടു ,സുന്ദരിയാവാനുള്ള ചമയങ്ങളണിഞ്ഞുകൊണ്ടു ജാരനെ നോക്കി കണ്ണിറുക്കുന്നു .അവൻ മാത്രമേ എന്നെ ഇങ്ങനെ കണ്ടിട്ടുള്ളൂ .. ഒരുപക്ഷെ കമിഴ്ന്നുറങ്ങുന്ന ഈ രോമാവൃതമായ മേനിയുള്ളവൻ പോലും …!!

ബാല്യത്തിന് നഷ്ടമായത് കുഞ്ഞെഴുത്തുകളും,നുറുങ്ങുകഥകളും നിറഞ്ഞ വീടിനടുത്തുള്ള ലൈബ്രറിയാണെങ്കിൽ ,കൗമാരത്തിനത് ഹോക്കിവടികളുമായി മിന്നൽപിണർ നടത്തുന്ന കളിക്കാരിയെയും ..
ഒരിക്കലും നടക്കാതെ പോയ നൃത്തപഠനം ,കൗമാരത്തിൽ ചെന്നെത്തിയ പുതിയ വീടിന്റെ അടുക്കളയിൽ കരിപിടിച് കിടന്നു ..
ഇഷ്ട വസ്ത്രങ്ങളുടെ മുകളിൽ പിന്നീടെപ്പോഴോ കറുത്ത കരിമ്പടം പുതയ്ക്കപ്പെട്ടു .അതിനുള്ളിലെ ചതുരത്തിലൂടെ ലോകം കാണാൻ തുടങ്ങി .വെറും കണ്ണുകളായി മാത്രം ലോകത്തിനു മുന്നിൽ ഞാനും .

ഇപ്പോൾ ഞങ്ങൾ നാലുപേരും കൂടി ജാരന്റെ കയ്യിൽ നിന്നും നീതിന്യായ വ്യവസ്ഥയുടെ ആയുധമായ ചുറ്റിക പിടിച്ചു വാങ്ങാനുള്ള ശ്രമത്തിലാണ് .എന്നിലെ, ഞങ്ങൾക്ക് നഷ്‌ടമായ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിളുകൾ തെരഞ്ഞു പിടിക്കണം
ചുറ്റികയുമായി സമൂഹത്തെ ആഞ്ഞടിക്കണം …
പിളരണം …

വീണ്ടും ജാരന്റെ ശബ്ദം മുഴങ്ങുന്നു .. ഇത്തവണ ഒന്നു മാത്രം ..
അയയിൽ കറുത്ത വസ്ത്രം ഇളകിയാടാൻ തുടങ്ങി …
ഒരു പക്ഷെ അടുത്ത മഴയ്ക്കുള്ള ലക്ഷണമാവാം …
ജനലുകൾ അടയ്ക്കണം .ഇല്ലെങ്കിൽ ചീറ്റൽ അടിക്കും ..
അദ്ദേഹം ഉണരും …

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleപെങ്ങൾ
Next articleസ്നേഹപൂർവ്വം നികിത
നിശാന്ത് .കെ മലപ്പുറം ജില്ലയിലെ ചുങ്കത്തറ എന്ന പ്രദേശത്ത് 1982 ഏപ്രിൽ 6 ന് ജനനം.പിതാവ് കൂത്രാടൻ ഉസ്മാൻ ,മാതാവ് സൗദാബി. എഴുത്തിനോട് ചെറുപ്പം മുതലേ അഭിനിവേശം. ബിരുദാനന്തര ബിരുദത്തിനു ശേഷം പാരലൽ കോളേജ് ,പ്രൈവറ് സ്‌കൂൾ തുടങ്ങിയവയിൽ അധ്യാപക ജോലി .ഇപ്പോൾ യൂണിമണി ഫിനാൻഷ്യൽ സെർവീസസിൽ ബ്രാഞ്ച് മാനേജർ ആയി ജോലി ചെയ്യുന്നു. "ഫത്തേ ദർവാസാ ,ജീവിതം മുഴങ്ങുന്നിടം" എന്ന പേരിൽ ഒരു ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട് . ഭാര്യ റൈഹാനത്ത് ,മക്കൾ അനഘ ,ആദി

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here