പാലക്കാട് പുസ്തക പ്രകാശന ചടങ്ങുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ മോഹനിയാട്ട കച്ചേരിയ്ക്കിടെയുണ്ടായ ദുരനുഭവം പങ്കുവെച്ച് നര്‍ത്തകി നീന പ്രസാദ്. പാലക്കാട് മൊയിന്‍ എല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയ്ക്കിടെയാണ് മോഹനിയാട്ട കച്ചേരിയ്ക്ക് അപ്രതീക്ഷിത വിലക്ക് വരുന്നത്. എട്ടു മണിക്ക് ആരംഭിച്ച കച്ചേരിയില്‍ രണ്ടാമത്തെ ഇനം അവസാനിപ്പിച്ചപ്പോള്‍ ഇനി തുടര്‍ന്ന് അവതരിപ്പിക്കുവാന്‍ പറ്റില്ല എന്ന് പോലീസ് അറിയിക്കുകയായിരുന്നു.
ശബ്ദം ശല്യമാകുന്നതിനാല്‍ പരിപാടി ഉടന്‍ നിര്‍ത്തണമെന്ന് ഡിസ്ട്രിക്ട് ജഡ്ജ് കലാം പാഷയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു പൊലീസ് നിര്‍ദേശം. തുടര്‍ന്ന് ഒരു ഉച്ചഭാഷിണിയില്‍ ശബ്ദം വളരെ കുറച്ചു വച്ചുകൊണ്ട് നിരാശയും വേദനയും നിയന്ത്രിച്ച് പരിപാടി അവസാനിപ്പിക്കുകയായിരുന്നെന്ന് നീന പ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്‌ക്കാരിക കലാ പ്രവര്‍ത്തകരുടെ നേര്‍ക്കുളള അപമര്യാദയായേ ഇത്തരം നടപടികളെ കാണാന്‍ കഴിയൂ എന്നും അവര്‍ പറയുന്നു. നീതിരഹിതവും അനൗചിത്യപരവുമായ വ്യക്തിഗത ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ചാണോ കലാകാരന്‍മാര്‍ കലാപരിപാടികള്‍ നടത്തേണ്ടതെന്നും നീന പ്രസാദ് ചോദിച്ചു.
പരിപാടി നിര്‍ത്തിവയ്ക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കല്‍പ്പിച്ചതായുള്ള അറിയിപ്പ് വളരെ ദുഃഖമുണ്ടാക്കിയതായി നീന കുറിച്ചു. അതേസമയം ഡിസ്ട്രിക്ട് ജഡ്ജിയുടെ നടപടിയ്‌ക്കെതിരെ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി രംഗത്തെത്തി. നീനാ പ്രസാദ് അവതരിപ്പിച്ച നൃത്തപരിപാടി തടസ്സപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നതായി സംസ്ഥാന കമ്മിറ്റി അറിയിച്ചു.