ഖാസിം സുലൈമാനി വധം : ട്രംപിന് അറസ്റ്റ് വാറന്റ്

 

 

 

വാഷിംഗ്‌ടൺ ഡി. സി : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാന്‍. ഇറാനിയന്‍ കാമന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് വാറണ്ട്.

തെഹ്‌രാന്‍ പ്രോസിക്യൂട്ടര്‍ അലി അല്‍ഖാസിമര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനൊപ്പം സുലൈമാനിയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന 30 പേര്‍ക്കെതിരെയും കുറ്റം ചുമത്തുമെന്നും ഇദ്ദേഹം പറഞ്ഞു. കൊലപാതകക്കുറ്റവും തീവ്രവാദക്കുറ്റവുമാണ് ഇവര്‍ക്കെതിരെ ചുമത്തുക എന്നും ഇദ്ദേഹം പറഞ്ഞു.

ട്രംപിന്റെ പ്രസിഡന്റ് കാലാവധി കഴിഞ്ഞാലും കേസില്‍ വിചാരണ നടത്തുമെന്നും പ്രസ്താവനയില്‍ പറയുന്നു. ട്രംപിനൊപ്പം കുറ്റം ചുമത്തുന്ന ബാക്കി 30 പേരെ പറ്റിയുള്ള വിവരം പുറത്തു വിട്ടിട്ടില്ല.

ട്രംപിന്റെ അറസ്റ്റിനായി അന്താരാഷ്ട്ര ക്രമിനല്‍ പൊലീസ് ഓര്‍ഗനൈസേഷനായ ഇന്റര്‍പോളിനോട് സഹായവും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഉന്നതരുടെ അറസ്റ്റിനായി ഇന്റര്‍പോള്‍ നല്‍കുന്ന റെഡ് നോട്ടീസ് നല്‍കണമെന്നാണ് ഇറാന്റെ ആവശ്യം.

ഇത്തരത്തില്‍ ഒരു അഭ്യര്‍ത്ഥന ലഭിച്ചാല്‍ ഇന്റര്‍പോള്‍ കമ്മിറ്റി യോഗം ചേരും. രാഷ്ട്രീയ പരമായ കാര്യങ്ങളില്‍ ഇടപെടാന്‍ ഇന്റര്‍പോളിന് അനുമതിയില്ലാത്തിനാല്‍ ഇറാന്റെ അഭ്യര്‍ത്ഥന ഇന്റര്‍പോള്‍ സ്വീകരിക്കാനിടയില്ല. ഇന്റര്‍പോള്‍ നോട്ടീസിന് അറസ്റ്റിനായി രാജ്യങ്ങളെ നിര്‍ബന്ധിക്കാന്‍ കഴിയില്ല. എന്നാല്‍ നേതാക്കളുടെ യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഇത് ഇടയാക്കും

2020 ജനുവരി മൂന്നിനാണ് ഇറാനിയന്‍ രഹസ്യ സേനാ കമാന്‍ഡറായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. ബാഗ്ദാദിലെ എയര്‍പോര്‍ട്ടിലേക്ക് യു.എസ് നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെടുന്നത്. സുലൈമാനിയുടെ കൊലപാതകത്തിന് പിന്നാലെ ഇറാന്‍ ഇറാഖിലെ അമേരിക്കന്‍ സൈനിക താവളത്തിനു നേരെ ആക്രമണം നടത്തിയിരുന്നു.

ഇറാന്റെ സൈനിക വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചയാളായിരുന്നു കൊല്ലപ്പെട്ട കമാന്‍ഡര്‍ സുലൈമാനി. 2011 ല്‍ സിറിയന്‍ ഭരണാധികാരി ബാഷര്‍ അല്‍ അസദിന് സൈനിക പിന്തുണ നല്‍കല്‍, ഇറാഖിലെ ഷിയ സഖ്യവുമായി കൈകോര്‍ക്കല്‍, ലെബനനിലെ ഹിസ്‌ബൊള്ള സേനയുമായുള്ള സൗഹൃദം തുടങ്ങി തന്ത്രപ്രധാനമായ സൈനിക നീക്കങ്ങളുടെ അമരക്കാരനുമായിരുന്നു സുലൈമാനി.

ഇറാന്‍ സേനയായ ഖുദ്‌സ് ഫോഴ്‌സിന്റെ തലപ്പത്തേക്ക് 1998 ലാണ് സുലൈമാനി വരുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഇറാന്റെ പശ്ചിമേഷ്യയിലുള്ള ദ്രുത വളര്‍ച്ചയില്‍ ഇസ്രഈലും സൗദി അറേബ്യയും ആശങ്കയിലായിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English