കുറിച്ചീടുവാ൯ വൈകിയൊരാ –
കവിതത൯ വരികളിലെങ്ങോ ,
അലന്കാരമായ് ചേര്‍ത്തൊരാ –
പദമായിരുന്നു നീ…
മുന്നിലെ കണ്ണാടിചില്ലില്‍-
തെളിയുന്നൊരാ പ്രതിബിംബത്തി൯ ,
നെറുകില്‍ അണിയാതെ പോയ –
സിന്ദൂരക്കുറിയായിരുന്നു നീ…
മുഴുവിപ്പിക്കുവാ൯ മറന്നൊരാ –
ചിത്രത്തിലെവിടെയൊ ,
വരച്ചുചേ൪ക്കാ൯ വിട്ടൊരാ വരത൯ –
പൂ൪ണ്ണതയായിരുന്നു നീ..
മഴവില്ലി൯ വ൪ണ്ണം വാരി –
വിതറുവാനാവാത്ത സ്വപ്നങ്ങളില്‍-
മറച്ചുവച്ചിരുന്നൊരാ –
മയില്പീലിത്തുണ്ടായിരുന്നു നീ…
അറിഞ്ഞതില്ല ഒരു വേളപോലും-
നീ…നീയെന്നതു പ്രണയമാണെന്നു …
എന്നില്‍ ഞാ൯ സ്വരുക്കൂട്ടിയ –
ജീവ സ്പന്ദമാണെന്നു …
അറിയുവാ൯ തുടങ്ങിയ നാളുതൊട്ടു –
നീയെ൯ അകലങ്ങള്‍ താണ്ടിയകന്നു .
വൈകിയറിഞ്ഞൊരാ സത്യത്തെ –
തിരികെ വിളിച്ചീടാനാവാത്തെ ,
വിരഹമെന്നൊരാ ശൂന്യത –
പടരുകയാണിന്നെന്നില്…