അറിവിന്‍റെ കറുത്ത പക്ഷത്ത്

 

 

 

 

 

 3000 ബി. സി. യിൽ ഗുജറാത്തിലെ സിന്ധിനും കച്ചിനും ഇടയിൽ സ്ഥിതി ചെയ്തിരുന്ന ഒരു നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ടെടുക്കുകയുണ്ടായി.നഗരത്തിന്‍റെ പേര് ദ്വാരക. ഉപജീവനമാർഗ്ഗം കൃഷിയും കാലിവളർത്തലും. അവസാനത്തെ വംശാധിപൻ കൃഷ്ണൻ. 

 കൃഷ്ണന്‍റെ കാലശേഷം യാദവവംശം പല ശാഖകളായി പിരിഞ്ഞു. സഞ്ചാരശീലരായ  യാദവന്മാർ ഭാരതത്തിന്‍റെ   തെക്കുപടിഞ്ഞാറ്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശകളിലേക്ക് കുടിയേറി. തെക്കുപടിഞ്ഞാറ് കടന്നവർ പുതിയ മേച്ചിൽ സ്ഥലങ്ങൾ അന്വേഷിച്ച് പശ്ചിമ സമുദ്ര തീരത്തിലൂടെ കൂടുതൽ തെക്കോട്ട് നീങ്ങി.ബി. സി. 1000 ആയപ്പോഴേക്കും അവർ കേരളത്തിന്‍റെ  വടക്കൻ പ്രദേശങ്ങളിൽ എത്തിച്ചേർന്നിരുന്നു എന്ന് അനുമാനിക്കാം. സംഘകാലത്ത് (ബി സി. 200 – എ. ഡി. 300) ‘മുല്ലൈ ‘ നിലങ്ങളിലെ  നിവാസികൾ ആയിരുന്ന ‘ആയന്മാ’രുടെ ദേവത ‘മായോൻ’ ആണ്. കൃഷ്ണൻ തന്നെയാണ് മായോൻ. മായൻ, മായക്കണ്ണൻ എന്നീ പേരുകൾ കൃഷ്ണന് ഇപ്പോഴും പ്രസിദ്ധമാണല്ലോ. തലവന്മാരെ ദൈവമായി ആരാധിക്കുക ഗോത്രവർഗ്ഗങ്ങളിൽ സാധാരണമായിരുന്നു. കൃഷ്ണൻ ആകട്ടെ ഒരു സാധാരണ നേതാവും ആയിരുന്നില്ല. അന്ന് നിലവിലുണ്ടായിരുന്ന സകല ദേവതാരാധനാസമ്പ്രദായങ്ങളേയും  നിഷേധിക്കുകയും അതുമൂലം ഉണ്ടാകും എന്ന് ജനങ്ങൾ ഭയപ്പെട്ട അനർത്ഥങ്ങളിൽ നിന്ന് ജനങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്തിട്ടുണ്ട് കൃഷ്ണൻ. നിലവിലുള്ള വിശ്വാസത്തെ തച്ചുടക്കുന്ന വിപ്ലവകാരി സമൂഹത്തിൽ പുതിയൊരു വിശ്വാസം  പ്രദാനം   ചെയ്യാൻ ബാധ്യസ്ഥനാണ്. കാരണം,  സമൂഹത്തിന്‍റെ  കെട്ടുറപ്പ് അതിന്‍റെ  വിശ്വാസത്തെ ആശ്രയിച്ചിരിക്കുന്നു എന്നതു തന്നെ. കലഹങ്ങളും കലാപങ്ങളും സമൂഹത്തെ ശിഥിലമാക്കും. കൃഷ്ണൻ അന്നത്തെ വ്യവസ്ഥിതിയെ അപ്പാടെ തിരസ്കരിക്കുക മാത്രമല്ല ഏകദൈവവിശ്വാസം എന്ന ആശയം തന്‍റെ  ജനങ്ങൾക്ക് പകർന്നു നൽകി, തന്‍റെ   കാലത്തോളം അവരെ സംരക്ഷിക്കുകയും ചെയ്തു. 

 കൃഷ്ണൻ ദേവതാരാധനയെ എതിർത്തിരുന്നു എന്നതിന്  ഗീതയിൽ തന്നെ തെളിവുകളുണ്ട്.

 “ത്രൈവിദ്യാ  മാം സോമാപാ  പൂത പാപായ 

യജ്ഞയ്രിഷ്ട്യം സ്വർഗ്ഗതിം പ്രാർത്ഥയന്തേ 

തേ പുണ്യമാസ്വാദ്യ സുരേന്ദ്രലോക-

മശ്നന്തി ദിവ്യാൻ ദിവിദേവഭോഗാൻ 

തേ  തം  ഭുക്ത്വാ സ്വർഗ്ഗലോകം വിശാലം 

ക്ഷീണേ പുണ്യേ മർത്ത്യലോകംവിശന്തി 

ഏവം ത്രയീധർമ്മമനുപ്രപന്നം 

ഗതാഗതം കാമകാമേ ലഭന്തേ “

( മൂന്നു വേദങ്ങൾ അറിയുന്നവരും സോമപാനം ചെയ്യുന്നവരും പാപം  നശിച്ചവരും ആയവർ യജ്ഞം ചെയ്തിട്ട് സ്വർഗ്ഗതിയെ  പ്രാർത്ഥിക്കുന്നു. അവർ യജ്ഞകർമ്മഫലം ആയ സുര ലോകത്തെ പ്രാപിച്ചിട്ട് ദേവ ഭോഗങ്ങളെ അനുഭവിക്കുന്നു. പുണ്യം നശിക്കുമ്പോൾ വീണ്ടും മർത്ത്യ ലോകത്തെ പ്രാപിക്കുന്നു. വീണ്ടും മൂന്ന് വേദത്തിനും ചേരുന്നതായ ധർമ്മത്തെ അനുഷ്ഠിക്കുന്നവരായി ഭോഗത്തെ ഇച്ഛിക്കുന്നവരായിട്ട് ജനനത്തെ പ്രാപിക്കുന്നു.

“യാന്തി ദേവവ്രതാൻ ദേവാൻ 

പിത്രൂൻ യാന്തി പിതൃവ്രതാ 

ഭൂതാനി യാന്തി ഭൂതേജ്യാ 

യാന്തിമദ്യാജിനോപിമാം “

 (ദേവന്മാരിൽ ഭക്തി ഉള്ളവർ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളിൽ ഭക്തിയുള്ളവർ പിതൃക്കളെയും. ഭൂതങ്ങളെ ആരാധിക്കുന്നവർ ഭൂതങ്ങളെ പ്രാപിക്കുന്നു. എന്നെ ആരാധിക്കുന്നവർ എന്നെയും)

എന്നീ ശ്ലോകങ്ങൾ ഉദാഹരണം. 

 ഇവിടെ “എന്നെ ആരാധിക്കുന്നവർ” എന്ന പദപ്രയോഗം ഒരു സ്വയംദൈവ പ്രതിഷ്ഠയല്ലേ എന്ന ആശങ്ക ഉണ്ടാക്കിയേക്കാം. പ്രപഞ്ചത്തിലെ ഓരോ അണുവും ബ്രഹ്മ പ്രകാശം  എന്ന പരംജ്യോതിസ്സിന്‍റെ  അംശമാണ്. സ്വയം പൂർണ്ണമല്ലാത്ത ഓരോ ചരാചരാംശവും അറിവിലൂടെ സ്വയം പൂർണ്ണത നേടുകയാണ്. തന്നെത്തന്നെ അറിയുന്നതാണ് അറിവ്. തന്നിൽത്തന്നെ സ്ഥിതിചെയ്യുന്ന അറിവിനെ സാക്ഷാത്കരിക്കാൻ പ്രപഞ്ചവസ്തുവിനെല്ലാം അധികാരവും അവസരവും ഉണ്ട്. അറിവ് താൻ തന്നെയാണ് എന്ന് അറിഞ്ഞു കഴിയുമ്പോൾ വിശ്വാസമർപ്പിക്കാൻ മറ്റൊരുപാധി ആവശ്യമില്ലാതെ ആകുന്നു.” അഹം ബ്രഹ്മാസ്മി” എന്നുപറയാൻ അപ്പോഴേ സാധിക്കൂ. ഭാരതീയമായ ഏകദൈവ വിശ്വാസത്തിന്‍റെ  കാതൽ ഇതാണ്. ഈ അറിവാണ് കൃഷ്ണൻ  തന്‍റെ വംശത്തിന് നൽകിയത്.

  ദേവൻ, പിതൃ , ഇത്യാദി ആരാധനാമൂർത്തികളെ നിഷേധിക്കുകയും ദൈവ സങ്കൽപത്തെ സ്വീകരിക്കുകയും ചെയ്യുന്നതിൽനിന്ന് ദേവനും  ദൈവവും രണ്ടാണെന്ന് മനസ്സിലാക്കാം. ആധ്യാത്മിക ഗുരുക്കന്മാരായ ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും ഉൾപ്പെടെയുള്ളവർ ഇതിന് വിശദീകരണം നൽകിയിട്ടുണ്ട്. അനവധി പരിണാമങ്ങൾക്കൊടുവിൽ മനുഷ്യശരീരം ലഭിക്കുന്ന ജീവന്  ആ ശരീരത്തിന്‍റെ കാലം കഴിയുന്നതിനു മുന്‍പേ പൂർണ്ണത പ്രാപിക്കാൻ കഴിയുന്നില്ല എങ്കിൽ മറ്റൊരു ജനനത്തിനായി കാത്തിരിക്കേണ്ടിവരും. ഇവർക്ക് അവരുടെ ജീവന്‍റെ  അവസ്ഥ അനുസരിച്ച് – ജീവിച്ചിരുന്നപ്പോൾ അവർ ചെയ്ത കർമങ്ങൾ അനുസരിച്ച്-  ദേവൻ, പിതൃ, മുതലായ സ്ഥാനങ്ങൾ കല്പിച്ചിട്ടുണ്ട്.  ജീവിതകാലത്ത് സാമാന്യജനങ്ങളുടെ  ആരാധനാ പാത്രങ്ങളാകുമാറ് വിശിഷ്ട വ്യക്തിത്വം കാഴ്ചവെച്ചവരായിരിക്കാം  ഇവർ. ഇവരുടെ അനുയായികൾ തങ്ങൾ സഞ്ചരിച്ച ഇടത്തെല്ലാം ഇവരുടെ പേരിൽ ആരാധനാലയങ്ങൾ സ്ഥാപിച്ചു. തങ്ങളുടെ ആചാര്യൻമാർ പ്രചരിപ്പിച്ച ആശയങ്ങൾ തങ്ങളിൽ നിന്ന് വിട്ടു പോകാതിരിക്കാനും ആ ആശയങ്ങളുടെ കീഴിൽ ഒരു സമൂഹമായി കെട്ടുറപ്പോടെ ജീവിക്കുവാനുമാണ് അവർ അങ്ങനെ ചെയ്തത്.

 എന്നാൽ അപൂർണ്ണമായ ജന്മങ്ങൾ നൽകുന്ന ആശയങ്ങളും അപൂർണ്ണമായിരിക്കും. ഒരു നിശ്ചിത കാലാവധി കഴിഞ്ഞാൽ അവയെല്ലാം മാറിയേ തീരൂ. കാലത്തിനു യോജിച്ച ധർമ്മം കണ്ടെടുക്കാൻ പുതിയ ജ്ഞാനി ജനിക്കണം. ആദിമ ഭാരതീയ സമൂഹങ്ങൾ തങ്ങളുടെ പരമ്പരയിൽ അതാതു കാലത്ത് ജനിക്കുന്ന ആചാര്യൻമാരുടെ മാർഗ്ഗനിർദ്ദേശമനുസരിച്ചാണ് ജീവിതം ക്രമപ്പെടുത്തിയിരുന്നത്. പിന്നീട് ആര്യ സംസ്കാരത്തിന്‍റെ  അധിനിവേശത്തോടെ വ്യവസ്ഥിതി മാറി.

  1400 ബി. സി. യിലെ ‘കാസിറ്റെ ‘ ലിഖിതങ്ങളും ബി. സി. 14ആം നൂറ്റാണ്ടിലെ ‘മിഥാനി ‘ ലിഖിതങ്ങളും ( ഇറാക്കിൽ നിന്ന്) അക്കാലത്ത് അവിടെ നിന്ന് ഒരു ജനസമൂഹം പടിഞ്ഞാറേക്ക് സഞ്ചരിച്ചു എന്നതിന് തെളിവ് നൽകുന്നുണ്ട്. ബി. സി. 1500ന് തൊട്ടുമുൻപാണ് ആര്യന്മാർ ഭാരതത്തിൽ എത്തിയതെന്ന് ചരിത്ര ഗവേഷകരും സമ്മതിക്കുന്നു. ഭാഷാശാസ്ത്രപരമായ കണ്ടെത്തലുകളും ഇറാൻ,  ഇറാക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ലഭിച്ച ചരിത്രാവശിഷ്ടങ്ങളും  ഋഗ്വേദത്തിലെ സൂക്തങ്ങളും തെളിവായി സ്വീകരിച്ചുകൊണ്ട് മധ്യേഷ്യയാണ്  ആര്യന്മാരുടെ മാതൃസ്ഥലം എന്ന് വില്യം ജോൺസ് കണ്ടെത്തുന്നു. മാക്സ്മുള്ളർ ഈ സിദ്ധാന്തത്തെ അംഗീകരിച്ചിട്ടുണ്ട്. ആർ. എസ്. ശർമ്മയും (Looking for the Aryans ) റോമില ഥാപ്പറും (Perennial Aryans ) കൂടുതൽ തെളിവുകൾ നിരത്തുന്നു.. ഇതുവരെ ഉണ്ടായിട്ടുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിൽ വൈദിക സംസ്കാരം ഇൻഡോ ആര്യൻ സംസ്കാരത്തിന്‍റെ    വ്യാപനമാണ് എന്ന നിഗമനത്തിലാണ് ചരിത്രകാരന്മാർ എത്തിയിരിക്കുന്നത്. ഭാരതീയ സംസ്കാരത്തെ ഇത് എങ്ങനെ സ്വാധീനിച്ചു എന്നതിനെക്കുറിച്ചാണ് ഇനി നമുക്ക് അന്വേഷിക്കാനുള്ളത്.

 കൃഷിയെ ആശ്രയിച്ചു കഴിയുന്ന ജനസമൂഹങ്ങളിൽ   ഭൂമിയുടെ അധിപനാണ് സമൂഹത്തിലെ പ്രമാണി. അതിനാൽ ഭൂമി കീഴടക്കുക എന്നാൽ  ഫലത്തിൽ സമൂഹത്തെ കീഴടക്കൽ  തന്നെയായിരുന്നു അക്കാലത്ത്. പക്ഷേ ആര്യൻ ഇവിടെ ആധിപത്യം സ്ഥാപിച്ചത് രക്തരൂഷിതമായ സമരങ്ങളിലൂടെ രാജ്യം വെട്ടിപ്പിടിച്ചു കൊണ്ടല്ല, മറിച്ച് സമൂഹത്തെ സ്വാധീനിച്ചു കൊണ്ടാണ്.

 ഭാരതത്തിലെ ആദിമനിവാസികളുടെ ലളിതമായ ആരാധനാക്രമങ്ങൾക്കു മേൽ  തങ്ങളുടെ വർണ്ണോജ്ജ്വലവും ആഡംബരപൂർണവുമായ താന്ത്രികവിധി ക്രമങ്ങളുടെ സ്വാധീനം സ്ഥാപിക്കാൻ ആര്യൻമാർക്ക് കഴിഞ്ഞു. അവരുടെ ഹോമങ്ങളിലും  മന്ത്രഘോഷത്തിലും ഭ്രമിച്ച ഇവിടത്തെ രാജാക്കന്മാർ ആര്യന്മാർക്ക് ആരാധനാലയങ്ങളിലെ പുരോഹിത സ്ഥാനം നൽകി. തങ്ങൾ ബ്രഹ്മജ്ഞാനം ലഭിച്ചവരാണ് എന്നും പൂജാവിധികളെക്കുറിച്ചുള്ള അറിവ്  തങ്ങൾക്കു മാത്രം അവകാശപ്പെട്ടതാണെന്നും  അതിനാൽ തങ്ങളാണ് സമൂഹത്തിലെ ഉന്നതശ്രേണി എന്നും രാജാക്കന്മാരെ വിശ്വസിപ്പിക്കാൻ ആര്യൻമാർക്ക് കഴിഞ്ഞു. രാജാവിന് ക്ഷത്രിയൻ എന്ന സ്ഥാനം കല്പിച്ചു കൊടുത്ത് ബ്രാഹ്മണന് തൊട്ടുതാഴെ പ്രതിഷ്ഠിച്ചു. ഉത്തമനായ ബ്രാഹ്മണന്‍റെ ഉപദേശപ്രകാരമാണ് രാജാവ് രാജ്യം ഭരിക്കേണ്ടത് എന്ന് വിധിച്ചു. ജന്മനാ ക്ഷത്രിയൻ അല്ലാത്തവൻ രാജ്യം ഭരിക്കാൻ യോഗ്യനല്ല എന്ന് വരുത്തിതീർക്കാനും  ക്രമേണ രാജ്യാവകാശം പാരമ്പര്യവഴിക്കാക്കിത്തീർക്കുവാനും ആര്യൻമാർക്ക് സാധിച്ചു. ഇങ്ങനെ രാജാവും ദൈവവും വരുതിയിലായിക്കഴിഞ്ഞതോടെ സമൂഹത്തിന്‍റെ  നിയന്ത്രണവും ആര്യന്‍റെ  കൈകളിലായി. ക്ഷേത്ര ജോലികൾ നിർവഹിച്ചിരുന്ന,  സംഗീതനൃത്താദി  കലകളെ ഉപാസിച്ചിരുന്ന സ്ത്രീകളെ ‘തേവർ അടിച്ചി ‘കളായി – ദേവദാസികൾ ആയി – ഭാരതം ബഹുമാനിച്ചിരുന്നു. ഇതാണ് യഥാർത്ഥത്തിൽ ദേവദാസി സമ്പ്രദായം. ക്ഷേത്രത്തിന്‍റെയും  ദൈവത്തിന്‍റെയും  അധികാരി പുരോഹിതൻ  ആയതോടെ ഈ സ്ത്രീകളും പുരോഹിതന്‍റെ  ഭരണത്തിൻ കീഴിലായി. ദേവദാസി സമ്പ്രദായം അധപതിച്ചത് ഇങ്ങനെയാണ്. മരിച്ചുപോയ ആചാര്യന്മാർ യഥാർത്ഥത്തിൽ ആര്യദേവന്മാരായിരുന്നു എന്നു വരുത്താൻ ത്രിമൂർത്തി സമ്പ്രദായവും അവതാര കഥകളും ആവിഷ്കരിക്കുക കൂടി ചെയ്തതോടെ സമൂഹത്തിന്‍റെ  താഴെ തട്ടിലേക്ക് മാറ്റി നിർത്തപ്പെട്ടവരുടെ അവസാനത്തെ ആലംബവും നഷ്ടപ്പെട്ടു.

 പ്രപഞ്ചനിയന്താക്കളായി ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്ന് മൂന്ന് മൂർത്തികൾ ഉണ്ടെന്നും ഇവരാണ് പ്രപഞ്ചത്തിന്‍റെ  സൃഷ്ടി സ്ഥിതി സംഹാര കർത്താക്കൾ എന്നും ത്രിമൂർത്തി സമ്പ്രദായം പറയുന്നു. പ്രപഞ്ചത്തിന്‍റെ  നിലനിൽപ്പിനു വേണ്ട എല്ലാ കർമ്മങ്ങളും  ഇവരിലേക്ക് ആരോപിക്കുക വഴി ഇവരെ പ്രപഞ്ചത്തിന്‍റെ  സർവ്വാധികാരികളായി പ്രതിഷ്ഠിക്കാൻ ആര്യന്മാർക്ക് കഴിഞ്ഞു. ബ്രഹ്മാവ് എന്നാൽ ബ്രഹ്മം തന്നെയാണ് എന്ന് പ്രചരിപ്പിച്ചു. ബ്രഹ്മ പ്രകാശം,പരമാത്മാവ്, റൂഹ്,അള്ളാ,പരിശുദ്ധാത്മാവ്,എന്നിങ്ങനെ വിവിധ നാമങ്ങളിൽ അറിയപ്പെട്ടത് ഒരേയൊരു ദൈവ സങ്കൽപം  തന്നെയാണെന്ന് ഇന്ന് കാണുന്ന ജനതയ്ക്ക് വിശ്വസിക്കാനാവാതെ പോകുന്നതിന് ഈ സാംസ്കാരികാധിനിവേശനായകർ കാണിച്ച കുടിലതന്ത്രം ഒരു പ്രധാന കാരണമാണ്. കേവലം ഭാവന മാത്രമായ ത്രിമൂർത്തി സമ്പ്രദായത്തെ ചുറ്റിപ്പറ്റി കഥയും കവിതയും മെനഞ്ഞ്, ആട്ടവും പാട്ടും കാണിച്ച്, സാധാരണ ജനങ്ങളെ വഞ്ചിക്കാൻ ഇവർക്ക് സാധിച്ചു.സമൂഹത്തിൽ അസാമാന്യമായ വ്യക്തിവൈശിഷ്ട്യങ്ങൾ പ്രദർശിപ്പിച്ച ഏതൊരുവനും ഒന്നുകിൽ ബ്രാഹ്മണ ബീജം അല്ലെങ്കിൽ ത്രിമൂർത്തികളിൽ ആരുടെയെങ്കിലും അവതാരമെന്ന് പ്രചരിപ്പിക്കാനും ദൈവത്തിന്‍റെ  പ്രതിനിധികളായി സ്വയം ചമഞ്ഞ  പുരോഹിത വർഗ്ഗത്തിന് കഴിഞ്ഞു. ഇതോടെ  ലോകത്തിന് മൈത്രിയുടെയും സാഹോദര്യത്തിന്‍റെയും  സത്യത്തിന്‍റെയും സന്ദേശം പകർന്നു തന്ന ആചാര്യൻമാരുടെ അസ്ഥിത്വം  വെറും ഭാവനയായി മാറി.

  ഏറ്റവും കൃത്യതയോടെ ഗണിച്ചെടുത്ത ഒരു കാലഗണനാ സമ്പ്രദായമായിരുന്നു ഭാരതത്തിന്‍റേത്.അതിന് ഒരു പുരാവൃത്ത പരിവേഷം നൽകാനും അങ്ങനെ അതിനെ അന്ധവിശ്വാസങ്ങളുടെ ഭൂതഗണത്തിലേക്ക് തള്ളിമാറ്റാനും  ത്രിമൂർത്തി സങ്കൽപം എങ്ങനെ ഉപകരിച്ചു എന്ന് പരിശോധിക്കുക കൗതുകകരമായിരിക്കും.

 ഭാരതീയമായ കാലഗണനാ സമ്പ്രദായം ഇങ്ങനെയാണ്

 30 അൽപകാലം =   1ത്രുടി

 30 ത്രുടി = 1 കല

 30 കല= 1 കാഷു ( നിമിഷം, നൊടി, മാത്ര)

 4 നിമിഷം = 1 ഗണിതം

 10 ഗണിതം = 1 നെടുവീർപ്പ്

 60 നെടുവീർപ്പ് = 1 വിനാഴിക

 60 വിനാഴിക  = 1 നാഴിക(ഘടിക )

 60 നാഴിക = 1 ദിവസം

365 ദിവസം = 1 മനുഷ്യവർഷം

360 മനുഷ്യവർഷം = 1 ദിവ്യവർഷം (ദേവവർഷം)

12000 ദിവ്യവർഷം  = 1 ചതുർയുഗം

 ഒരു ചതുർയുഗത്തെ വീണ്ടും സത്യ (കൃത ),ത്രേതാ, ദ്വാപര,കലി എന്ന തിരിക്കുന്നുണ്ട്.

 സത്യയുഗം= 4200 ദിവ്യവർഷം

 ത്രേതായുഗം =  3600 ദിവ്യവർഷം

 ദ്വാപരയുഗം = 2400 ദിവ്യവർഷം

 കലിയുഗം =  1200 ദിവ്യവർഷം 

71 ചതുർയുഗം ആണ് ഒരു മന്വന്തരം. 14 മന്വന്തരം ഒരു കല്പം.

ഇങ്ങനെയാണ് ഭാരതീയമായ കാലഗണന സമ്പ്രദായത്തിന്‍റെ  വിടർച്ച. ഇതിനോട് ഒരു കല്പം എന്നാൽ ബ്രഹ്മാവിന്‍റെ   ഒരു പകൽ എന്നൊരു കണക്കുകൂടി ആര്യന്മാർ കൂട്ടിച്ചേർത്തു.ബ്രഹ്മാവ് ഒരു ഭാവനാസൃഷ്ടി മാത്രമാണെന്ന് മുൻപേ പ്രസ്താവിച്ചുവല്ലോ.ഭാവനയെ അടിസ്ഥാനപ്പെടുത്തിയുള്ള നിഗമനങ്ങൾക്ക് സത്യസന്ധത അവകാശപ്പെടാനാവില്ല.നമ്മുടെ കാലത്ത് സംഭവിച്ചത് ഈ അപകടമാണ്. നിലനിൽപ്പ് ഇല്ലാത്ത ഒന്നിൽ  അടിസ്ഥാനമുറപ്പിച്ചതു  മൂലം ഏറ്റവും സൂക്ഷ്മമായി ഗണിച്ചെടുത്തിട്ടുള്ള ഒരു കാലഗണനാ  സമ്പ്രദായത്തിന്‍റെ   വിശ്വാസ്യത നഷ്ടപ്പെട്ടു. ഇന്നിത് ജ്യോതിഷികൾ ഉപയോഗിക്കുന്നുണ്ട്.  ജ്യോതിഷം ശാസ്ത്രമാണ്. പക്ഷേ ദേവതാരാധനയും മൂർത്തി ഉപാസനയും നിഷ്കർഷയോടെ സ്വീകരിക്കുന്നതുകൊണ്ട്  കാലോചിതമായ ഗവേഷണ നിരീക്ഷണങ്ങള്‍ ഈ ശാസ്ത്രശാഖയിൽ സംഭവിച്ചില്ല. പ്രശ്നങ്ങളെയും  പ്രതിഭാസങ്ങളെയും  അവർക്ക് മുൻവിധിയോടെ സമീപിക്കേണ്ടി വരുന്നു. ഈ അസ്വാതന്ത്ര്യം ആ ശാസ്ത്രത്തിന്‍റെ  വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്തു.

  വൈദിക മതം ശൈവം,ശാക്തേയം,വൈഷ്ണവം എന്നീ മൂന്ന് മാർഗങ്ങളിലായാണ് വളർച്ച പ്രാപിച്ചത്. ഈ മതങ്ങൾ ഓരോന്നും അതാത് ശക്തികളെ ബ്രഹ്മ തുല്യമായി പ്രതിഷ്ഠിക്കാൻ  ശ്രമം നടത്തി. വൈഷ്ണവമതം വിഷ്ണുവിന് ദശാവതാരങ്ങളെ  കൽപ്പിച്ച് സകല ജ്ഞാനികളും വിഷ്ണുവിന്‍റെ  അംശാവതാരമാണെന്ന് വരുത്തി തീർത്തു. ശൈവമതമാകട്ടെ മഹാദേവന്‍റെ  ആജ്ഞ പ്രകാരം “ധർമ്മരക്ഷാർത്ഥം  വിഷ്ണു അവതാരങ്ങൾ സ്വീകരിക്കുന്നു എന്ന് പറഞ്ഞു.  ദശാവതാരങ്ങൾ ദേവിയുടെ കൈനഖങ്ങളിൽ  പ്രതിഫലിക്കുന്ന പ്രതിബിംബം ആണെന്ന് ശാക്തേയ മതം. ഇങ്ങനെ അഴിച്ചെടുക്കാൻ  അസാധ്യമാംവിധം കൂടിപ്പിണഞ്ഞു കിടക്കുന്ന അതിസങ്കീർണമായ വലക്കെട്ടായി മാറി ചരിത്രം.  ചരിത്രത്തിന്‍റെ  നിഗൂഢവൽക്കരണമായിരുന്നു ഇതിന്‍റെ  പരിണിതഫലം.

 സ്ഥിതികാരകനായ വിഷ്ണുവിന്‍റെ  അവതാരങ്ങളിൽ  കൃഷ്ണനെയും ചേർത്തു  വച്ചതോടെ ജനിച്ച് ജീവിച്ച് മരിച്ച ഒരു മനുഷ്യന്‍റെ  അസ്ഥിത്വം തന്നെ നിഴലിലായി. മാത്രമല്ല കൃഷ്ണൻ  നൽകിയ ഏകദൈവ വിശ്വാസമെന്ന അറിവിൽ നിന്ന് യാദവന്മാർ ബഹുദൂരം പിന്തള്ളപ്പെടുകയും ചെയ്തു. ‘വിഷ്ണു’ എന്ന പദത്തിന്‍റെ  അർത്ഥം “പ്രകാശരൂപേണ  വ്യാപിച്ചു നിൽക്കുന്നവൻ”  എന്നാണ്. ഈ അർഥത്തിൽ സകല ചരാചരവും വൈഷ്ണവാവതാരം  തന്നെ.  മുൻ പ്രസ്താവിച്ച ബ്രഹ്മ സങ്കല്പം തന്നെയാണ് ഇത്. എന്നാൽ പാൽക്കടൽശായിയും ലക്ഷ്മീകാന്തനുമായ വിഷ്ണു വൈദിക മതത്തിന്‍റെ  ഭാവന മാത്രമാണ്. കൃഷ്ണനെക്കുറിച്ചുള്ള കഥകളും ഭാവനാ സൃഷ്ടം തന്നെ. രാധാകാമുകനും ‘പതിനാറായിരത്തെട്ടിന്‍റെ  ഇടയനും’  ഒക്കെയായി കൃഷ്ണൻ ചിത്രീകരിക്കപ്പെട്ടു.ഈ ചിത്രങ്ങൾ കവികല്പിതമായ അതുല്യാർത്ഥങ്ങളുടെ ഉപരി ഘടന മാത്രമാണെന്ന് പണ്ഡിത വ്യാഖ്യാതാക്കൾ  പ്രസ്താവിക്കുന്നുണ്ട് . പക്ഷേ ഈ അറിവ് പാമരനു പകർന്നു നൽകാൻ അവർ തയ്യാറായില്ല.

                  ഭഗവാന് മുന്നിൽ ഭക്തൻ നവവധുവിനെ പോലെയാണ്. ഗോപിക ഭക്തന്‍റെ  സാദ്ധ്യവസായലക്ഷണയാണ്.  പ്രേമത്തിന്‍റെ  പരമരൂപമാണ്  ഭക്തി. “സാ  പരമ പ്രേമരൂപാ  ഭക്തി” എന്ന് നാരദഭക്തിസൂത്രം. പക്ഷേ അനഭിജ്ഞനായ മനുഷ്യന് ഈ നിഗൂഢ അർത്ഥങ്ങൾ അപ്രാപ്യമായിരുന്നു അക്കാലത്തു നടപ്പുണ്ടായിരുന്ന പ്രാകൃത ഭാഷകളിൽ നിന്ന് സംസ്കരിച്ചെടുത്ത നവീന ഭാഷയിലാണ് ആര്യൻ തന്‍റെ  വിജ്ഞാനം സൂക്ഷിച്ചത്.ആ ഭാഷയെ സാധാരണക്കാരിൽ നിന്ന് അകറ്റിനിർത്താൻ അവന് അക്ഷരാഭ്യാസം തന്നെ നിഷേധിക്കുവാനും ആര്യന് സാധിച്ചു. ആചാര്യന്‍റെ  ജീവിതചര്യയെ മാതൃകയാക്കി സ്വന്തം ജീവിതം ചിട്ടപ്പെടുത്തിയിരിക്കുന്ന അനുയായികൾ അദ്ദേഹത്തിന്‍റെ  ജീവിതം ഇങ്ങനെയാണെന്ന് ധരിച്ച് ബഹുഭാര്യത്വം സ്വീകരിച്ചുതുടങ്ങി.ദേവദാസി സമ്പ്രദായം പ്രചുര പ്രചാരത്തിലാവുകയും ദേവദാസിയുടെ അധികാരി   പുരോഹിതൻ മാത്രമല്ല രാജാവും സമൂഹത്തിലെ മറ്റു പ്രമാണിമാരും കൂടിയാണെന്ന് വരികയും ചെയ്തതോടെ സമൂഹത്തിൽ സ്ത്രീയുടെ ജീവിതത്തിന് യാതൊരു സുരക്ഷയും ഇല്ലാതെയായി.അതോടെ വീടിന്‍റെ  സമാധാനം തകർന്നു. കുടുംബത്തിന്‍റെ  തകർച്ച  സമൂഹത്തെയും ബാധിച്ചു. “അമ്മ ആദ്യ ഗുരുവാണ് ” എന്ന വിശ്വാസതത്വവും  സമൂഹത്തിന്‍റെ  സ്മരണയിൽ നിന്നുതന്നെ മാഞ്ഞുപോയി അറിവില്ലാത്ത അച്ഛനമ്മമാരുടെ മക്കളും  അറിവില്ലാത്തവരായിത്തീർന്നു. അറിവകന്ന  ഈ ജനവിഭാഗത്തെയാണ് വൈശ്യൻ എന്നും ശൂദ്രൻ എന്നും വേർതിരിച്ചത്.

 ശൈവ വൈഷ്ണവ ശാക്തേയ മതങ്ങളുടെ തമ്മിൽത്തല്ലും കലഹവും കൂടുതൽ കുഴപ്പങ്ങൾക്ക് ഇടയാക്കി.  അഴിഞ്ഞുലഞ്ഞു  കിടന്ന ഒരു സമൂഹത്തെ മതങ്ങളുടെ പേരിൽ വീണ്ടും വിഘടിപ്പിക്കുന്നതിൽ ഈ  സമരങ്ങൾ രാസത്വരകമായി പ്രവർത്തിച്ചു.  അനേകം ഗോത്രങ്ങൾ സഹസ്രാബ്ദങ്ങൾ കൊണ്ട് സഞ്ചയിച്ചെടുത്ത ബൃഹദ്‌  സംസ്കാരത്തിന്‍റെ  തകർച്ച ഇങ്ങനെ പൂർണമായി.

 ചതുർയുഗങ്ങളിൽ കലികാലം ഏറ്റവും നാശശക്തമാണെന്നതാണ് ഇന്ന് നമ്മുടെ വിശ്വാസം. എന്നാൽ ശൂദ്രന്  അവന്‍റെ  നഷ്ടപ്പെട്ട തേജസ്സ് വീണ്ടെടുക്കാനുള്ള അവസരമാണ് കലിയുഗം എന്നതാണ് സത്യം.  ശൂദ്രന്‍റെ  കാലത്തെ അവൻ തിരിച്ചറിഞ്ഞാൽ തങ്ങൾക്ക് സമൂഹത്തിലുള്ള ഉന്നതപദവികൾ നഷ്ടമാകും എന്ന ഭയത്താൽ ആര്യന്മാർ വെളിവാക്കാൻ  മടിച്ചതാണ് ഈ സത്യം.  ഹോമയാഗാദികൾ വിഫലമാവുന്ന കലിയുഗത്തിൽ മോക്ഷപ്രാപ്തിക്ക് നാമസങ്കീർത്തനം മതി എന്ന് മഹദ്ഗ്രന്ഥങ്ങൾ പറയുന്നുണ്ട്.വിഗ്രഹങ്ങളും പൂജാവിധികളും പ്രസക്തമല്ലാത്ത ഒരുകാലത്ത് പുരോഹിതന്മാർക്ക് അധികാരവും ഉണ്ടാവില്ലല്ലോ. എഴുത്തച്ഛനും പൂന്താനവും ഏറ്റവും ലളിതമായ ഭാഷയിൽ കലികാലത്തിന്‍റെ   പെരുമ പാടിയിട്ടുണ്ട്.

“പലതും പറഞ്ഞു പകൽ കളയുന്ന നാവു തവ

 തിരുനാമകീർത്തനമിതതിനായ് വരേണമിഹ

 കലിയായ കാലമിതിലതുകൊണ്ട് മോക്ഷഗതി

 എളുതെന്നു കേൾപ്പു ഹരി നാരായണായ നമഃ “

 എന്ന് ഹരിനാമകീർത്തനം.

 “യുഗം നാലിലും നല്ലൂ കലിയുഗം

 സുഖമേതന്നെ മുക്തിവരുത്തുവാൻ

 കലികാലത്തെ ഭാരതഖണ്ഡത്തെ

കലിതാദരം കൈവണങ്ങീടുന്നു

അതിൽ വന്നൊരു പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാൻ

യോഗ്യത വരുത്തീടുവാൻ തക്കൊരു

ഭാഗ്യം പോരാതെ പോയല്ലോ ദൈവമേ

 ഭാരതഖണ്ഡത്തിങ്കൽ പിറന്നൊരു

മാനുഷർക്കും കലിക്കും നമസ്കാരം”

എന്നു  ജ്ഞാനപ്പാന.

പുരാണ പാരായണങ്ങളും നവാഹങ്ങളും സപ്താഹങ്ങളും സത്രങ്ങളും ആഘോഷിച്ച്  പുണ്യഗ്രന്ഥങ്ങൾ ഗംഭീരമായി വ്യാഖ്യാനിച്ച് ആചാര്യപദത്തിലേറുന്നവർ ഈ കവിതാഭാഗങ്ങൾ എന്തു കൊണ്ടാണ് വ്യാഖ്യാനിക്കാത്തത്? ഹരിനാമകീർത്തനത്തിന്‍റെയോ ജ്ഞാനപ്പാനയുടെയോ രാഷ്ട്രീയം ഒരു വാർത്താചാനലിലും ചർച്ചയാവാത്തതെന്താണ്?

നമ്മുടെ കാലത്ത് വിവേകാനന്ദൻ, ചട്ടമ്പിസ്വാമികൾ, ശ്രീനാരായണഗുരു, തുടങ്ങി അനേകർ ആരാധനാരീതിയുടെയും ദൈവ സങ്കല്പത്തിന്‍റെ   തന്നെയും ഉണ്മയെപ്പറ്റി ബോധിപ്പിച്ചിട്ടുണ്ട്.പക്ഷേ അപ്പോഴേക്കും മുപ്പത്തിമുക്കോടി ദേവതകളും അതിലുമേറെ ജാതികളും മാത്രമാണ് ഭാരതീയ സംസ്കാരം എന്നു വിചാരിക്കത്തക്ക  രീതിയിൽ അത്രമേൽ കോളനിവൽക്കരിക്കപ്പെട്ടതായിത്തീർന്നിരുന്നു  നമ്മുടെ സംസ്കാരസ്മൃതി.  ഭാരതീയന് സംസ്കാരമുണ്ട്. ഇല്ലാത്തത് മതമാണ്.’ഹൈന്ദവത’ എന്ന സംജ്ഞ സംസ്കാരത്തിന്‍റേതാണ് മതത്തിന്‍റേതല്ല.

  ഹൈന്ദവ സംസ്കാരം എന്നാൽ വൈദിക സംസ്കാരം എന്നല്ല അർത്ഥം.ഈശ്വരാവതാരങ്ങളായി വാഴ്ത്തപ്പെട്ടവർ രാജാക്കന്മാരോ ഗോത്രത്തലവൻമാരോ ജ്ഞാനികളായ ആചാര്യന്മാരോ  ആയിരുന്നു.അവർ പ്രചരിപ്പിച്ചത് ഏകദൈവവിശ്വാസവും. ആശയത്തിന് പ്രചാരകന്മാരും വിശ്വാസികളും ഉണ്ടാകുമ്പോഴാണ് അത് മതമാകുന്നത്. ഭാരതീയ ആചാര്യന്മാർ പ്രചരിപ്പിച്ച ഏകദൈവവിശ്വാസം അതത് ഗോത്രങ്ങളിൽ സംസ്കാരം എന്ന രൂപത്തിലാണ് രൂഢമൂലമായത്. സഞ്ചരിച്ചിടത്തെല്ലാം  തന്നെ തങ്ങളുടെ സംസ്കാരം പകരുകയാണ് ഓരോ ഗോത്രവും  ചെയ്തത്.അനുകരണഭ്രമമാണ് അവർക്ക് അവരുടെ സംസ്കാരത്തെ നഷ്ടമാക്കിയത്. അവരുടെ സംസ്കാരകേന്ദ്രം തന്നെ അനുകരണത്തിന്‍റെ  മാസ്മര പ്രപഞ്ചത്തിലൊതുങ്ങിപ്പോയി.

  കേന്ദ്രം നഷ്ടപ്പെട്ട്  ശിഥിലമായ സമൂഹത്തെ,ചിതറിത്തെറിച്ച ലോകത്തെ,ഒരുമിച്ചു നിർത്താൻ കെല്പുള്ളതായിരുന്നു  മാർക്സിയൻ സമത്വദർശനം. എന്നാൽ ജനവിധി തേടി അധികാരത്തിൽവന്ന സമത്വവാദികൾ പോലും അധികാരലബ്ദ്ധിക്കു ശേഷം ഏകാധിപതികളായി മാറി. പ്രത്യയശാസ്ത്ര ബോധമില്ലാത്ത പാവപ്പെട്ടവൻ ഒരു ദുരന്ത കഥാപാത്രമായിത്തീർന്നു.  ഹിന്ദുത്വ വാദവുമായി വന്ന രാഷ്ട്ര സേവകർ ഹിന്ദുത്വത്തെ ഒരു സവിശേഷ സംസ്കാരമായി ഉൾക്കൊണ്ടിരുന്നു എങ്കിൽ അവർക്ക് ലോകത്തിന് ഒരു പുതിയ സംസ്കാര ദർശനം നൽകാൻ സാധിക്കുമായിരുന്നു. എന്നാൽ രണ്ടോമൂന്നോ നേതാക്കന്മാരിൽ മാത്രം ഒതുങ്ങിനിൽക്കുന്ന പൊതു സംസ്കാര ദർശനം അണികളിൽ എത്തുമ്പോഴേക്കും നായരും ഈഴവനും പുലയനും പറയനും ഒക്കെയായി ഭിന്നിച്ചു നിൽക്കുന്നു. അവർക്ക് ഹിന്ദുത്വം ഒരു വിശ്വപൗരന്‍റെ  സംസ്കാരദർശനമല്ല ആഭിജാത്യത്തിന്‍റെ    പൊന്നാടയാണ്.ഗാന്ധിജിയുടെ രാഷ്ട്രീയ ദർശനവും ഒരു രാമനാമത്തിന്‍റെ  ചട്ടക്കൂട്ടിലാണ്.യൂണിയൻ ജാക്ക് മടക്കിക്കെട്ടിയതോടെ കോൺഗ്രസ്സിന്‍റെ ദൗത്യം അവസാനിച്ചിരുന്നു.പിന്നീട് അധികാരക്കസേരയ്ക്കു വേണ്ടി അവർ കാട്ടിക്കൂട്ടിയ കോലാഹലം നമുക്ക് അറിവുള്ളതാണ്.അധികാരക്കൊതി തന്നെയാണ് ആ പ്രസ്ഥാനത്തിന്‍റെ  തകർച്ചയ്ക്ക് കാരണവും.

 ഭാരതത്തിന് ഇന്നാവശ്യം വ്യക്തമായ സാംസ്കാരികചരിത്രമാണ്.  സംസ്കാരം മനുഷ്യന്‍റെ  ഊർജ്ജ സ്രോതസ്സാണ്.  വസ്തുനിഷ്ഠമായ തെളിവുകളുടെ അലഭ്യത മനുഷ്യന്‍റെ  സംസ്കാര ബോധത്തെ സ്മരണകളും ഊഹങ്ങളും മാത്രമാക്കിത്തീർക്കുന്നു.കാലക്രമേണ ചരിത്രം തന്നെ നഷ്ടമാകുന്നു.  താൻ ആരായിരുന്നു, തനിക്ക് എന്തുണ്ടായിരുന്നു,എന്ന് തിരിച്ചറിയാൻ കഴിയാതിരിക്കുക ഒരു മനുഷ്യന്‍റെ  അടിമത്തത്തിലേക്കുള്ള ആദ്യത്തെ പതനമാണ്.സംസ്കാരം അന്യാധീനപ്പെടു  മ്പോഴാണ് സമൂഹത്തിന്‍റെ  പതനം പൂർത്തിയാകുന്നത്. അധികാരം ആഗ്രഹിച്ചെത്തുന്ന എല്ലാ ശക്തികളും പൂർണ വിജയം കൈവരിക്കുന്നത് പരോക്ഷമായ സംസ്കാര അധിനിവേശ ത്തിലൂടെയാണ് അതുകൊണ്ടുതന്നെ കളഞ്ഞുപോയ മനസ്സും മസ്തിഷ്കവും വീണ്ടെടുക്കുക എന്നതാവണം സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ കർത്തവ്യം. സ്വന്തം സംസ്കാരത്തിൽ വേരുകളാഴ്ത്തിക്കൊണ്ടുള്ള ഒരു നവീനദർശനം ഉരുവാക്കിയെടുക്കാൻ ഇന്നത്തെ ബുദ്ധിജീവിവർഗ്ഗം തയ്യാറാവുന്നില്ല. പാശ്ചാത്യ വ്യവസായത്തിന്‍റെ   കനപ്പെട്ട പാഠങ്ങളെ വികസ്വര രാജ്യത്തിന്‍റെ  അടിമ മനസ്സ് വികലമായി അനുസരിക്കുക മാത്രം ചെയ്യുന്നു.  ഇത് സമൂഹത്തോടുള്ള കടമ നിറവേറ്റലല്ല, മറിച്ച് സൊസൈറ്റിയുടെ ആർട്ട് ഗ്യാലറിയിൽ സ്വന്തം ചിത്രം പ്രതിഷ്ഠിച്ചു കിട്ടുന്നതിനുള്ള വ്യഗ്രത മാത്രമാണ്.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English