വാസ്തുഹാര അഥവാ അരവിന്ദൻ: ഒരു കുറിപ്പ്

 

ബഹുമുഖ പ്രതിഭയായിരുന്നു അരവിന്ദന്റെ സഫലമായ കലാജീവിതത്തെപ്പറ്റി സിനിമാ നിരീക്ഷകനായ ജിഗീഷ് കുമരന്റെ
കുറിപ്പ്

കടന്നുചെല്ലുമ്പോൾ സിനിമ തുടങ്ങിയിരുന്നു. ഒരു നാടകീയതയുമില്ലാത്ത മോഹൻലാൽ ഒരു സർക്കാരുദ്യോഗസ്ഥനായി ദ്വീപിലേക്കുള്ള അഭയാർത്ഥികളെ റിക്രൂട്ട് ചെയ്യുകയായിരുന്നു. നിസ്വരായ മനുഷ്യർ ഓരോരുത്തരായി വന്ന് ഓഫീസറെ തൊഴുതുവണങ്ങുകയും നാടുവിടുന്നതിനുള്ള അർഹത നേടുകയും ചെയ്തുകൊണ്ടിരുന്നു. നിവൃത്തിയില്ലായ്മ വാചാലമാക്കിയ മുഖങ്ങൾ. ഒരു മിനിറ്റുകൊണ്ട് സിനിമ മനസ്സിനെ കസ്റ്റഡിയിലെടുത്തു. അതാണ് അരവിന്ദൻ.

എഴുപതുകളിലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് കിഴക്കൻ ബംഗാളിൽ നിന്ന് ഓടിപ്പോകേണ്ടിവന്ന കുറെ പാവം മനുഷ്യർ. സി വി. ശ്രീരാമന്റെ ചെറുകഥയാണ് അവലംബം. സിനിമ കഥയുടെ ആത്മാവിൽ മാത്രമേ തൊടുന്നുള്ളു. ബാക്കി മുഴുവൻ ഫിലിംമേക്കറുടെ മനോധർമ്മവും സഹജാവബോധവുമാണ്. ഒന്നും വേണ്ട. ഈ സിനിമയിൽ മാത്രം നിങ്ങൾക്കു കാണാൻ കഴിയുന്ന മോഹൻലാലിന്റെ ആ ശരീരഭാഷയുണ്ടല്ലോ. അതുതന്നെ ഒരു സിനിമയാണ്.

ഡ്യൂട്ടിക്കിടയിൽ വേണുവെന്ന അയാൾ പരിചയപ്പെടുന്ന ആരതിയെന്ന വിധവ. വിഷാദം നിറഞ്ഞുകവിയുന്ന അവരുടെ കണ്ണുകൾ. വിപ്ലവകാരിയായ മകൾ ദമയന്തി. ഒളിവിൽ കഴിയുന്ന മകൻ. ആരതി തന്റെ അമ്മായിയാണെന്ന് അയാൾ മനസ്സിലാക്കുന്നതാണ് പ്രധാന ട്വിസ്റ്റ്. പിന്നെ ഓർമകളിൽ പുനർജ്ജനിക്കുന്ന കുഞ്ഞുണ്ണിയും ഭവാനി അമ്മായിയുടെ ഇരട്ടപ്രണയവും. കുഞ്ഞുണ്ണിയുടെ പ്രവാസവും അപ്രതീക്ഷിതമരണവും. അനാഥത്വത്തിന്റെ തീവ്രതയിലും തറവാട്ടുസ്വത്തുക്കൾ സ്വീകരിക്കാത്ത ആരതിയുടെ നിശ്ചയദാർഢ്യം. ഒടുവിൽ തുറമുഖത്ത് പുറപ്പെടാൻ തയ്യാറായിനിൽക്കുന്ന കപ്പലിന്റെ നിലയ്ക്കാത്ത മൂളൽ. വിടപറയുന്നതിനു മുൻപ് ഡെക്കിനു താഴെ നമ്മളെ ഞെട്ടിച്ചുകൊണ്ട് ദമയന്തിയുടെ പൊട്ടിക്കരച്ചിൽ. യാത്ര.

വാസ്തുഹാരയെന്നാൽ വസ്തു ഹരിക്കപ്പെട്ടവരുടെ കഥയാണല്ലോ. എന്നാൽ സിനിമ അതു മാത്രമല്ല. മനുഷ്യവംശത്തോടുള്ള തീരാത്ത അനുതാപം അതിന്റെ ഓരോ ഫ്രെയ്മിലും ഒട്ടിച്ചേർന്നിരിക്കുന്നു. അത് നിങ്ങളെ ആർദ്രതയുള്ളവരാക്കി മാറ്റുന്നു. കൽക്കത്തയുടെ തെരുവുകളും പഴയ കെട്ടിടങ്ങളും സംഗീതവും നിങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കളയുന്നു. അഥവാ സിനിമയുടെ മാജിക് കരഗതമായ ഒരാൾ സിനിമയെടുക്കുമ്പോൾ ഗഹനത എന്ന വാക്കിന്റെ അർത്ഥമെന്തെന്ന് നിങ്ങൾക്കു മനസ്സിലാകുന്നു. അരവിന്ദന്റെ ഏറ്റവും പാകതയുള്ള സൃഷ്ടിയേത് എന്ന ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾക്കു ലഭിക്കുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here